×

മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 79 പിറന്നാള്‍.

മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് എഴുപത്തിയൊമ്ബതാം പിറന്നാള്‍. രാജ്യം നിർണ്ണായകമായൊരു തെരഞ്ഞെടുപ്പ് പോരാട്ടത്തിൻ്റെ നടുവില്‍ നില്‍ക്കുമ്ബോഴാണ് ഇത്തവണ ജനനായകൻ്റെ പിറന്നാളെത്തുന്നത്.

കമ്മ്യൂണിസ്റ്റ് പാർട്ടി പിറന്ന പിണറായിയിലാണ് പിണറായി വിജയൻ്റെയും പിറവി. ആ പോരാട്ട ചരിത്രം തന്നെയാണ് പിണറായി വിജയൻ എന്ന കമ്മ്യൂണിസ്റ്റ് പോരാളിയെയും നയിക്കുന്നത്. ഒരു ചെത്തു തൊഴിലാളി കുടുംബത്തില്‍ ജനിച്ച്‌ നെയ്ത്തു തൊഴിലാളിയായി വളർന്ന പിണറായി തൊഴിലാളി വർഗ്ഗ നായകനായത് പണിയെടുക്കുന്നവരുടെ ജീവിതവും വേദനയും ആഴത്തില്‍ അറിയുന്നതു കൊണ്ടാണ്. ആധുനിക കേരളം രൂപപ്പെട്ട ആറു പതിറ്റാണ്ടുകാലത്തെ രാഷ്ട്രീയ പോരാട്ട ജീവിതമാണത്.

 

1964 ല്‍ സിപിഐ എം രൂപം കൊണ്ട വർഷമാണ് പിണറായി പാർട്ടി അംഗമാകുന്നത്. ബ്രണ്ണൻ കോളേജില്‍ ബിരുദ വിദ്യാർത്ഥിയായിരിക്കുമ്ബോഴാണ് കെ എസ് എഫിൻ്റെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി വിപ്ലവ വിദ്യാർത്ഥി രാഷ്ട്രിയത്തെ നയിച്ചത്. എഴുപതുകളുടെ ആദ്യം തലശ്ശേരിയില്‍ വർഗ്ഗീയ സംഘർഷം കത്തിപ്പടരുന്നത് തടയാൻ പാർട്ടി സെക്രട്ടറി സി എച്ച്‌ കണാരൻ തലശ്ശേരിയിലേക്കയച്ചത് പിണറായിയെയാണ്. മാറാട് കലാപകാലത്ത് വർഗീയവാദികളുടെ ഒരു ഭീഷണിയിലും കുലുങ്ങാതെ അവിടം സന്ദർശിച്ച ഏക രാഷ്ട്രീയ നേതാവ് പിണറായിയാണ്. അതിൻ്റെ തുടർച്ചയാണ് ഇന്നും മത നിരപേക്ഷത സംരക്ഷിക്കാനുള്ള പിണറായിയുടെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടങ്ങള്‍.

 

1970-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ 26-മത്തെ വയസ്സിലാണ് കൂത്തുപറമ്ബ് മണ്ഡലത്തില്‍ നിന്നും പിണറായി നിയമസഭയിലെത്തിയത്. 91 ല്‍ വീണ്ടും കൂത്തുപറമ്ബ് മണ്ഡലത്തില്‍ നിന്നും 96-ല്‍ പയ്യന്നൂരില്‍ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2016ലും 2021 ലും ധർമ്മടം മണ്ഡലത്തില്‍ നിന്നും. അടിയന്തരാവസ്ഥക്കാലത്ത് പതിനെട്ടുമാസം പിണറായി കണ്ണൂർ സെൻട്രല്‍ജയിലിലടക്കപ്പെട്ടു. പാർട്ടിയുടെ കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് പടിപടിയായി പാർട്ടി സംസ്ഥാന സെക്രട്ടറിയും പൊളിറ്റ് ബൂറോ അംഗവുമായി. 98 മുതല്‍ 2015 വരെ, ഇ.കെ.നായനാർക്ക് ശേഷം കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായിരുന്നിട്ടുള്ളതും പിണറായി വിജയനാണ്. നായനാർ മന്ത്രി സഭയില്‍ പിണറായി വൈദ്യുതി വകുപ്പ് മന്ത്രിയായപ്പോഴാണ് കേരളത്തിലെ വൈദ്യുതി പ്രതിസന്ധികള്‍ പരിഹരിക്കപ്പെട്ടത്.

 

2016 തൊട്ട് കേരളത്തിൻ്റെ മുഖ്യമന്ത്രി. ചരിത്രത്തില്‍ ആദ്യമായി തുടർഭരണവും. ലോകം ഉറ്റുനോക്കുന്ന ഒരു നാടായി, രാജ്യത്തിന് മാതൃകയായി കേരളം പിണറായിയുടെ ഭരണത്തില്‍ പടർന്ന് പന്തലിക്കുന്നു. നാടിൻ്റെ നന്മയിലും ഒരുമയിലും വികസനത്തിലും ആർജവുമുള്ള തീരുമാനങ്ങളുടെയും ഇച്ഛാശക്തിയുടെയും വിശ്രമമില്ലാത്ത രാഷ്ട്രീയം കേരളം കാണുന്നത് പിണറായിയിലൂടെയാണ് . നവകേരള നായകന് കേരളം പിറന്നാള്‍ ആശംസിക്കുമ്ബോള്‍ ആ നേതൃശക്തിയില്‍ അഭിമാനം കൊള്ളുകയാണ് ഈ നാട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top