×

അധ്യാപകന് വര്‍ഷം 1000 മണിക്കൂര്‍ കിട്ടും. അതു പോരേ ? നാലാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ഹോംവര്‍ക്ക് ഇല്ല = ഗണേഷ്കുമാര്‍ എംഎല്‍എ

കൊല്ലം: താൻ മാനേജരായ സ്കൂളില്‍ നാലാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ഹോംവര്‍ക്ക് ഉണ്ടായിരിക്കില്ലെന്ന് കെബി ഗണേഷ്കുമാര്‍ എംഎല്‍എ.

കുട്ടികള്‍ക്ക് പുസ്തകം വീട്ടില്‍ കൊടുത്തുവിടുന്നതും നിര്‍ത്തുകയാണ്. കേരളത്തിലെ പുതിയ വിദ്യാഭ്യാസ പരിഷ്കാരം തന്റെ സ്കൂളില്‍നിന്നു തന്നെ തുടങ്ങുകയാണെന്നും ഗണേഷ്കുമാര്‍ പറഞ്ഞു. കൊല്ലം വെട്ടിക്കവല ഗ്രാമപഞ്ചായത്തു കുടുംബശ്രീ സിഡിഎസ് വാര്‍ഷികാഘോഷ വേദിയിലായിരുന്നു എംഎല്‍എയുടെ പ്രഖ്യാപനം.

ഞാൻ മാനേജരായ സ്കൂളില്‍ ഇനി എല്‍കെജി, യുകെജി മുതല്‍ നാലാം ക്ലാസ് വരെ ഹോം വര്‍ക്കുകളില്ല. പുസ്തകങ്ങളും വീട്ടില്‍ കൊടുത്തയയ്ക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. കേരളത്തിലെ പുതിയ വിദ്യാഭ്യാസ പരിഷ്കാരം ഞാൻ എന്റെ സ്കൂളില്‍നിന്നു തന്നെ തുടങ്ങുകയാണ്. ഭാവിയില്‍ അഞ്ച്, ആറ് ക്ലാസുകളിലും ഇത് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

”നാലാം ക്ലാസ് വരെയുള്ള കുഞ്ഞുങ്ങള്‍ വീട്ടില്‍ വന്നാല്‍ കളിക്കണം, ടിവി കാണണം, അച്ഛന്റെയും അമ്മയുടെയും നെഞ്ചോടു ചേര്‍ന്നു കിടന്ന് കെട്ടിപ്പിടിച്ച്‌ ഉറങ്ങണം, രാവിലെ സ്കൂളില്‍ വരണം. ഇനിമുതല്‍ സ്കൂളില്‍ പഠിപ്പിക്കും. ഈ കുഞ്ഞുങ്ങള്‍ക്ക് ഹോംവര്‍ക്കില്ല. പുസ്തകം തന്നെ വീട്ടില്‍ കൊടുത്തുവിടുന്നത് അവസാനിപ്പിക്കുകയാണ്.- ഗണേഷ് കുമാര്‍ പറഞ്ഞു. കുഞ്ഞുങ്ങള്‍ക്ക് അച്ഛനെയും അമ്മയെയും കെട്ടിപ്പിടിക്കാൻ, അവരുടെ വാത്സല്യം ഏറ്റുവാങ്ങാൻ അവസരം ഇല്ലാതാകുമ്ബോള്‍ അവരെ നമ്മെ വൃദ്ധസദനങ്ങളില്‍ തള്ളും. അങ്ങനെ തള്ളാതിരിക്കാനാണ് തന്റെ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

കുട്ടികള്‍ക്ക് പഠിക്കാനുള്ള സ്കൂളില്‍ ഇരുത്തി പഠിപ്പിക്കും എന്നാണ് അദ്ദേഹം പറയുന്നത്. ഒരു കുഞ്ഞിനെ പഠിപ്പിക്കാൻ അധ്യാപകന് വര്‍ഷം 1000 മണിക്കൂര്‍ കിട്ടും. അതു പോരേയെന്നും ചോദിച്ചു. 200 ദിവസം 5 മണിക്കൂര്‍ വച്ച്‌ ആകെ 1000 മണിക്കൂര്‍ മതി ഒന്നാം ക്ലാസില്‍ പഠിക്കുന്ന കുഞ്ഞിനെ എന്തും പഠിപ്പിക്കാൻ. ആ ആയിരം മണിക്കൂറില്‍ കണക്ക് പഠിപ്പിക്കുക, അതിന്റെ വര്‍ക്ക് ചെയ്യിക്കുക, വൈകിട്ട് സന്തോഷത്തോടെ വീട്ടില്‍ വിടുക .അവര്‍ വീട്ടില്‍ ചെന്ന് കളിക്കട്ടെ. അതിന് കുഞ്ഞുങ്ങള്‍ക്ക് കഴിയട്ടെ എന്നുള്ളതുകൊണ്ട് ഇന്നലെ ഞാൻ ആ തീരുമാനം എടുത്ത് സ്റ്റാഫ് മീറ്റിങ്ങില്‍ ടീച്ചര്‍മാര്‍ക്ക് നിര്‍ദ്ദേശവും കൊടുത്തുകഴിഞ്ഞു. ഭാവിയില്‍ അഞ്ചിലും ആറിലും ഏഴിലും ഞാൻ ഇതു നടപ്പാക്കും. ഇതിന്റെ വ്യത്യാസം എന്താണെന്ന് നിങ്ങള്‍ കണ്ടോളൂ. മൂല്യമുള്ള മക്കളുണ്ടാകും.- ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top