×

നാടിന്റെ അഭിമാനമായ മാത്യു ബെന്നിക്ക് പുതുവര്‍ഷം സമ്മാനിച്ചത് തീരാവേദന.

തൊടുപുഴ: പതിമൂന്നാം വയസ്സില്‍ അച്ഛന്റെ മരണത്തെ തുടര്‍ന്നാണ് മാത്യു ബെന്നി ക്ഷീര കര്‍ഷകനായത്. കുറഞ്ഞ സമയത്തിനുള്ളില്‍ നാടിന്റെ അഭിമാനമായ മാത്യു ബെന്നിക്ക് പുതുവര്‍ഷം സമ്മാനിച്ചത് തീരാവേദന.
മാത്യുവിന്റെ ഫാമിലെ 20 പശുക്കളാണ് ഇന്ന് രാത്രിയും ഇന്ന് പുലര്‍ച്ചെയുമായി കൂട്ടത്തോടെ ചത്തത്.

പിതാവിന്റെ മരണത്തോടെയാണ് കുടുംബം പുലര്‍ത്താൻ മാത്യു ബെന്നി പതിമൂന്നാം വയസ്സില്‍ അമ്മയ്ക്കൊപ്പം പശു ഫാം ആരംഭിച്ചത്. പഠനത്തോടൊപ്പമാണ് മാത്യു പശുക്കളേയും വളര്‍ത്തിയത്. മികച്ച കുട്ടിക്ഷീര കര്‍ഷകനുള്ള അവാര്‍ഡ് അടക്കം നിരവധി പുരസ്കാരങ്ങള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ മാത്യുവിനെ തേടിയെത്തി. മന്ത്രി റോഷി അഗസ്റ്റിൻ വീട്ടിലെത്തി മാത്യുവിനെ ആദരിക്കുകയും ചെയ്തിരുന്നു.

ജീവനു തുല്യം ഓമനിച്ചു വളര്‍ത്തിയ പശുക്കള്‍ ഒന്നൊന്നായി കുഴഞ്ഞു വീണു ചാകുന്നത് കണ്ട് മാത്യുവിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടര്‍ന്ന് മാത്യുവിനെയും മാതാവിനെയും മൂലമറ്റത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകിട്ട് പുതുവത്സരവുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങള്‍ പുറത്തു പോയിരുന്നു. തിരിച്ചെത്തി രാത്രി എട്ട് മണിയോടെ പശുക്കള്‍ക്ക് തീറ്റ നല്‍കി. ഏതാനും സമയത്തിനുള്ളില്‍ പശുക്കള്‍ തളര്‍ന്നു വീഴുകയും പിന്നീട് ചാകുകയുമായിരുന്നു. പശുക്കള്‍ക്ക് നല്‍കിയ തീറ്റയില്‍ മരച്ചീനിയുടെ തൊലിയും ഉള്‍പ്പെട്ടതായി പറയുന്നു.

സംഭവമറിഞ്ഞ് നാട്ടുകാരും ഓടിയെത്തി. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വെറ്റിനറി ഡോക്ടര്‍മാരായ ഡോ ഗദ്ദാഫി, ഡോ ക്ലിന്റ്, ഡോ സാനി, ഡോ ജോര്‍ജിൻ എന്നിവരും സ്ഥലത്തെത്തി. മരുന്ന് നല്‍കിയെങ്കിലും പശുക്കിടാങ്ങള്‍ അടക്കം ഇതിനോടകം 20 പശുക്കള്‍ ചത്തു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top