×

അസ്ഫാക് ആലത്തിന്‍റെ സുപ്രീംകോടതിയും വധശിക്ഷ ശരിവെച്ചാല്‍, രാഷ്ട്രപതി ദയാഹരജി തള്ളുന്നതോടെ വധശിക്ഷ

കൊച്ചി: അസ്ഫാക് ആലത്തിന്‍റെ വധശിക്ഷ നടപ്പാകാൻ നിയമനടപടികളുടെ കടമ്ബകള്‍ ഇനിയുമേറെ കടക്കണം. സെഷൻസ് കോടതി വിധിക്ക് ഹൈകോടതിയുടെ അംഗീകാരംകൂടി ലഭിച്ചാലേ ശിക്ഷാവിധി നിലവില്‍വരൂ.

ഹൈകോടതിയുടെ അംഗീകാരം ലഭിക്കാൻ അവിടെയും വാദം കേള്‍ക്കണം.

വധശിക്ഷക്ക് അനുമതി നല്‍കേണ്ട വിഷയത്തില്‍ പ്രതിയുടെയോ പ്രോസിക്യൂഷന്‍റെയോ മറ്റ് ബന്ധപ്പെട്ടവരുടെയോ അപ്പീലുകള്‍കൂടി ഈ ഘട്ടത്തില്‍ ഉണ്ടാകാറുണ്ട്. ഈ ഹരജികളിലെയും അംഗീകാരം നല്‍കേണ്ടത് സംബന്ധിച്ച വിഷയത്തിലെയും വാദം ഒന്നിച്ച്‌ നടക്കുകയാണ് പതിവ്. എന്നാല്‍, വിചാരണ കോടതി വിധിച്ച വധശിക്ഷയില്‍ തീരുമാനം എടുക്കാൻ മിറ്റിഗേഷൻ ഇൻവെസ്റ്റിഗേഷൻകൂടി (ശിക്ഷ ലഘൂകരിക്കേണ്ടതുണ്ടോ എന്ന അന്വേഷണം) കോടതി നടത്തേണ്ടതുണ്ടെന്ന് അടുത്തിടെ സുപ്രീംകോടതിയുടെ നിര്‍ദേശമുണ്ട്. ഇതോടെ ഹൈകോടതി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാൻ കൂടുതല്‍ സമയമെടുക്കും.

വധശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസിലെ ഒന്നാം പ്രതി നിനോ മാത്യു, പെരുമ്ബാവൂരില്‍ നിയമ വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി അമീറുല്‍ ഇസ്ലാം എന്നിവരുടെ അപ്പീല്‍ ഹരജികള്‍ ഇത്തരം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാൻ ഇപ്പോഴും ഹൈകോടതിയുടെ പരിഗണനയിലാണ്. രണ്ട് കേസുകളിലും മിറ്റിഗേഷൻ ഇൻവെസ്റ്റിഗേഷൻ നടപടികള്‍ക്ക് ഉത്തരവിട്ടിരിക്കുകയാണ്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസുകളിലേ വധശിക്ഷ നല്‍കാവൂ എന്ന മുൻ ഉത്തരവുകളുടെ തുടര്‍ച്ചയായാണ് ഇത്തരമൊരു അന്വേഷണത്തിന് സുപ്രീംകോടതി നിര്‍ദേശമുള്ളത്. വധശിക്ഷ വിധിച്ച കേസുകളില്‍ സംസ്ഥാനത്ത് ആദ്യമായാണ് ഈ രണ്ടു കേസുകളില്‍ മിറ്റിഗേഷൻ ഇൻവെസ്റ്റിഗേഷൻ ഉത്തരവുണ്ടാകുന്നത്. ദേശീയ നിയമ വിദ്യാലയമായ നുവാല്‍സിലെ വിദ്യാര്‍ഥികളെയാണ് ഇതുസംബന്ധിച്ച പഠനത്തിന് ഹൈകോടതി നിയോഗിച്ചത്. ഇതുസംബന്ധിച്ച സര്‍ക്കാറിന്‍റെ റിപ്പോര്‍ട്ടും കോടതി തേടേണ്ടതുണ്ട്.

അസ്ഫാക് ആലത്തിന്‍റെ വധശിക്ഷക്ക് അംഗീകാരം നല്‍കാനുള്ള വിഷയവും അപ്പീലുകളും പരിഗണിക്കുമ്ബോഴും സുപ്രീംകോടതി നിര്‍ദേശം പാലിക്കപ്പെട്ടിട്ടില്ലെന്ന് കണ്ടെത്തിയാല്‍ മിറ്റിഗേഷൻ ഇൻവെസ്റ്റിഗേഷന് ഹൈകോടതി ഉത്തരവിടേണ്ടിവരും.

 

വാദം പൂര്‍ത്തിയാക്കി ശിക്ഷ ശരിവെച്ചാല്‍ പ്രതിയും വധശിക്ഷ റദ്ദാക്കിയാല്‍ പ്രോസിക്യൂഷനോ കുട്ടിയുടെ ബന്ധുക്കളോ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും ഏറക്കുറെ ഉറപ്പാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണോ ഹൈകോടതി വിധിയെന്ന സൂക്ഷ്മപരിശോധന സുപ്രീംകോടതിയും നടത്തും.

 

തലനാരിഴ കീറിയുള്ള പരിശോധനക്കൊടുവില്‍ സുപ്രീംകോടതിയും വധശിക്ഷ ശരിവെച്ചാല്‍, പുനഃപരിശോധന ഹരജി നല്‍കാം. അതും തള്ളിയാല്‍ പ്രതിക്ക് മുന്നിലുള്ള മാര്‍ഗം രാഷ്ട്രപതിക്ക് ദയാഹരജി നല്‍കുകയെന്നതാണ്.

 

ദയാഹരജി തള്ളുന്നതോടെയാണ് വധശിക്ഷ അന്തിമമായി ഉറപ്പാവുക. കോടതികളുടെയും രാഷ്ട്രപതിയുടെയും തീരുമാനങ്ങളിലെ നടപടിക്രമങ്ങളിലെ അപാകത ചൂണ്ടിക്കാട്ടി ഡല്‍ഹി നിര്‍ഭയ കൊലക്കേസ് പ്രതികള്‍ നിരന്തരം കോടതിയെ സമീപിച്ച്‌ അവസാന നിമിഷം വരെ നിയമ പോരാട്ടം നടത്തിയ ചരിത്രവുമുണ്ട്.

അവസാന അപ്പീല്‍ സാധ്യതയും തള്ളപ്പെടുന്നതോടെ ബ്ലാക്ക് വാറന്റ് പുറപ്പെടുവിച്ച്‌ ശിക്ഷ നടപ്പാക്കാനുള്ള പ്രക്രിയക്ക് തുടക്കം കുറിക്കും.

 

പിന്നീട് ‘കണ്ടെംം‌ഡ് സെല്‍’ എന്ന ഏകാന്ത തടവിലേക്ക് പ്രതിയെ മാറ്റും. മരണം മുന്നില്‍ക്കണ്ട് മാനസികമായി തകര്‍ന്ന പ്രതിയെ വധശിക്ഷ സ്വബോധത്തോടെ സ്വീകരിക്കാനുള്ള മാനസികാവസ്ഥയിലെത്തിക്കാനുള്ള നടപടികള്‍ ജയിലധികൃതര്‍ സ്വീകരിക്കും. ഇഷ്ടമുള്ള ആഹാരം നല്‍കുകയും ഇഷ്ടമുള്ളവരെ സന്ദര്‍ശകരായി അനുവദിക്കുകയും ചെയ്യും. ചികിത്സ ആവശ്യമുള്ളവര്‍ക്ക് അത് നല്‍കും. വില്‍പത്രം എഴുതാൻ നിയമസഹായം ചെയ്തുനല്‍കും

 

. മതവിശ്വാസ പ്രകാരമുള്ള പ്രാര്‍ഥനകള്‍ക്കും മറ്റും പുരോഹിതരുടെ സാന്നിധ്യത്തില്‍തന്നെ അവസരമൊരുക്കും. ഈ സമയത്തെല്ലാം തൂക്കിലേറ്റുന്ന കയറിന് താങ്ങാനാവുന്നവിധം പ്രതിയുടെ തൂക്കം ക്രമീകരിച്ച്‌ നിര്‍ത്താനുള്ള നടപടികളുമുണ്ടാകും. സൂര്യോദയത്തിനു മുമ്ബാണ് വധശിക്ഷ നടപ്പാക്കാറുള്ളത്. തൂക്കുന്നതിനു മുമ്ബ് അതേ ഭാരമുള്ള ഡമ്മി തൂക്കി കയറിന്റെ ബലം ഉറപ്പുവരുത്തും. അതിനു ശേഷമാവും കഴുമരത്തിന്റെ പോഡിയത്തില്‍ പ്രതിയെ എത്തിച്ച്‌ തലയില്‍ കറുത്ത സഞ്ചി ധരിപ്പിച്ചു നിര്‍ത്തി ശിക്ഷ നടപ്പാക്കുക. മൃതദേഹം പിന്നീട് ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

തൂക്കുകയറിലേക്ക് കടമ്ബകളേറെ

 

ആരാച്ചാരുടെ അഭാവം സംസ്ഥാനത്ത് വധശിക്ഷകള്‍ നടപ്പാക്കാതിരിക്കാൻ ഒരു കാരണമാണ്. ആരാച്ചാരെ കണ്ടെത്തി തൂക്കിലേറ്റാനുള്ള ഉത്തരവ് പുറപ്പെടുവിച്ചു കഴിഞ്ഞാല്‍ ആരാച്ചാര്‍ക്ക് പിന്നീട് ലഭിക്കുന്നത് വി.ഐ.പി പരിവേഷമായിരിക്കും. സന്ദര്‍ശകര്‍ക്കടക്കം നിയന്ത്രണമുണ്ടാകും. അവരും കുടുംബവും പൊലീസ് സുരക്ഷക്ക് കീഴിലാകും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top