×

ഇലക്ട്രിക്കല്‍ എഞ്ചിനിയറായ നിതീഷ് NDA ല്‍ എത്തിയത് ബീഹാറില്‍ നിന്നും ലോക്‌സഭയില്‍ 18 സീറ്റ് ജയിക്കാന്‍

ആയുർവേദ വൈദ്യൻ കരവിരാജ് രാംലഖന്റെയും പരമേശ്വരി ദേവിയുടെയും മകനായി 1951 മാർച്ച്‌ ഒന്നിന് ജനനം. ഇപ്പോള്‍ പട്‌ന എൻ.ഐ.ടി ആയി മാറിയ ബീഹാർ എൻജിനിയറിംഗ് കോളേജില്‍ നിന്ന് ഇലക്‌ട്രിക്കല്‍ എൻജിനിയറിംഗ് ബിരുദമെടുത്ത നിതീഷ് വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥനായാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്.

1970കളില്‍ ജെ.പിയുടെ സോഷ്യലിസ്റ്റ് മൂവ്‌മെന്റില്‍ ആകൃഷ്‌ടനായി ജനതാപാർട്ടിയിലൂടെ രാഷ്‌ട്രീയത്തില്‍ തിളങ്ങി. പിന്നീട് ജോർജ്ജ് ഫെർണാണ്ടസിനൊപ്പം സമതാ പാർട്ടി രൂപീകരിച്ചു. പാർട്ടി ക്ളച്ച്‌ പിടിക്കാതെ വന്നതോടെയാണ് 2003-ല്‍ ജെ.ഡി.യുവില്‍ ലയിച്ചത്. 1985ല്‍ ഹർനൗത്തില്‍ നിന്ന് ആദ്യമായി നിയമസഭാംഗവും 1996ല്‍ ബറില്‍ നിന്ന് ആദ്യമായി ലോക്‌സഭാംഗവും. 1998ലെ വാജ്‌പേയി സർക്കാരില്‍ റെയില്‍വേ, ഗതാഗത, കൃഷി വകുപ്പുകളുടെ മന്ത്രിയുമായി. റെയില്‍വേയില്‍ ഇന്റർനെറ്റ് ടിക്കറ്റ് ബുക്കിംഗും തത്കാലും ഇദ്ദേഹത്തിന്റെ പരിഷ്‌കാരം.

2000 മാർച്ചില്‍ 3ന് ബി.ജെ.പി പിന്തുണയോടെ ബിഹാറില്‍ ആദ്യമായി മുഖ്യമന്ത്രി പദത്തില്‍. എന്നാല്‍ ഭൂരിപക്ഷമില്ലാതെ ഏഴു ദിവസത്തിനുള്ളില്‍ രാജി. 2004ല്‍ വീണ്ടും ലോക്‌സഭയില്‍. 2005ല്‍ രണ്ടാം വട്ടം മുഖ്യമന്ത്രിയായപ്പോള്‍ കാലാവധി തികച്ചു. നരേന്ദ്രമോദിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കിയതില്‍ പ്രതിഷേധിച്ച്‌ 2014ല്‍ എൻ.ഡി.എ വിട്ടു. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാർട്ടിയുടെ മോശം പ്രകടനത്തെ തുടർന്ന് രാജിവച്ച്‌ അടുത്ത അനുയായി ജിതൻ റാം മാഞ്ജിയെ മുഖ്യമന്ത്രിയാക്കി (പിണങ്ങി പാർട്ടി വിട്ട മാഞ്ജിയും ഇപ്പോള്‍ എൻ.ഡി.എയിലുണ്ട്).

2015ലെ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്ബ് വീണ്ടും മുഖ്യമന്ത്രി പദത്തില്‍. തിരഞ്ഞെടുപ്പില്‍ ആർ.ജെ.ഡിക്കും കോണ്‍ഗ്രസിനും ഒപ്പം മഹാമുന്നണി സർക്കാരിന് നേതൃത്വം. ഉപമുഖ്യമന്ത്രി തേജസ്വിയുടെ അഴിമതിയെ ചൊല്ലി 2017ല്‍ വീണ്ടും രാജി. പ്രതിപക്ഷമായ എൻ.ഡി.എ പാളയത്തിലേക്കു കാലുമാറി മണിക്കൂറുകള്‍ക്കുള്ളില്‍ ആറാംതവണ മുഖ്യമന്ത്രി. 2020തിരഞ്ഞെടുപ്പില്‍ എൻ.ഡി.എ പിന്തുണയില്‍ ജയിച്ച്‌ മുഖ്യമന്ത്രിക്കസേര നിലനിർത്തി. രണ്ടു വർഷം കഴിഞ്ഞപ്പോള്‍ ബി.ജെ.പിയുമായി പിണങ്ങി വീണ്ടും മഹാമുന്നണിയിലേക്ക്. ആ ബന്ധമാണ് ഇന്നലെ ഇല്ലാതാക്കി, വീണ്ടും ബി.ജെ.പിയുമായി കൈകോർത്തത്. ഭാര്യ മഞ്ജുകുമാരി സിൻഹ 2007ല്‍ മരിച്ചു. ഒരു മകൻ: നിശാന്ത് കുമാർ.

 

ണ്ടു വർഷം മുമ്ബ് എവിടെനിന്ന് ഇറങ്ങിവന്നോ അവിടേക്കുതന്നെ തിരികെപ്പോയ നിതീഷ്‌കുമാർ രാഷ്‌ട്രീയത്തില്‍ സ്ഥിരമായ മിത്രങ്ങളും ശത്രുക്കളുമില്ലെന്ന വിശേഷണത്തിന് ഏറ്റവും അനുയോജ്യനെന്ന് വീണ്ടും തെളിയിച്ചു.

എൻ.ഡി.എയില്‍ നിന്ന് ഇറങ്ങിവന്നത് മോദിയുടെ നേതൃത്വത്തോടുള്ള അസ്വാസ്ഥ്യവും ബി.ജെ.പിയുടെ വല്ല്യേട്ടൻ മനോഭാവവും കാരണമാണ്. ബീഹാറില്‍ തന്റെ പാർട്ടിയെ ബി.ജെ.പി ചുറ്റിവരിഞ്ഞ് ഇല്ലാതാക്കുമെന്നു പേടിച്ചാണ് കോണ്‍ഗ്രസ്- ആർ.ജെ.ഡി കക്ഷികളുള്ള മഹാമുന്നണിയിലേക്ക് തിരിച്ചുവന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി.ജെ.പി പാളയത്തിലേക്ക് മടങ്ങിയ നിതീഷ് കണക്കുകൂട്ടുന്നത് എന്തായിരിക്കും?

കോണ്‍ഗ്രസ്, തൃണമൂല്‍, ആംആദ്‌മി, എൻ.സി.പി, ഇടതു പാർട്ടികള്‍ തുടങ്ങിയ പ്രതിപക്ഷ പാർട്ടികളെ ഒരു മുന്നണിക്കു കീഴില്‍ കൊണ്ടുവരാൻ മുൻകൈയെടുത്ത നേതാവാണ് നിതീഷ്. ഡല്‍ഹിയിലും മറ്റു സംസ്ഥാനങ്ങളിലും ദൗത്യവുമായി നിതീഷ് നേരിട്ടെത്തി. നരേന്ദ്രമോദിക്കെതിരെ പ്രതിപക്ഷത്തിന്റെ സംയുക്ത പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകാൻ ഉടുപ്പും തയ്‌പിച്ചു. പാട്‌നയില്‍ മുന്നണിയുടെ ആദ്യ യോഗം സംഘടിപ്പിച്ചതും നിതീഷ് തന്നെ. പക്ഷേ ‘ഇന്ത്യ’യില്‍ അദ്ദേഹം കണക്കുകൂട്ടിയതുപോലെ കാര്യങ്ങള്‍ നടന്നില്ല. ദളിത് പ്രധാനമന്ത്രി സ്ഥാനാർത്ഥിയെന്ന ആശയം മമതയും അരവിന്ദ് കേജ്‌രിവാളും കൊണ്ടുവന്നിട്ടത് അദ്ദേഹത്തിന്റെ സ്വപ്‌നങ്ങള്‍ക്കു മേലാണ്.

 

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top