×

അന്ന് മൂത്രപ്പുരയ്ക്ക് പിന്നില്‍ നിന്ന് കെട്ടിപ്പിടിച്ചവര്‍… ഇന്ന് കുട്ടികളെ കൗണ്‍സിലിംഗ് ചെയ്യുന്നു”,ശാരദക്കുട്ടി

ആലിംഗനം ചെയ്ത കുട്ടികളെ പുറത്താക്കുകയും അവരുടെ ഭാവി തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്ത സ്കൂള്‍ അധികൃതരെ പരിഹസിച്ച്‌ സാഹിത്യകാരി എസ് ശാരദക്കുട്ടി. സ്കൂള്‍ മാനേജ്മെന്റിന്റെ ശുദ്ധ പോക്രിത്തരത്തെ പരിഹസിക്കാന്‍ തന്റെ കുട്ടിക്കാലത്തെ ഒരു അനുഭവമാണ് അവര്‍ പങ്കുവച്ചത്. ഭൂതകാലത്തില്‍ എല്ലാത്തരത്തിലുള്ള അനുഭവങ്ങളിലൂടെയും കടന്നുപോയവര്‍ പിന്നീട് ഉപദേശികളും അധ്യാപകരും ആയി മാറുകയും പിന്നീച് സദാചാരം പഠിപ്പിക്കുകയും ചെയ്യുന്ന ദുരന്തം ശാരദക്കുട്ടി ചൂണ്ടിക്കാട്ടുന്നു.

ശാരദക്കുട്ടിയുടെ ഫെയ്സ്ബുക്ക് കുറിപ്പ് പൂര്‍ണ രൂപത്തില്‍ താഴെ വായിക്കാം.

മൂത്രപ്പുരയുടെ പിന്നില്‍ വെച്ച്‌ ഹൈസ്കൂളിലെ ഒരു ചേച്ചിയും ചേട്ടനും കെട്ടിപ്പിടിച്ചു നില്‍ക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഓടിപ്പോയ എന്നെ വിളിച്ച്‌ ആരോടും പറയാതിരുന്നാല്‍ സ്പോര്‍ട്സ് ഡേയ്ക്ക് ഐസ് സ്റ്റിക് വാങ്ങിത്തരാമെന്നു പറഞ്ഞു. ഞങ്ങളൊക്കെ പഠിക്കുന്ന കാലത്തും സ്ക്കൂളില്‍ പ്രണയമുണ്ടായിരുന്നു. തൂണിന്റെ മറവിലും മരത്തിന്റെ ചുവട്ടിലും മൂത്രപ്പുരയുടെ പിന്നിലും കിണറ്റുകരയിലും ഒക്കെ രഹസ്യമായും പരസ്യമായും പ്രണയിച്ചിരുന്നവര്‍.

സ്പോര്‍ട്ട്സ് ദിവസങ്ങളില്‍ ആണ് രസം. സീനിയര്‍ ചേച്ചിമാര്‍ ചേട്ടന്മാര്‍ക്കു കൊടുക്കാന്‍ എഴുതിത്തന്ന് വിട്ടിരുന്ന കുറിപ്പുകള്‍ കൃത്യവിലോപമില്ലാതെ എത്തിച്ചിരുന്നതിനു പകരമായി എത്ര തവണ ഐസ്സ്റ്റിക് വാങ്ങിക്കഴിച്ചിട്ടുണ്ട്. അവരുടെയൊക്കെ മക്കളോ കൊച്ചുമക്കളോ ആണ് യൂണിഫോമില്‍ ഞെരുങ്ങി, ചൂരലില്‍ കുരുങ്ങി സൈനിക റെജിമെന്റുകളിലെന്നതു പോലെ വൈകാരികമായി വന്ധ്യംകരിക്കപ്പെട്ടു കഴിഞ്ഞു കൂടുന്നത്.

സ്കൂളിലെ നിത്യകാമുകിയായിരുന്ന ഒരു ചേച്ചി, കുട്ടികള്‍ക്കു സ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുന്നവരെ പരിഹസിച്ചും നിന്ദിച്ചും കഴിഞ്ഞ ദിവസം ഒരിടത്തു പ്രസംഗവും കൗണ്‍സിലിങ് ക്ലാസും നടത്തുന്നതു കണ്ടപ്പോള്‍ ഓര്‍ത്തു പോയതാണ്. ചേച്ചി റിട്ടയര്‍ഡ് ഹെഡ്മിസ്ട്രസാണ്. ചേച്ചീ, ആദ്യ ഐസ് ക്രീം എനിക്കു വാഗ്ദാനം ചെയ്ത ആ മൂത്രപ്പുരയുടെ സുഗന്ധം മറന്നു പോയതെങ്ങനെ? എന്റെ 12 വയസ്സില്‍ അന്നു നിങ്ങളെ കണ്ടപ്പോഴുണ്ടായ ആ കുളിര് എന്റെ ദേഹത്തു നിന്നിപ്പോഴും മാറിയിട്ടില്ലല്ലോ.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top