×

കോണ്‍ഗ്രസിന്റെ പാക് ബന്ധം; അരുണ്‍ ജയ്റ്റ്ലിയെ കളിയാക്കി ട്വീറ്റുമായി രാഹുല്‍

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് ഉള്‍പ്പടെയുള്ളവര്‍ക്കെതിരായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണത്തില്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി നല്‍കിയ വിശദീകരണത്തെ കളിയാക്കി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

പ്രധാനമന്ത്രി പറഞ്ഞത് ഇന്ത്യയെ ഓര്‍മിപ്പിച്ചതിനു ജയ്റ്റ്ലിക്കു നന്ദിപറഞ്ഞുകൊണ്ടാണ് രാഹുല്‍ ട്വീറ്റ് ചെയ്തത്. ഗുജറാത്തിലെ തെരഞ്ഞെടുപ്പ് റാലിയില്‍ നരേന്ദ്ര മോദി ഉയര്‍ത്തിയ ആരോപണങ്ങളുടെ വീഡിയോയും ബിജെപിലൈസ് എന്ന ഹാഷ്ടാഗില്‍ രാഹുല്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.

നേരത്തെ, മന്‍മോഹനെതിരായ മോദിയുടെ ആരോപണം വിഷയമാക്കി കോണ്‍ഗ്രസ് പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിഷേധം രൂക്ഷമാക്കിയതോടെ രാജ്യസഭയില്‍ കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലി വിശദീകരണം നല്‍കിയിരുന്നു. അര്‍ധക്ഷമാപണം പോലുള്ള വിശദീകരണത്തിനു മന്ത്രി തയാറായതോടെ സമവായം അംഗീകരിച്ച്‌ കോണ്‍ഗ്രസും പ്രതിഷേധത്തില്‍നിന്നു പിന്‍വാങ്ങി. ജയ്റ്റ്ലിക്കു പിന്നാലെ കോണ്‍ഗ്രസും സഭയില്‍ സമവായ പ്രസ്താവന നടത്തി.

പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രസംഗത്തില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനോ, മുന്‍ ഉപരാഷ്ട്രപതി ഡോ. ഹമീദ് അന്‍സാരിക്കോ രാജ്യത്തോടുള്ള പ്രതിബദ്ധതയെ ചോദ്യം ചെയ്യാന്‍ മുതിര്‍ന്നിട്ടില്ലെന്ന് ജയ്റ്റ്ലി പറഞ്ഞിരുന്നു. അവരെ അപമാനിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിച്ചിട്ടില്ല. അത്തരം ധാരണകള്‍ തെറ്റാണ്. ഈ നേതാക്കളെ ഞങ്ങള്‍ അങ്ങേയറ്റം ബഹുമാനിക്കുന്നു. അവരുടെ രാജ്യത്തോടുള്ള പ്രതിബന്ധതയിലും ആദരവാണുള്ളതെന്നുമാണ് അദ്ദേഹം പറഞ്ഞത്.

മണിശങ്കര്‍ അയ്യരുടെ വീട്ടില്‍ ചില കൂടിയാലോചനകള്‍ നടന്നതായി മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നത് നിങ്ങള്‍ ശ്രദ്ധിച്ചിരിക്കുമെന്നാണ് മോദി പറഞ്ഞത്. പാക്കിസ്ഥാന്‍ സ്ഥാനപതിയും പാക്കിസ്ഥാന്റെ മുന്‍ വിദേശകാര്യമന്ത്രിയും ഇന്ത്യയുടെ മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിഗും ഈ കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു. മൂന്നു മണിക്കൂറിലധികം സമയം ഇവര്‍ കൂടിയാലോചന നടത്തിയെന്നും മോദി ആരോപിച്ചിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top