×

മാണി ഇടഞ്ഞു തന്നെ; യുഡിഎഫ് യോഗവും ധര്‍ണയും മാറ്റി

തിരുവനന്തപുരം • യുഡിഎഫില്‍ തുടരണമോ എന്ന് ഓഗസ്റ്റ് ആറ്, ഏഴ് തീയതികളിലെ ചരല്‍ക്കുന്നു സംസ്ഥാന ക്യാംപില്‍ തീരുമാനിക്കാന്‍ കേരള കോണ്‍ഗ്രസ് (എം). അതിനു മുന്‍പു യുഡിഎഫ് യോഗം ചേര്‍ന്നാല്‍ പങ്കെടുക്കാന്‍ നിര്‍വാഹമില്ലെന്നു കണ്‍വീനറെ കെ.എം.മാണി അറിയിച്ചു. ഇതോടെ നാലാം തീയതി നിശ്ചയിച്ച യുഡിഎഫിന്റെ നേതൃയോഗവും സെക്രട്ടേറിയറ്റ് ധര്‍ണയും പത്തിലേക്കു മാറ്റി.

തിങ്കളാഴ്ച യുഡിഎഫ് കക്ഷിനേതാക്കളുടെ യോഗം ബഹിഷ്കരിച്ചു മുന്നറിയിപ്പു നല്‍കിയ മാണി നാലിന് അടുത്ത യോഗത്തിന് എത്താമെന്നു ടെലിഫോണ്‍ ചര്‍ച്ചയില്‍ നേതാക്കളോടു സമ്മതം മൂളിയിരുന്നു. എന്നാല്‍ ചരല്‍ക്കുന്നില്‍ നിര്‍ണായക നേതൃയോഗം തൊട്ടടുത്ത ദിവസം ചേരാനിരിക്കേ യുഡിഎഫില്‍ ഹാജരാകുന്നതു പ്രതിഷേധത്തെ ദുര്‍ബലപ്പെടുത്തുമെന്നായി പിന്നീടു വിലയിരുത്തല്‍. മുന്നണിയില്‍ നിന്നു പുറത്തുവന്ന് ഒറ്റയ്ക്കും നിയമസഭയില്‍ പ്രത്യേക ബ്ളോക്കായും നിലകൊള്ളണമെന്ന അഭിപ്രായം പാര്‍ട്ടിയില്‍ ശക്തമാണ്.

കഴിഞ്ഞ സ്റ്റിയറിങ് കമ്മിറ്റിയിലും ജില്ലാ നേതൃയോഗങ്ങളിലും ഈ ആവശ്യം ഉയര്‍ന്നു. സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങളും നിയോജകമണ്ഡലം പ്രസിഡന്റുമാരും പങ്കെടുക്കുന്ന ദിദ്വിന ക്യാംപില്‍ കൂട്ടായ തീരുമാനമെടുക്കാം എന്ന നിശ്ചയത്തിലാണു പാര്‍ട്ടി. മാണിയുടെ ഈ ഭീഷണി നിയമസഭാ തിരഞ്ഞെടുപ്പു തോല്‍വിക്കു പിന്നാലെ യുഡിഎഫ് നേരിടുന്ന വലിയ പ്രതിസന്ധിയായി മാറി.

ബാര്‍കോഴക്കേസില്‍ കെ.ബാബു അടക്കം മന്ത്രിമാര്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നത് യുഡിഎഫിന്റെ കാലത്ത് ആവിയായെങ്കില്‍ മാണിക്കെതിരെ മാത്രം എന്തുകൊണ്ടു കുരുക്കു മുറുകി എന്ന ചോദ്യമാണു കേരള കോണ്‍ഗ്രസിന്റേത്. എല്‍ഡിഎഫ് പിന്തുണയോടെ മാണി മുഖ്യമന്ത്രിയാകുമെന്നു ഭയന്ന് ആ നീക്കം പൊളിക്കാനായി ചമച്ചതാണു ബാര്‍ കേസെന്ന് അവര്‍ ആരോപിക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ആറുവട്ടം ഉഭയകക്ഷി ചര്‍ച്ച നടത്തിയിട്ടും ഒരു സീറ്റുപോലും അധികം നല്‍കാതെയും സീറ്റ് ചര്‍ച്ച പൂര്‍ത്തിയാക്കുക പോലും ചെയ്യാതെയും അപമാനിച്ചു.

ബാര്‍ കേസില്‍ മാണിയെയും സര്‍ക്കാരിനെയും മുള്‍മുനയില്‍ നിര്‍ത്തിയ ബിജു രമേശിന്റെ മകളുടെ വിവാഹനിശ്ചയത്തില്‍ പങ്കെടുത്തുകൊണ്ടു കോണ്‍ഗ്രസ് നേതാക്കള്‍ മുറിവില്‍ മുളകുതേച്ചു. ഇതെല്ലാം കഴിഞ്ഞും അച്ചടക്കത്തോടെ യുഡിഎഫിന്റെ ഭാഗമായി തുടരണമോ വേണ്ടയോ എന്നതു ചര്‍ച്ചചെയ്യാതെ പറ്റില്ല എന്ന നിലപാടിലാണു പാര്‍ട്ടി. യുഡിഎഫ് വിടാനുള്ള ഒരു തീരുമാനവും ഇതുവരെ കൈക്കൊണ്ടിട്ടില്ല എന്നാണു നേതാക്കള്‍ വ്യക്തമാക്കുന്നത്. പാര്‍ട്ടിക്ക് അകത്തു കോണ്‍ഗ്രസിനെതിരെ ഉള്ള വികാരം പൊതുചര്‍ച്ചയ്ക്കു വിധേയമാക്കിയേ മുന്നോട്ടുപോകാന്‍ സാധിക്കൂ എന്നുമാത്രം. പലരും പ്രചരിപ്പിക്കുന്നതുപോലെ എല്‍ഡിഎഫിലേക്കോ എന്‍ഡിഎയിലേക്കോ ഇല്ല.

പാര്‍ട്ടിയുടെ ഏതു തീരുമാനത്തിനൊപ്പവും നില്‍ക്കുമെന്നു ജോസഫ് ഗ്രൂപ്പില്‍പ്പെട്ട എംഎല്‍എമാരും കഴിഞ്ഞ സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ വ്യക്തമാക്കിയെന്നും നേതാക്കള്‍ പറഞ്ഞു. മാണിയെ അനുനയിപ്പിക്കാനായി കോണ്‍ഗ്രസ് നേതൃത്വം വരുംദിവസങ്ങളില്‍ അനുരഞ്ജന ചര്‍ച്ചയ്ക്കു ശ്രമിക്കും. കടുത്ത നിലപാടുകളില്‍ നിന്നു മാണിയെ പിന്തിരിപ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണു കോണ്‍ഗ്രസ്. പ്രസ്താവനകളിലൂടെ മാണിയെ പ്രകോപിപ്പിക്കരുതെന്നു നേതാക്കളോടു പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ട്.

പങ്കെടുക്കാഞ്ഞത് അസൗകര്യം മൂലം: കെ.എം.മാണി

കോട്ടയം • യുഡിഎഫ് കക്ഷി നേതാക്കളുടെ യോഗത്തില്‍ പങ്കെടുക്കാതിരുന്നത് അസൗകര്യം മൂലമെന്നു കെ.എം.മാണി. അസൗകര്യം എന്തെന്നു വിശദീകരിക്കേണ്ട കാര്യമില്ല. നടക്കാനിരിക്കുന്ന കേരള കോണ്‍ഗ്രസ് ക്യാംപിനു ശേഷം യോഗം നടത്തിയാല്‍ മതിയെന്നു യുഡിഎഫ് കണ്‍വീനര്‍ പി.പി.തങ്കച്ചനെ അറിയിച്ചിരുന്നു. അല്ലാതെ യോഗം ബഹിഷ്കരിച്ചതല്ല.

അടുത്ത യോഗത്തില്‍ സൗകര്യം കിട്ടിയാല്‍ പോകുമെന്നും കെഎം.മാണി പറഞ്ഞു. യോഗത്തില്‍ പങ്കെടുക്കാത്തതിന്റെ കാരണം തിരക്കി ഉമ്മന്‍ ചാണ്ടിയും പി.കെ.കുഞ്ഞാലിക്കുട്ടിയും വിളിച്ചിരുന്നു. രമേശ് ചെന്നിത്തല വിളിച്ചില്ലെന്നും ചെന്നിത്തലയുമായി തനിക്കു വിരോധമൊന്നും ഇല്ലെന്നും കെ.എം.മാണി പറഞ്ഞു. ഓഗസ്റ്റ് ആറ്, ഏഴ് തീയതികളില്‍ ചരല്‍ക്കുന്നിലാണു കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന ക്യാംപ്. ക്യാംപിനു ശേഷം മാത്രം സഹകരണമെന്ന മാണിയുടെ സമ്മര്‍ദത്തിനു മുന്നില്‍ കോണ്‍ഗ്രസ് നേതൃത്വം വഴങ്ങി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top