കരയുദ്ധം ശനിയാഴ്ച ; അമേരിക്കൻ വിമാനം ആയുധങ്ങളുമായി ഇസ്രയേലില്‍

സിറിയൻ, ലെബനീസ് പോര്‍മുഖങ്ങളും
ഗാസ ഇരുട്ടിലാകും
ഇസ്രയേലില്‍ സംയുക്ത മന്ത്രിസഭ
യു. എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇന്ന് എത്തും
ഗാസ: മാരകമായ വ്യോമാക്രമണത്തില്‍ തകര്‍ന്നടിഞ്ഞ ഗാസയില്‍ കരയുദ്ധത്തിന് ഏത് നിമിഷവും ഇരച്ചുകയറാൻ തയ്യാറായി ഇസ്രയേല്‍ സേന. കരയുദ്ധം എപ്പോള്‍ വേണമെങ്കിലും തുടങ്ങുമെന്ന് ഇസ്രയേല്‍ സൈനിക അധികൃതര്‍ ഇന്നലെ പ്രഖ്യാപിച്ചു.
അയല്‍ രാജ്യങ്ങളായ ലെബനണിലും സിറിയയിലും നിന്നു കൂടി ആക്രമണം തുടങ്ങിയതോടെ ഇസ്രയേല്‍ മൂന്നിടത്ത് പോര്‍മുഖങ്ങള്‍ തുറന്നു. അതിനിടെ, ഇസ്രയേലില്‍ പ്രതിപക്ഷത്തെ കൂടി ഉള്‍പ്പെടുത്തി സംയുക്ത മന്ത്രിസഭ രൂപീകരിച്ചു.
ഇന്നലെ തെക്കൻ ഇസ്രയേല്‍ നഗരമായ അഷ്കെലോണിലേക്ക് ഹമാസ് തൊടുത്ത റോക്കറ്റുകള്‍ ശിശു സംരക്ഷണ കേന്ദ്രത്തില്‍ പതിച്ചു.
നിരവധി കുട്ടികള്‍ക്ക് പരിക്കേറ്റു. ഇതിന്റെ ചിത്രങ്ങള്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതനാഹ്യു തന്നെ പുറത്തുവിട്ടു. തങ്ങളുടെ 169 സൈനികര്‍ കൊല്ലപ്പെട്ടതായി ഇസ്രയേല്‍ ഇന്നലെ ഔദ്യോഗികമായി അറിയിച്ചു.
ഗാസ ദുരിത നഗരം
ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസ ദുരിത നഗരമായി. ഇവിടത്തെ ഏക വൈദ്യുതി നിലയത്തിലെ ഇന്ധനം തീരാറയതോടെ നഗരം ഇരുട്ടിലാകും.
ഹമാസിന്റെ 450 കേന്ദ്രങ്ങളാണ് ഇതുവരെ ഇസ്രയേല്‍ ആക്രമിച്ചത്. ഇതില്‍ ഇരുനൂറും ഹമാസിന്റെ ശക്തികേന്ദ്രമായ അല്‍ ഫുര്‍ഖാനില്‍.
നൂറുകണക്കിന് ആളുകള്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്. അഭയാര്‍ത്ഥി ക്യാമ്ബുകളില്‍ പട്ടിണിയാണ്. ഗാസ നഗര ഹൃദയവും സമ്ബന്ന മേഖലയുമായ റിമാല്‍ പൂര്‍ണമായും ഇല്ലാതായി.
അപ്പാര്‍ട്ട്മെന്റുകളും വാണിജ്യ കേന്ദ്രങ്ങളും പള്ളികളും സര്‍വകലാശാലകളും ടെലികമ്മ്യൂണിക്കഷൻ കേന്ദ്രവും വിദേശ മാദ്ധ്യമ സ്ഥാപനങ്ങളും ബാക്കിയില്ല.
ഇസ്രയേലിന്റെ സൈനിക വിമാനങ്ങള്‍ കണ്ടെത്താനുള്ള ഹമാസിന്റെ ആധുനിക സംവിധാനങ്ങള്‍ ഇന്നലെ ഇസ്രയേല്‍ പോര്‍വിമാനങ്ങള്‍ തകര്‍ത്തു. ഗാസയിലെ യു. എൻ ആസ്ഥാനം തകര്‍ന്നു. ഇതുവരെ 9 യു. എൻ ജീവനക്കാര്‍ കൊല്ലപ്പെട്ടു.
ഹമാസ് സ്ഥാപകൻ കൊല്ലപ്പെട്ടു
ഹമാസിന്റെ സ്ഥാപകരില്‍ ഒരാളും മുതിര്‍ന്ന ഹമാസ് അംഗവുമായ അബ്ദ് അല്‍ – ഫത്താ ദുഖൻ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്. ‘ അബു ഒസാമ ‘ എന്നറിയപ്പെടുന്ന ഇയാള്‍ പാലസ്തീനിയൻ അഭയാര്‍ത്ഥി ക്യാമ്ബായ നുസെയ്റത്തില്‍ ഒളിവില്‍ കഴിയുകയായിരുന്നെന്നാണ് വിവരം.
ഹമാസിന്റെ സൈനിക വിഭാഗമായ അല്‍ ഖാസം ബ്രിഗേഡിന്റെ സുപ്രീം കമാൻഡര്‍ മുഹമ്മദ് ദീഫിന്റെ പിതാവിന്റെ വസതി തകര്‍ത്തു. പിതാവും സഹോദരനും രണ്ട് ബന്ധുക്കളും കൊല്ലപ്പെട്ടു. മുഹമ്മദ് ദീഫിന്റെ വിവരങ്ങള്‍ ലഭ്യമല്ല. ഹമാസിന്റെ നിയമവിദഗ്ദ്ധൻ സയീദ് അല്‍ ദാഷന്റെ കുടുംബാംഗങ്ങളും കൊല്ലപ്പെട്ടു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്