×

‘കെ.സി.ബി.സി പ്രതികരണം കാട്ടുപോത്ത് കാണിച്ചതിനേക്കാള്‍ വലിയ ക്രൂരത’; വിവാദമായപ്പോള്‍ തിരുത്തുമായി വനംമന്ത്രി, നിശ്ശബ്ദരാക്കാന്‍ നോക്കേണ്ടെന്ന് ക്ലീമിസ് ബാവ

കോഴിക്കോട്: കാട്ടുപോത്ത് ആക്രമണത്തില്‍ കെ.സി.ബി.സിയുടെ പ്രതികരണത്തോടുള്ള തന്റെ പ്രസ്താവന വിവാദമായതോടെ തിരുത്തി വനം മന്ത്രി എ.കെ.

ശശീന്ദ്രന്‍. കാട്ടുപോത്ത് കര്‍ഷകരോട് കാണിച്ചതിനേക്കാള്‍ വലിയ ക്രൂരതയാണ് ചിലര്‍ കര്‍ഷകരുടെ മൃതദേഹം വെച്ച്‌ നടത്തുന്നതെന്നും കെ.സി.ബി.സി അവരുടെ പാരമ്ബര്യം മറന്നുപോയോയെന്ന് പരിശോധിക്കണമെന്നുമുള്ള പ്രസ്താവനയാണ് മന്ത്രി പിന്നീട് തിരുത്തിയത്.

കെ.സി.ബി.സി പ്രസിഡന്റ് മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയും കേരള കോണ്‍ഗ്രസ് മാണി വിഭാഗവുമെല്ലാം പ്രസ്താവനക്കെതിരെ തിരിഞ്ഞതോടെയാണ് തിരുത്തല്‍. ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും പ്രശ്‌നങ്ങളുണ്ടാവാതിരിക്കാന്‍ അപേക്ഷിക്കുക മാത്രമാണ് ചെയ്തതെന്നും മന്ത്രി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. സംഘര്‍ഷ രഹിതമായാണ് സമരങ്ങള്‍ നടത്തേണ്ടത്. കെ.സി.ബി.സിക്ക് പ്രകോപനപരമായ നിലപാട് ഇല്ലെന്ന് വ്യക്തം. ആരൊക്കെയാണ് സമരത്തിന് പിന്നിലെന്ന് വ്യക്തമല്ല. ജനത്തെവെച്ച്‌ ചര്‍ച്ച ചെയ്യാനാകില്ല.

കാട്ടുപോത്തിന്റെ അപ്രതീക്ഷിത ആക്രമണം വേട്ടക്കാര്‍ ഓടിച്ചതു കൊണ്ടെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അക്കാര്യത്തില്‍ വ്യക്തതയില്ല. കെ.സി.ബി.സി പ്രകോപനപരമായ സമരങ്ങളെ പ്രോത്സാഹിപ്പിക്കില്ല. ബിഷപ് പറഞ്ഞതിനുശേഷവും മൃതദേഹങ്ങള്‍ വെച്ചുകൊണ്ടുള്ള സമരത്തില്‍ നിന്ന് പിന്‍മാറാന്‍ സമരസമിതിക്കാര്‍ തയാറായിട്ടില്ല. അത്തരം സമരങ്ങളെ കെ.സി.ബിസി പിന്താങ്ങുന്നില്ലെന്നും പ്രോത്സാഹിപ്പിക്കുന്നില്ലെന്നും പറഞ്ഞത് തന്റെ നിലപാടിനെ സാധൂകരിക്കുന്നതാണ്. താമരശ്ശേരി ബിഷപ്പിനെ കാണാന്‍ സമയം ചോദിച്ചിട്ട് അനുമതി നിഷേധിച്ചോയെന്ന് പറയേണ്ടത് ബിഷപ്പാണെന്നും മന്ത്രി പറഞ്ഞു. വന്യജീവി ആക്രമണം പലയിടത്തുമുണ്ട്. വിദഗ്ധരുമായി കൂടിയാലോചന നടത്തുമെന്നും അതിനുശേഷം ഒരു പാനല്‍ ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.

നിശ്ശബ്ദരാക്കാന്‍ നോക്കേണ്ട -ക്ലീമിസ് ബാവ

തിരുവനന്തപുരം: കാട്ടുപോത്തിന്‍റെ ആക്രമണവുമായി ബന്ധപ്പെട്ട് വനംമന്ത്രിയുടെ പരാമര്‍ശത്തിന് മറുപടിയുമായി കെ.സി.ബി.സി പ്രസിഡന്‍റ് കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് ബാവ. നിശ്ശബ്ദരാക്കാന്‍ നോക്കേണ്ടെന്നും ജനങ്ങള്‍ക്കുവേണ്ടി സംസാരിക്കുമെന്നും പറഞ്ഞ അദ്ദേഹം, സര്‍ക്കാറിനോട് പൊതു ആവശ്യം ഉണര്‍ത്തിയെന്നതില്‍ പ്രതിഷേധമോ അസ്വസ്ഥതയോ പ്രകടിപ്പിക്കേണ്ട കാര്യമില്ലെന്നും വാര്‍ത്തക്കുറിപ്പില്‍ പറഞ്ഞു.

കെ.സി.ബി.സി നിലപാടിനെ മന്ത്രി വിമര്‍ശിച്ചിരുന്നു. ജനങ്ങളുടെ ജീവന്‍ നിലനിര്‍ത്തുന്നതിനാവശ്യമായ പക്വമായ നടപടികള്‍ സ്വീകരിക്കുന്നതിനു പകരം ജനങ്ങള്‍ക്കുവേണ്ടി സംസാരിക്കുന്നവരെ ഭയപ്പെടുത്തി നിശ്ശബ്ദരാക്കാമെന്ന് ഒരു വകുപ്പും ഭരണാധികാരിയും വിചാരിക്കേണ്ട. ജനങ്ങളുടെ ധാര്‍മികമായ ഒരാവശ്യം മുന്നോട്ട് വെക്കുമ്ബോള്‍ അതിനു പിറകിലെ യഥാര്‍ഥ കാരണം എന്താണെന്ന് തിരിച്ചറിയലാണ് പക്വതയുടെ ലക്ഷണം -അദ്ദേഹം പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top