×

ഓഖി: മോഡിയുടെ സന്ദര്‍ശനം തടയാന്‍ സര്‍ക്കാര്‍ ശ്രമിച്ചുവെന്ന ആരോപണം അടിസ്ഥാനരഹിതം

തിരുവനന്തപുരം: ഓഖി ദുരിത മേഖലകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി സന്ദര്‍ശിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ തടയാന്‍ ശ്രമിച്ചുവെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം തടയുന്നതിന് സര്‍ക്കാര്‍ തലത്തില്‍ ഇടപെടലുണ്ടായെന്ന് ബി.ജെ.പി നേതൃത്വം ആരോപിച്ചെന്ന് ചൂണ്ടിക്കാട്ടി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പ്രധാനമന്ത്രി കേരളം സന്ദര്‍ശിക്കുന്നുവെന്ന വിവരം 16നാണ് സംസ്ഥാന സര്‍ക്കാരിന് ലഭിക്കുന്നത്. ഡിസംബര്‍ 18,19 ദിവസങ്ങളില്‍ പ്രധാനമന്ത്രി കേരളം സന്ദര്‍ശിക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു അറിയിപ്പ്. എന്നാല്‍ അതില്‍ തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ സന്ദര്‍ശന സ്ഥലം വ്യക്തമാക്കിയിരുന്നില്ല.

പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ആദ്യം ലഭിച്ച കാര്യപരിപാടിയുടെ പട്ടികയില്‍ 18ന് കൊച്ചിയില്‍ എത്തുമെന്നും അവിടെ നിന്ന് ലക്ഷദ്വീപിലേക്കും പോകുമെന്നാണ് അറിയിച്ചിരുന്നത്. തുടര്‍ന്ന് 19ന് തിരുവനന്തപുരം സന്ദര്‍ശിക്കുമെന്നും പട്ടികയില്‍ ഉണ്ടായിരുന്നു. എന്നാല്‍ അവസാനം ലഭിച്ച പരിപാടി പ്രകാരം അതില്‍ മാറ്റം വരുത്തിയിരുന്നു. ഇന്നലെ മോഡി മംഗലൂരുവില്‍ എത്തിയിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെയാണ് ലക്ഷദ്വീപിലേക്ക് പോയത്. ലക്ഷദ്വീപിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം അദ്ദേഹം കേരളത്തില്‍ എത്തും.

പ്രധാനമന്ത്രിയുടെ ഓഫീസാണ് അദ്ദേഹത്തിന്റെ സന്ദര്‍ശനത്തിന്റെ കാര്യപാരിപാടി തയ്യാറാക്കുന്നത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനസ്ഥലമോ തീയതിയോ തീരുമാനിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് യാതെരു പങ്കും ഇല്ലെന്ന് സര്‍ക്കാര്‍ വിശദീകരണ കുറിപ്പില്‍ പറയുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top