×

ജിഷ വധ കേസ്, വിധി അറിയാന്‍ ശേഷിക്കുന്നത് ഒരുദിനം

കൊച്ചി: അടച്ചിട്ട കോടതി മുറിയില്‍ 74 ദിവസത്തെ പ്രോസിക്യൂഷന്‍ വാദം. 18 ദിവസം നീണ്ട അന്തിമ വാദം. വിധി അറിയാന്‍ ശേഷിക്കുന്നത് ഒരുദിനം മാത്രം! രാജ്യത്തെയാകെ ഞെട്ടിച്ച ജിഷാ വധക്കേസിന്റെ വിധി നാളെപ്പറയുമെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വ്യക്തമാക്കിയതോടെ പ്രതി അമീറുള്‍ ഇസ്ലാമിന് എന്ത് ശിക്ഷ ലഭിക്കുമെന്നാണ് ഇപ്പോള്‍ ജനങ്ങള്‍ ഉറ്റുനോക്കുന്നത്.
കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലത്താണ് ജിഷ ദാരുണമായി കൊല്ലപ്പെട്ടത്. അന്വേഷണം യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിയെങ്കിലും പ്രതിയെ പിടിച്ചതും പൂര്‍ത്തിയായതും ഇടതു സര്‍ക്കാര്‍ അധികാരമേറ്റ ശേഷമാണ്. കേരള പൊലീസിന്റെ അന്വേഷണത്തെ കുറിച്ച്‌ സംശയങ്ങളും ചോദ്യങ്ങളും നിഴലിച്ച്‌ നിന്ന കാലം കൂടിയാണ് കടന്നുപോയത്. അതുകൊണ്ട്, വിധി സംസ്ഥാന പൊലീസിന്റെ പ്രതിച്ഛായയ്ക്കു മാറ്റു കൂട്ടുമോ കുറയ്ക്കുമോ എന്നതും ജനങ്ങളുടെ സംസാരവിഷയമാണ്.

2016 ഏപ്രില്‍ 28, ആ കറുത്ത ദിനം
പെരുമ്ബാവൂരിലെ നിര്‍ദ്ധന ദളിത് നിയമ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി അതിക്രൂരമായി കൊല്ലപ്പെട്ട ദിനം, 2016 ഏപ്രില്‍ 28. ഈ ദിവസം മലയാളികള്‍ അത്ര എളുപ്പം മറക്കില്ല. നിഷ്ഠൂരകൃത്യം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞാണ് സംഭവം പുറംലോകം അറിഞ്ഞത്. അതും, സഹപാഠികളുടെ ഇടപെടല്‍ കൊണ്ടുമാത്രം. ജിഷ കേസില്‍ ശക്തമായ അന്വേഷണം ആവശ്യപ്പെട്ടുള്ള യുവജന പ്രക്ഷോഭം ആളിക്കത്തിയതോടെ പൊലീസും സര്‍ക്കാരും സമ്മര്‍ദ്ദത്തിലായി. തുടര്‍ന്ന്, അന്നത്തെ ഡി.ജി.പി ടി.പി സെന്‍കുമാര്‍, പ്രത്യേക സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചു. മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ പോലും കുറ്റാരോപണത്തിന്റെ കൂരമ്ബ് നീണ്ടെങ്കിലും പ്രതിയെക്കുറിച്ച്‌ ഒരു സൂചന പോലും കണ്ടെത്താന്‍ ഈ സംഘത്തിന് കഴിഞ്ഞില്ല. തൊട്ടു പിന്നാലെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജിഷക്കേസ് പ്രധാന വിഷയമായി.
അധികാരത്തിലെത്തിയ ഇടതു സര്‍ക്കാര്‍ ആദ്യം ചെയ്തത് ജിഷ കൊലക്കേസിലുള്‍പ്പെടെ വീഴ്ചവരുത്തി എന്നാരോപിച്ച്‌ ടി.പി സെന്‍കുമാറിനെ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് നീക്കുകയായിരുന്നു. തുടര്‍ന്ന് ഡി.ജി.പിയായ ലോക്നാഥ് ബെഹ്റ പുതിയ സംഘത്തെ അന്വേഷണത്തിന് നിയോഗിക്കുകയും അധികം വൈകാതെ പ്രതിയെ പിടികൂടുകയും ചെയ്തു.

കത്തിപ്പടര്‍ന്നത് കടുത്ത പക
സൗഹൃദം മുതലെടുത്താണ് സംഭവ ദിവസം രാവിലെ അമീറുകള്‍ ഇസ്ലാം വട്ടോളിപ്പടിയിലെ കനാല്‍ ബണ്ടിന് സമീപമുള്ള ജിഷയുടെ ഒറ്റമുറി വീട്ടിലെത്തുന്നത്. തന്നോട് മോശമായി പെരുമാറിയ അമീറിനെ ജിഷ, ചെരിപ്പെടുത്ത് ആട്ടിപ്പുറത്താക്കി. പുറത്തുപോയ അമീറുള്‍ മദ്യപിച്ച്‌ വീണ്ടും ജിഷയുടെ വീട്ടിലെത്തി. ജിഷയെ എങ്ങനെയെങ്കിലും കീഴ്പ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ തന്നെയായിരുന്നു വരവ്. വാതില്‍ തള്ളിത്തുറന്ന് അകത്ത് കയറിയ അമിറുള്‍, കുതറിമാറുംമുമ്ബേ ജിഷയുടെ മൂക്കും വായും പൊത്തിപ്പിടിച്ചു. ശക്തമായി എതിര്‍ത്ത ജിഷയെ അയാള്‍ കത്തികൊണ്ട് കുത്തി വീഴ്ത്തി. തന്റെ ഇംഗിതം നടക്കാത്തതിലുള്ള കടുത്ത പകയില്‍ ജിഷയുടെ ജനനേന്ദ്രിയത്തിലും അവന്‍ കത്തി കുത്തിക്കയറ്റി. ആന്തരാവയവങ്ങള്‍ പുറത്തു ചാടത്തക്ക വിധം മാരകമായി പരിക്കേല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന്, അമീര്‍ ഇവിടെനിന്ന് മുങ്ങി. കൊലപാതകം നടന്ന ഏപ്രില്‍ 28നു തലേന്നു രാത്രിയിലും ഇയാള്‍ ആ പരിസരത്തുണ്ടായിരുന്നു. മദ്യപിച്ചശേഷം അശ്ലീലചിത്രം കണ്ടതോടെയാണു ജിഷയുടെ വീട്ടിലേക്കു വീണ്ടും പോവാന്‍ തോന്നിയതെന്ന് പ്രതി മൊഴി നല്‍കിയിട്ടുണ്ട്.

പൊലീസ് വിളിച്ചു… അമീറുള്‍
50 ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിന് ഒടുവിലാണ് ജിഷയുടെ ഘാതകനെ പൊലീസ് പിടികൂടിയത്. കൃത്യം നടത്തിയ ശേഷം അസമിലേക്ക് കടന്ന അമീറുള്‍ പിന്നീട് തമിഴ്നാട്ടിലേക്ക് പോയി. ഉപയോഗിച്ച മൊബൈലില്‍ പുതിയ സിമ്മിട്ടതോടെയാണ് പ്രതിയിലേക്ക് പൊലീസിന് എത്താന്‍ സാധിച്ചത്. ഐ.എം.ഇ.ഐ നമ്ബര്‍ പരിശോധിച്ചപ്പോള്‍ പ്രതി തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് ഉണ്ടെന്ന് ബോധ്യമായി. ഇവിടെയെത്തിയ പൊലീസ് സമര്‍ത്ഥമായി ഇയാളെ കുടുക്കുകയായിരന്നു. പഴവര്‍ഗങ്ങള്‍ കഴിക്കുന്നതില്‍ തത്പരനായ അമീറുള്ളിനായി ശിങ്കിടിപാക്കത്തെ പഴക്കടകളില്‍ പൊലീസ് വേഷംമാറി നിന്നിരുന്നു. ആദ്യ രണ്ടു ദിവസം ഒരു സൂചനയും ലഭിച്ചില്ല. കമ്ബനിയില്‍ ഓരോ ഷിഫ്റ്റും കഴിഞ്ഞു വരുന്നവരെ പൊലീസ് നിരീക്ഷിച്ചു. പിടിയിലായ ദിവസം രാത്രി എട്ടുമണി ഷിഫ്റ്റ്കഴിഞ്ഞു പുറത്തുവന്ന 100 തൊഴിലാളികളുടെ കൂട്ടത്തില്‍ അമിറുള്‍ ഉണ്ടായിരുന്നു. ഇത്, അമിറുള്‍ തന്നെയെന്ന് വ്യക്തമായി ഉറപ്പാക്കിയ ശേഷമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ലൈംഗിക വൈകൃതം
സംഭവം നടക്കുമ്ബോള്‍ അമീറുള്ളിന് 23 വയസായിരുന്നു പ്രായം. അമിതമായ ലൈംഗിക തൃഷ്ണ ഇയാളുടെ ദൗര്‍ബല്യമായിരുന്നു. അതാണ്, അവനെ കൊലപാതകിയാക്കിയതും. ആടിനെ ലൈംഗികമായി പീഡിപ്പിച്ചതിനും ഇയാള്‍ക്കെതിരെ കേസുണ്ട്. പ്രായപൂര്‍ത്തിയാവും മുമ്ബേ വിവാഹിതനായ അമീറുള്‍ ഇരുപതാം വയസ്സില്‍ 38 വയസ്സുള്ള ഒരു സ്ത്രീയെക്കൂടി വിവാഹം കഴിച്ചിരുന്നു. ബംഗാളിയായ ഭാര്യയോടൊപ്പം പെരുമ്ബാവൂരില്‍ താമസിച്ചിട്ടുമുണ്ട്. അവരെ നാട്ടിലേക്കു പറഞ്ഞയച്ചശേഷമായിരുന്നു രണ്ടാമത്തെ വിവാഹം. ഇതിന് ശേഷമാണ് ജിഷയെ പരിചയപ്പെടുന്നത്. ജിഷയുടെ വീട്ടില്‍ പലതവണ അമീറുള്‍ പോയിട്ടുമുണ്ട്.

പഴുതടച്ച കുറ്റപത്രം
അമീറുളിനെ ഏക പ്രതിയാക്കി 2016 സെപ്തംബര്‍ 17നാണ് പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കൊലപാതകം, മാനഭംഗം, ദലിത് പീഡനം എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുണ്ട്. അമീറുള്‍ ലൈംഗിക വൈകൃതമുള്ള ആളാണെന്നും കുറ്റപത്രത്തില്‍ പറയുന്നു. ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ടും 195 സാക്ഷിമൊഴികളും അടക്കം 1,500 പേജുകളാണ് കുറ്റപത്രത്തിലുള്ളത്. 125 ശാസ്ത്രീയ പരിശോധനാ രേഖകളും 70 തൊണ്ടിമുതലുകളും അന്വേഷണസംഘം കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി 1,500 പേരെ ചോദ്യം ചെയ്തു. 23 പേരെ ഡി.എന്‍.എ പരിശോധനയ്ക്ക് വിധേയരാക്കി. 21 ലക്ഷം ഫോണ്‍കോളുകള്‍ പരിശോധിച്ചു. 5,000 പേരുടെ വിരലടയാളങ്ങളും ശേഖരിച്ചു. ഡി.എന്‍.എ അടക്കമുള്ള ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പഴുതടച്ച കുറ്റപത്രമാണ് തയ്യാറാക്കിയത്. കൊലയ്ക്ക് ഉപയോഗിച്ച കത്തിയിലെ രക്തക്കറയും ചെരിപ്പിലെ രക്തവും ജിഷയുടേതാണെന്ന് സ്ഥിരീകരിച്ചിരുന്നു. ജിഷയുടെ ദേഹത്ത് കടിച്ച മുറിപ്പാടില്‍ നിന്നുള്ള ഉമീനീരും കൈനഖങ്ങള്‍ക്കിടയില്‍നിന്ന് കണ്ടെടുത്ത തൊലിയില്‍നിന്ന് വേര്‍തിരിച്ച ഡി.എന്‍.എയും അമീറുളിന്റേതാണെന്നും തെളിയിച്ചു. കൊലയ്ക്കുശേഷം കത്തി ജിഷയുടെ വീടിനുപിന്നിലെ പറമ്ബിലേക്കാണ് വലിച്ചെറിഞ്ഞത്. ഈ കത്തിയുടെ പിടിയില്‍നിന്നാണ് രക്തക്കറ കണ്ടെത്തിയത്. കൊലയ്ക്കുശേഷം ജിഷയുടെ വീട്ടില്‍നിന്ന് കനാലിലേക്ക് ഇറങ്ങുമ്ബോള്‍ ചളിയില്‍പ്പൂണ്ട ചെരിപ്പ് ഉപേക്ഷിച്ചാണ് അമീറുള്‍ പോയത്. ഈ ചെരിപ്പില്‍നിന്ന് കണ്ടെടുത്ത രക്ത സാമ്ബിളും ജിഷയുടെതാണെന്ന് കണ്ടെത്തി. കൊലയ്ക്കുശേഷം അമീറുള്‍ ജിഷയുടെ വീട്ടില്‍നിന്ന് ഇറങ്ങിപ്പോകുന്നത് അയല്‍വാസിയായ സ്ത്രീ കണ്ടിരുന്നു. ഇവരാണ് കേസിലെ പ്രധാന സാക്ഷി.

നിരപരാധിയെന്ന് അമിറുള്‍
കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെയാണ് പൊലീസിനെ ഞെട്ടിച്ച്‌ അമീറുള്‍ ഇസ്ലാം കോടതിയില്‍ കുറ്റം നിഷേധിച്ചത്. ജിഷയെ കൊന്നത് താനല്ലെന്നും തന്റെ കൂട്ടുകാരന്‍ അനാറുല്‍ ഇസ്ലാം ആണെന്നുമായിരുന്നു അമീറുള്ളിന്റെ വെളിപ്പെടുത്തല്‍. തൊട്ടുപിന്നാലെ കേസില്‍ അമീറുള്‍ നിരപരാധിയാണെന്ന് വാദിച്ച്‌ സഹോദരന്‍ ബദറുള്‍ ഇസ്ലാമും രംഗത്തെത്തി. ജിഷയെ കൊലപ്പെടുത്തിയത് അനാറുള്‍ ആണെന്നും കൃത്യം നടക്കുമ്ബോള്‍ അമീറുള്‍ കൂടെ ഉണ്ടായിരുന്നു എന്നുമാണ് സഹോദരന്‍ ബദറുള്‍ വെളിപ്പെടുത്തിയത്. ഇക്കാര്യം അമീറുള്‍ തന്നോട് പറഞ്ഞിരുന്നതായും ഇയാള്‍ അവകാശപ്പെട്ടു. എന്നാല്‍, അമീറിന്റെയും ബദറുള്ളിന്റെയും മൊഴികള്‍ അന്വേഷണസംഘം മുഖവിലയ്ക്കെടുത്തില്ല. അമീറുള്‍ സുഹൃത്ത് അനാറുളിന്റെ പേരുപറഞ്ഞ് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നതാണെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്‍ മറുപടി നല്‍കിയത്.

പ്രതി അനാറുള്‍ എന്ന് വാദം
പ്രതി അമിറുള്‍ ഇസ്ലാമിന്റെ വക്കാലത്ത് അഡ്വ. ബി.എ. ആളൂര്‍ ഏറ്റെടുത്തതിനു പിന്നാലെയാണ് വീണ്ടും അനാറുളിന്റെ പേര് ഉയര്‍ന്നു വന്നത്. അമീറുള്‍ ഇസ്ലാം തനിച്ചാണ് കൊല നടത്തിയതെന്ന് കണ്ടെത്തിയത് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്ന് പൊലീസ് പറയുന്നു. കൊലപാതകത്തിന് ശേഷം അമീറുള്‍ തന്നെ വന്നു കണ്ടുവെന്നാണ് സഹോദരന്‍ ബദറുള്‍ ഇസ്ലാം രഹസ്യമൊഴി നല്‍കിയത്. അപ്പോഴൊന്നും അനാറുളിന്റെ പേര് പറഞ്ഞിട്ടില്ല. അതേസമയം, അന്വേഷണ സംഘം പറയുന്നത് അനാറുള്‍ എന്നൊരു വ്യക്തിയുണ്ട്. പക്ഷേ ഇയാള്‍ പ്രതിയുടെ സുഹൃത്തല്ല. അമീര്‍ പറഞ്ഞ സ്ഥലത്തൊന്നും അനാര്‍ താമസിച്ചിട്ടില്ല. അസമില്‍പോയ അന്വേഷണ സംഘം അനാറിനെ കണ്ടെത്തിയിരുന്നു. എന്നാല്‍ ജനുവരി പതിനഞ്ചിന് ശേഷം ഇയാള്‍ അസമില്‍ത്തന്നെയായിരുന്നു എന്നതിനും ശാസ്ത്രീയ തെളിവുകളുണ്ടെന്നും അന്വേഷണ സംഘം വാദിക്കുന്നു.

രഹസ്യ വിചാരണ
അടച്ചിട്ട കോടതി മുറിയില്‍ രണ്ടര മാസമാണ് പ്രോസിക്യൂഷന്‍ വാദം നടത്തിയത്. അന്വേഷണ സംഘാംഗങ്ങള്‍, പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍, ഫോറന്‍സിക്, ഡി.എന്‍.എ വിദഗ്ധര്‍ എന്നിവര്‍ ഉള്‍പ്പെടെ 100 സാക്ഷികളെ വിസ്തരിച്ചു. ഇതില്‍ 15 പേര്‍ ഇതര സംസ്ഥാന തൊഴിലാളികളാണ്. സി.ആര്‍.പി.സി 313 പ്രകാരം അമീറുളിനെ കോടതിയില്‍ വച്ച്‌ പ്രത്യേകം വിസ്തരിച്ചു. പ്രതിഭാഗം ആവശ്യപ്പെട്ട സാക്ഷികളില്‍ ജിഷയുടെ സഹോദരി ദീപ, ക്രൈം ബ്രാഞ്ച് എസ്.പി പി.എന്‍. ഉണ്ണിരാജ, ആലുവ സി.ഐ വിശാല്‍ ജോണ്‍സണ്‍, കുറുപ്പംപടി എസ്.ഐ സുനില്‍ തോമസ്, സി.പി.ഒ ഹബീബ് എന്നിവരെയും വിസ്തരിച്ചിരുന്നു. ജിഷ കേസില്‍ വിജിലന്‍സ് നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. പൊലീസ് അന്വേഷണത്തിനെതിരായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് അന്വേഷിച്ച്‌ തയാറാക്കിയ റിപ്പോര്‍ട്ടാണ് കോടതിയില്‍ സമര്‍പ്പിച്ചത്. കോടതി നിര്‍ദേശപ്രകാരമാണ് വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

വിധിവരും മുമ്ബ് പാപ്പുവും സാബുവും
നവംബര്‍ 10നാണ് ജിഷയുടെ പിതാവ് ചെറുകുന്നം കുറ്റിക്കാട്ടുപറമ്ബില്‍ കെ.വി. പാപ്പുവിനെ (64) വീടിനു സമീപമുള്ള റോഡില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുറ്റപത്രത്തിനൊപ്പം പൊലീസ് സമര്‍പ്പിച്ച സാക്ഷിപ്പട്ടികയില്‍ പാപ്പു 96-ാം സാക്ഷിയായിരുന്നെങ്കിലും പ്രോസിക്യൂഷന്‍ വിസ്തരിച്ചിരുന്നില്ല. രോഗബാധിതനായ ഇദ്ദേഹം ഏറെ നാളായി ചെറുകുന്നത്തെ വീട്ടില്‍ ഒറ്റയ്ക്കാണു താമസിച്ചിരുന്നത്. മാസങ്ങള്‍ക്കു മുമ്ബ് ഓട്ടോറിക്ഷയില്‍ നിന്ന് ഇറങ്ങുന്നതിനിടയില്‍ വീണു കാലിനു പരുക്കേറ്റിരുന്നു. ഇതിനുശേഷം നടക്കാന്‍ കഴിഞ്ഞില്ല. സമീപത്തുള്ള കടയിലേക്കും മറ്റും റോഡിലൂടെ നിരങ്ങിയാണു പോയിരുന്നത്. ഇങ്ങനെ കവലയിലേക്കു പോകുന്നതിനിടയിലായിരുന്നു മരണം. ജിഷ വധക്കേസിലെ മഹസര്‍ സാക്ഷിയായിരുന്ന അയല്‍വാസി സാബുവിനെ ജൂലൈ 27ന് തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി. കേസില്‍ പ്രതിയുടെ ചെരിപ്പ് കണ്ടെടുത്തതുമായി ബന്ധപ്പെട്ടാണ് സാബുവിനെ മഹസ്സര്‍ സാക്ഷിയാക്കിയിരുന്നത്. ഇക്കാര്യത്തില്‍ മറ്റൊരു സാക്ഷികൂടി ഉണ്ടായിരുന്നതിനാല്‍ സാബുവിന്റെ വിസ്താരം പ്രോസിക്യൂഷന്‍ നേരത്തെ തന്നെ ഒഴിവാക്കിയിരുന്നു. കേസില്‍ ആദ്യ സംശയം സാബുവിലേക്ക് നീണ്ടിരുന്നു. സാബുവിനെക്കുറിച്ച്‌ ചില സംശയങ്ങള്‍ ജിഷയുടെ കുടുംബം പ്രകടിപ്പിച്ചിരുന്നു. നിരവധി തവണ ഇദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയും വിശദമായി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top