×

ടിപ്പറില്‍ കൂന കൂട്ടി കല്ല് കയറ്റിയത് 32 ടണ്‍; കല്ല് തെറിച്ച് കുട്ടി മരിച്ച സംഭവം

അനന്തുവിന്റെ അപകടത്തിന് ഇടയാക്കിയ ടിപ്പർ

ബുധനാഴ്ച പോലീസിന്റെ നടപടി വിവാദമായതോടെയാണ് മനഃപൂർവമല്ലാത്ത അശ്രദ്ധയോടെ സംഭവിച്ച നരഹത്യക്കുള്ള ജാമ്യമില്ലാത്ത 304 എ വകുപ്പ് ചേർക്കാൻ പോലീസ് തീരുമാനിച്ചത്. മോട്ടോർവാഹന വകുപ്പിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ വകുപ്പുകള്‍ കൂട്ടിച്ചേർക്കാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് ബുധനാഴ്ച വൈകീട്ടോടെ ഡ്രൈവർ ജിതിനെ വീണ്ടും വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തി.

അപകടത്തിനിടയാക്കിയ പത്ത് വീലുള്ള ടിപ്പർ ലോറിയില്‍ കയറ്റാവുന്ന ഭാരം 16 ടണ്ണായിരുന്നു. എന്നാല്‍, മോട്ടോർവാഹന വകുപ്പിന്റെ പരിശോധനയില്‍ ടിപ്പറിലുണ്ടായിരുന്നത് 32 ടണ്‍ കരിങ്കല്ലാണെന്നു കണ്ടെത്തി. പരിധിയുടെ ഇരട്ടിയിലധികം ഭാരമാണ് വാഹനത്തിലുണ്ടായിരുന്നത്.
ടിപ്പറിന്റെ ബോഡിക്കു മുകളില്‍ സാധനങ്ങള്‍ നിറയ്ക്കാൻ പാടില്ലെന്നാണ് നിയമം. പാറക്കല്ല് തെറിച്ചുവീണ് വിദ്യാർഥി മരിക്കാനിടയായ ടിപ്പറില്‍ ബോഡിക്കു മുകളിലേക്ക് കല്ലുകള്‍ കൂട്ടിയിട്ടിരുന്നു. തുണി മുകളില്‍ വലിച്ചുകെട്ടിയിരുന്നെങ്കിലും പൂർണമായും മറഞ്ഞിരുന്നില്ല. മാത്രമല്ല, വശങ്ങളില്‍ കല്ലുകള്‍ എപ്പോള്‍ വേണമെങ്കിലും താഴേക്കുവീഴാവുന്ന തരത്തില്‍ അപകടകരമായ നിലയിലാണുണ്ടായിരുന്നത്.

മുക്കോല മണലി മുള്ളുമുക്കില്‍ റോഡിലെ ചെറിയ കുഴിയില്‍ വീണപ്പോഴാണ് കല്ല് തെറിച്ച്‌ അനന്തുവിന്റെ മുഖത്തുവന്നടിച്ചത്. ഇതോടെ നിയന്ത്രണംതെറ്റിയ സ്കൂട്ടർ മതിലിലിടിക്കുകയായിരുന്നു. അനന്തുവിന്റെ മുഖത്തും നെഞ്ചിലും വയറ്റിലും വന്നടിച്ച്‌ ആന്തരാവയവങ്ങള്‍ക്ക് ഗുരുതര പരിക്കേറ്റായിരുന്നു മരണം.

 

ചലനമറ്റു കിടന്ന അനന്തുവിനു ചുറ്റും ഒരായിരം സ്വപ്നങ്ങളും പ്രതീക്ഷകളും മരവിച്ചുനിന്നു. ഓർമ്മകള്‍ മാത്രമാക്കി പോകുന്ന പ്രിയപ്പെട്ടവനെ അലമുറയിട്ടു തിരികെവിളിക്കുകയായിരുന്നു മാതാപിതാക്കളും സഹോദരിയും അവിടെ കൂടിനിന്നവരും. കഴിഞ്ഞ ദിവസം ടിപ്പർ ലോറിയില്‍നിന്നു കരിങ്കല്ല് തെറിച്ചുവീണ് മരിച്ച മുക്കോല കാഞ്ഞിരംനിന്നവിള അനന്തുഭവനില്‍ അനന്തുവിന്റെ അന്ത്യയാത്രയില്‍ ആയിരങ്ങളാണ് സാക്ഷിയായത്.

വീടിനു വിളിപ്പാടകലെ ചൊവ്വാഴ്ച രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം. വിഴിഞ്ഞം തുറമുഖനിർമാണസ്ഥലത്തേക്കു പോയ ടിപ്പറില്‍നിന്ന്, എതിർദിശയില്‍ ഇരുചക്രവാഹനത്തില്‍ വരികയായിരുന്ന അനന്തുവിന്റെ ശരീരത്തിലേക്ക് കരിങ്കല്ല് തെറിച്ചുവീഴുകയായിരുന്നു. പരിക്കേറ്റ അനന്തുവിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അധികം വൈകാതെ മരിച്ചു.

 

ടിപ്പർ ലോറിയില്‍നിന്നു കരിങ്കല്ല് തെറിച്ചുവീണ് മരിച്ച മുക്കോല കാഞ്ഞിരംനിന്നവിള അനന്തുഭവനില്‍ അനന്തുവിന്റെ മൃതദേഹം മുക്കോല കാഞ്ഞിരംനിന്നവിളയിലെ വീട്ടിലെത്തിച്ചപ്പോള്‍ തടിച്ചുകൂടിയ നാട്ടുകാർ

വിദേശത്തായിരുന്ന അച്ഛൻ അജികുമാർ ബുധനാഴ്ച പുലർച്ചെ വീട്ടിലെത്തി. രാവിലെ 9.45-ഓടെ ആശുപത്രിയില്‍നിന്ന് അനന്തുവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു. അമ്മ ബിന്ദുവും സഹോദരി അരുണയും ബന്ധുക്കളും ചലനമറ്റ അനന്തുവിനരികിലിരുന്നു. സ്കൂളില്‍ ഒപ്പം പഠിച്ചവരുള്‍പ്പെടെയുള്ള സുഹൃത്തുക്കളുടെ നീണ്ടനിര അനന്തുവിനെ അവസാനമായി ഒരുനോക്കുകാണാൻ വീട്ടിലേക്കെത്തി.

മൃതദേഹം വീട്ടിലെത്തിക്കുന്നതിനു മുൻപുതന്നെ വൻ ജനാവലി അന്തുവിന്റെ വീട്ടിലും പരിസരത്തും നിറഞ്ഞു. അപകടമരണത്തില്‍ പ്രതിഷേധമുയർന്നതിനാല്‍ വീടിനു സമീപം പോലീസ് സന്നാഹമൊരുക്കിയിരുന്നു. ബാലരാമപുരം-മുക്കോല റോഡിലെ ഗതാഗതവും തടസ്സപ്പെട്ടു. സമീപത്തെ കടകളും മറ്റും അടഞ്ഞുകിടന്നു. തിരക്കു നിയന്ത്രിക്കുന്നതിന് പോലീസും ബുദ്ധിമുട്ടി. പതിനൊന്ന് മണിയോടെ മൃതദേഹം ആംബുലൻസില്‍ മുട്ടത്തറ ശ്മശാനത്തിലെത്തിച്ച്‌ സംസ്കാരം നടത്തി.

Kozhikode: Couple injured in mishap | Kozhikode: Couple injured in mishap

മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ.അനില്‍, എം.വിൻസെന്റ് എം.എല്‍എ., മേയർ ആര്യാ രാജേന്ദ്രൻ, ആനാവൂർ നാഗപ്പൻ, സി.പി.എം. കോവളം ഏരിയാ സെക്രട്ടറി പി.എസ്.ഹരികുമാർ, സി.പി.ഐ. ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, ആർ.ജെ.ഡി. ജില്ലാ പ്രസിഡന്റ് മലയിൻകീഴ് ചന്ദ്രൻ നായർ, വിഴിഞ്ഞം ജയകുമാർ, ഡി.സി.സി. സെക്രട്ടറി ആഗ്നസ് റാണി, ട്രഷറർ കെ.വി.അഭിലാഷ്, മുക്കോല ബിജു, ബി.ജെ.പി. ജില്ലാ സെക്രട്ടറി പാപ്പനംകോട് സജി തുടങ്ങിയവർ അന്തുവിന്റെ വീട് സന്ദർശിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top