×

കിടപ്പു രോഗികളെ പരിചരിക്കുമ്ബോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തൊക്കെ?

കിടപ്പു രോഗികളെ പരിചരിക്കുമ്ബോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തൊക്കെ?. രോഗിയെ പ്രയാസപ്പെടുത്താതെ വേണം പരിചരണം

സ്വയം പരിചരണം അസാധ്യമായ കിടപ്പുരോഗികളെയും ദീർഘ കാല രോഗികളെയും വീട്ടിലെ സാഹചര്യങ്ങളും സൗകര്യങ്ങളും ഉപയോഗിച്ച്‌ പരമാവധി ആശ്വാസം ലഭിക്കുന്ന രീതിയില്‍ പരിചരിക്കാൻ കുടുംബാംഗങ്ങളെ സഹായിക്കുന്ന ചില പരിചരണ രീതികളാണ് താഴെ പറയുന്നത്

എല്ലാ പരിചരണങ്ങളും ചെയ്യുമ്ബോഴും എന്താണ് ചെയ്യാൻ പോകുന്നത് എന്ന് രോഗിയോട് പറഞ്ഞ് മനസ്സിലാക്കേണ്ടതാണ്.

 വായയുടെ പരിചരണം

ശരീരത്തിന്‍റെ പ്രധാന പ്രവേശന കവാടങ്ങളില്‍ ഒന്നാണ് വായ. അന്നനാളം, ശ്വാസനാളം, മൂക്ക്, ചെവി ഉമിനീർന്ഥികള്‍ എന്നിവയിലേക്ക് വായയില്‍നിന്ന് പ്രവേശന ദ്വാരങ്ങളുണ്ട് . ആയതിനാല്‍ വായയുടെ പരിചരണം വളരെ അത്യാവശ്യവും പ്രധാനവുമാണ്.

രാവിലെയും രാത്രിയും വായ വൃത്തിയാക്കുക. സാധാരണപോലെ ബോധമുള്ള രോഗിയാണെങ്കില്‍ ബ്രഷും പേസ്റ്റും ഉപയോഗിച്ച്‌ പല്ല് മോണ നാവ് കവിള്‍ എല്ലാം വൃത്തിയാക്കി കുലുക്കി തുപ്പിയാല്‍ മതിയാവും. അതിനുവേണ്ടി ഒരു ബേസിൻ ഉപയോഗിക്കാവുന്നതാണ്. രോഗിയുടെ കഴുത്തില്‍ ഒരു ടവ്വല്‍ വിരിച്ച്‌ വെച്ചാല്‍ മറ്റു ഭാഗങ്ങളില്‍ ആവുന്നത് തടയാം.

വായ തുറക്കാൻ പറ്റാത്ത ആളാണെങ്കില്‍ ഒരു ബ്രഷില്‍ തുണി ചുറ്റി വായ തുറന്ന് കിടക്കാൻ പാകത്തിന് അണപ്പല്ലിന്‍റെ ഇടയില്‍ വയ്ക്കുക. അതിനുശേഷം മറ്റൊരു ബ്രഷിന്‍റെ നാരുള്ള ഭാഗത്തുനിന്ന് തുടങ്ങി താഴെ വരെ തുണി ചുറ്റിപ്പിടിച്ച്‌ പല്ല് മോണ കവിള്‍ നാവ് എല്ലാം വൃത്തിയാക്കണം.

 അഴുക്കാവുന്നതിനനുസരിച്ച്‌ തുണി മാറ്റി ഉപയോഗിക്കണം. വായ വരള്‍ച്ച ഉണ്ടെങ്കില്‍ ഉപ്പുവെള്ളത്തില്‍ ഒരു തുള്ളി നാരങ്ങാനീര് ചേർത്താല്‍ ഉമിനിയർ ഗ്രന്ഥിയെ ഉത്തേജിപ്പിക്കാൻ സാധിക്കും. മോണയില്‍നിന്ന് രക്തം വരുന്നുണ്ടെങ്കില്‍ ഐസ് വെള്ളത്തില്‍ മുക്കിയ തുണി ഉപയോഗിച്ച്‌ അവിടെ അമർത്തിപ്പിടിക്കുക.

കുളിപ്പിക്കുന്ന വിധം

കുളിമുറിയില്‍ എത്തിക്കാനും ഇരുത്താനും കഴിയുന്ന ആളാണെങ്കില്‍ സാധാരണ പോലെ രോഗിക്ക് ബുദ്ധിമുട്ടില്ലാതെ കുളിപ്പിക്കാവുന്നതാണ്. മറിച്ചാണെങ്കില്‍ അത്തരം ആളുകളെ ദിവസവും നനച്ചു തുടപ്പിക്കുക. ഒരു റബർ /പ്ലാസ്റ്റിക് ഷീറ്റില്‍ രോഗിയെ കിടത്തിയശേഷം ഇളം ചൂടുവെള്ളത്തില്‍ തുണി മുക്കി ശരീരഭാഗങ്ങള്‍ മുഖം തുടങ്ങി മുഴുവൻ ഭാഗവും തുടക്കുക.

പിന്നീട് സോപ് പതപ്പിച്ചു എല്ലാഭാഗത്തും തേക്കുക. ശേഷം ശുദ്ധ ജലം കൊണ്ടു ഒന്ന് രണ്ടു തവണകൂടി പൂർണമായും തുടച്ചശേഷം ഉണങ്ങിയ തുണി കൊണ്ടു ശരീരം ഒപ്പിയെടുക്കാം. വെള്ളം എത്താൻ സാധ്യത ഇല്ലാത്ത ഭാഗങ്ങള്‍ മടക്കുകള്‍, ചെവി, കണ്ണ്, മൂക്, വിരലുകള്‍, ഗുഹ്യ ഭാഗം, പൊക്കിള്‍, തുടയിടുക്കുകള്‍ പ്രത്യേകം വൃത്തിയാക്കണം.

അതിനു ശേഷം വാസലിൻ, ലിക്യുഡ്പരാഫിൻ പോലുള്ള മൊയ്സ്ച്ചുറൈസേർ പുരട്ടി ശരീരം മൊത്തം വട്ടത്തില്‍ മൃദു വായി മസാജ് ചെയ്യുക. ചെറിയ തുണി മടക്കിയെടുത്ത് മടക്കുകളില്‍ വെച്ച്‌ കൊടുത്താല്‍ തൊലി തമ്മിലുരഞ്ഞു പൊട്ടുന്നതും അഴുകുന്നതും തടയാം.

തലമുടി കഴുകുന്നതിനായി കട്ടിലില്‍ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച്‌ രോഗിയെ കട്ടിലിന് അറ്റത്തേക്ക് തല വരുന്ന രീതിയില്‍ കിടത്തുക റബ്ബർ ഷീറ്റിന്‍റെ ഒരു ഭാഗം കട്ടിലിന് താഴെ ഒരു ബക്കറ്റ് വെച്ച്‌ അതിലേക്ക് ഇറക്കി വെക്കുക. രോഗിക്ക് കഴുത്ത് വേദന ഇല്ലാതിരിക്കാൻ ഒരു തുണി മടക്കി കഴുത്തിനടിയില്‍ വെച്ചു കൊടുക്കുക.

റബ്ബർ ഷീറ്റിന്‍റെ ഇരുവശവും പൊക്കി വെച്ചാല്‍ മറ്റു ഭാഗങ്ങളിലേക്ക് വെള്ളം ആവുന്നത് തടയാം. ചെവികള്‍ കോട്ടണ്‍ വച്ച്‌ അടക്കുക. കണ്ണുകള്‍ ഒരു ടവ്വല്‍ ഉപയോഗിച്ച്‌ മൂടുക തലയും മുടിയും നനച്ച ശേഷം ഷാംപൂ/താളി ഉപയോഗിച്ച്‌ നന്നായി കഴുകുക. ടവ്വല്‍ ഉപയോഗിച്ച്‌ തുടച്ച്‌ ഉണങ്ങാൻ അനുവദിക്കുക.

കണ്ണിന്‍റെ പരിചരണം

പഞ്ഞിയോ കോട്ടണ്‍ തുണിയോ തണുത്ത വെള്ളത്തില്‍ മുക്കി കണ്‍പോളകള്‍, മൂക്കിന്‍റെ ഭാഗത്തുനിന്ന് ചെവിയുടെ ഭാഗത്തേക്ക് തുടക്കുക. ഒരു പ്രാവശ്യം ഉപയോഗിച്ച തുണി പിന്നീട് ഉപയോഗിക്കരുത്. സ്വയം മുഖം കഴുകാൻ പറ്റുന്ന രോഗിയാണെങ്കില്‍ ദിവസവും പലതവണ തണുത്ത വെള്ളത്തില്‍ കഴുകണം.

മൂക്കിന്‍റെ പരിചരണം

തുണി തിരി പോലെ ആക്കിയോ, വിരലില്‍ തുണി ചുറ്റിയോ മൂക്ക് വൃത്തിയാക്കണം. ഭക്ഷണത്തിനായി മൂക്കിലൂടെ ട്യൂബ് ഇട്ട രോഗിയാണെങ്കില്‍ പ്രത്യേക പരിചരണം ആവശ്യമുണ്ട്.

ചെവിയുടെ പരിചരണം

ചെവിയുടെ പുറംഭാഗവും പിന്നീട് മടക്കുകളും ഉള്‍ഭാഗവും വെള്ളത്തില്‍ മുക്കി പിഴിഞ്ഞ തുണി വിരലുകളില്‍ ചുറ്റി തുടച്ചു വൃത്തിയാക്കുക. ആവശ്യമെങ്കില്‍ ബഡ്സ് ഉപയോഗിച്ച്‌ വൃത്തിയാക്കാം. ചെവിയുടെ ദ്വാരത്തിനുള്ളിലേക്ക് ഒരു കാരണവശാലും ഈർക്കിള്‍, പിൻ പോലുള്ള വസ്തുക്കള്‍ കടത്തരുത്.

ശയ്യാവൃണം വരാതിരിക്കാൻ വേണ്ട മുൻകരുതലുകള്‍

● ദിവസവും കുളിപ്പിക്കുകയോ നനച്ചു തുടക്കുകയോ ചെയ്യുക
● നനവുകള്‍ ഒപ്പിയെടുത്ത് പാരഫിൻ/വാസലിൻ പുരട്ടി വട്ടത്തില്‍ മസാജ് ചെയ്യുക
● അയഞ്ഞ വസ്ത്രങ്ങള്‍ ധരിപ്പിക്കുക
● ബെഡ്ഷീറ്റ് ചുളിവുകള്‍ ഇല്ലാതെ വിരിക്കുക
● ബെഡ്ഷീറ്റ് മാറ്റുന്ന സമയത്ത് വലിച്ചെടുക്കാതെ രോഗിയെ ചരിച്ചു കിടത്തിയ ശേഷം പഴയ ബെഡ്ഷീറ്റ് രോഗിയുടെ അടുത്തേക്ക് ചുരുട്ടി വെച്ച്‌ പകരം പുതിയ ബെഡ്ഷീറ്റ് പകുതി വിരിച്ചു വയ്ക്കുക, ശേഷം എതിർവശത്തേക്ക് ചരിച്ചു കിടത്തി പഴയ ഷീറ്റ് എടുത്തുമാറ്റി ബാക്കിയുള്ള പുതിയ ഷീറ്റ് ചുളിവുകള്‍ ഇല്ലാതെ വിരിക്കുക
● ബെഡ്ഷീറ്റ് ബെഡിന് നാലുവശവും ഉള്ളിലേക്ക് മടക്കി വെക്കുക (രോഗിയെ ഇടതുവശത്തേക്ക് ചരിക്കുമ്ബോള്‍ വലതുകാല്‍ മടക്കി വെച്ചതിനുശേഷം ചരിക്കുക. അപ്പോള്‍ എളുപ്പത്തില്‍ ചരിക്കാൻ സാധിക്കും)
● എയർ ബെഡ് / വാട്ടർ ബെഡ് ഇടുക
● കട്ടില്‍ ചുമലിനോട് ചേർത്ത് ഇടാതിരിക്കുക
● ബെഡില്‍ ഭക്ഷണ അവശിഷ്ടങ്ങള്‍ മറ്റു സാധനങ്ങള്‍ ഒന്നും ആവാതെ സൂക്ഷിക്കുക
● മലമൂത്ര-വിസർജനം, വിയർപ്പ്, വെള്ളം തുടങ്ങിയ നനവുകളുണ്ടെങ്കില്‍ ഉടനെ ബെഡ്ഷീറ്റ് മാറ്റണം
● ഓരോ രണ്ടു മണിക്കൂർ കൂടുമ്ബോള്‍ തിരിച്ചും മറിച്ചും കിടത്തേണ്ടതാണ്. ആ സമയത്ത് മസാജ് ചെയ്തു കൊടുക്കണം.

മൂത്രത്തിനു ട്യൂബിട്ട രോഗികളും പരിചാരകരും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

● രോഗിയുടെ അവസ്ഥ അനുസരിച്ചു കുളിപ്പിക്കുകയോ തുടക്കുകയോ ചെയ്യുക
● ട്യൂബിട്ട ഭാഗത്തെ രോമങ്ങള്‍ കത്രിക ഉപയോഗിച്ച്‌ മുറിച്ചു മറ്റേണ്ടതാണ്
● പൊക്കിളിനു താഴോട്ട് ട്യൂബിട്ടഭാഗവും, തുടയിടുക്കുകളും സോപ്പും വെള്ളവും ഉപയോഗിച്ച്‌ വൃത്തിയായി രാവിലെയും വൈകിട്ടും കഴുകുക. പുരുഷൻ മാർ ആണെങ്കില്‍ അഗ്രചർമ്മം നീക്കിയശേഷം വൃത്തിയായി കഴുകി തൊലി യഥാസ്ഥാനത്താക്കുക.
● ട്യൂബിന്‍റെ മഞ്ഞ നിറത്തിലുള്ള ഭാഗം പ്രേത്യേകം കഴുകാൻ ശ്രെദ്ധിക്കേണ്ടതാണ്.
● മലവിസർജനം നടത്തുമ്ബോള്‍ മലം ട്യൂബിലോ ട്യൂബിട്ട ഭാഗത്തോ ആകാതെ ശ്രെദ്ധിക്കുക.
● യൂറിൻ ബാഗ് ട്യൂബില്‍നിന്ന് ഊരാൻ പാടില്ല. അങ്ങിനെ സംഭവിച്ചാല്‍ യോജിപ്പിക്കുന്ന ഭാഗം തിളപ്പിച്ചാറിയ വെള്ളത്തില്‍ കഴുകിയതിനു ശേഷം യോജിപ്പിക്കുക.
● ട്യൂബ് വലിഞ്ഞു പോകാതിരിക്കാൻ മുട്ടിനു മുകളില്‍ കട്ടിലിനു വശങ്ങളിലായി ബാഗ് കെട്ടേണ്ടതാണ്. അല്ലെങ്കില്‍ ട്യൂബ് വലിഞ്ഞു രക്തം വരാൻ സാധ്യത ഉണ്ട്.
● രണ്ടു മണിക്കൂർ കൂടുമ്ബോഴെങ്കിലും ബാഗില്‍ വരുന്ന മൂത്രം ഒഴിവാക്കണം.
● മൂത്രത്തിന്‍റെ ബാഗ് അരക്കു താഴെ വരുന്ന രീതിയില്‍ ആണ് കെട്ടേണ്ടത്.
● ട്യൂബിട്ടവർ നന്നായി വെള്ളം കുടിക്കണം (ഡോക്ടർ മറിച്ച്‌ നിർദ്ദേശിച്ചിട്ടില്ലെങ്കില്‍).
● ദിവസവും മല വിസർജനമുണ്ടെന്ന് ഉറപ്പു വരുത്തണം.
● ട്യൂബ് മാസത്തില്‍ ഒരിക്കല്‍ മാറ്റുക.
● ട്യൂബ് ലീക്കാകുകയോ, ബ്ലോക്കാകുകയോ, പഴുപ്പ് കാണുകയോ ചെയ്താല്‍ വിവരം നഴ്സിനെയോ, ആരോഗ്യ പ്രവർത്തകരെയോ അറിയിക്കണം.

മൂക്കിലിട്ട ട്യൂബിലൂടെ ഭക്ഷണം കൊടുക്കുമ്ബോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

● മൂക്കും വായും സാധാരണ പോലെ വൃത്തി യാക്കേണ്ടതാണ്.
● രോഗിയുടെ തലഭാഗം ഉയർത്തി വെച്ച ശേഷം മാത്രം ഭക്ഷണം നല്‍കുക.
● ട്യൂബിലൂടെ കൊടുക്കുന്ന ആഹാര സാധനങ്ങള്‍ നന്നായി ജ്യൂസ് ആക്കി അരിച്ചതിനു ശേഷം മാത്രം കൊടുക്കുക.
● ഓരോ ഗ്ലാസ് (200എം.എല്‍) ആഹാരവും തിളപ്പിച്ചാറിയ വെള്ളവും രോഗിയുടെ അടുത്തുതന്നെ എടുത്തു വക്കുക.
● ട്യൂബ് മടക്കിപിടിച്ചു അടപ്പ് തുറന്നു സിറിഞ്ചിലൂടെ ദ്രവരൂപത്തിലുള്ള ആഹാരം ഒഴിച്ചു കൊടുക്കാം.
● ഭക്ഷണം കൊടുക്കുന്നതിനു മുമ്ബും ശേഷവും തിളപ്പിച്ചാറിയ വെള്ളം കൊടുക്കണം. ഇത് ട്യൂബ് വൃത്തിയാവാനും തടസ്സം നീങ്ങാനും സഹായിക്കും.
● ഭക്ഷണം കൊടുത്തശേഷം ട്യൂബ് അടപ്പിട്ട് വെക്കാൻ ശ്രദ്ധിക്കണം.
● അബോധവസ്ഥയിലല്ലാത്ത രോഗിയാണെങ്കില്‍ കൊടുക്കുന്ന ആഹാരം രോഗിയുടെ വായില്‍ തൊട്ടു വച്ചു കൊടുക്കാം. ഇത് രുചി അറിയാൻ സഹായിക്കും.
● ട്യൂബ് ആദ്യത്തേതിലും പുറത്തേക് വന്നിട്ടുണ്ടെങ്കിലോ, ചുമ ഉണ്ടെങ്കിലോ ഭക്ഷണം കൊടുക്കാൻ പാടില്ല. നഴ്സിന്‍റെ സഹായം തേടേണ്ടതാണ്.
● ട്യൂബ് പിടിച്ചു വലിക്കാതിരിക്കാൻ ചെവിയുടെ വശത്ത് ഒട്ടിച്ചു വെക്കാവുന്നതാണ്.
● ട്യൂബ് ഒട്ടിച്ചുവെച്ച പ്ലാസ്റ്റർ ഇളകിയിട്ടുണ്ടെങ്കിലോ അഴുക്കായിട്ടുണ്ടെങ്കിലോ മാറ്റി ഒട്ടിക്കോനും ശ്രദ്ധിക്കണം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top