×

കേരളത്തിന് മാതൃകയായി MVD ടെ ഗോത്ര സേവ ; മന്ത്രി ആന്റണി രാജു മാങ്കുളത്ത് ലൈസന്‍സ് വിതരണം ചെയ്യും

ഗോത്രസേവ – ദേവികുളം സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസും മാങ്കുളം ഗ്രാമപഞ്ചായത്തും സംയുക്തമായി പൊതുജന സഹകരണത്തോടെ നടപ്പിലാക്കുന്ന നൂതന സന്നദ്ധ സേവനപദ്ധതി. ആദ്യഘട്ടം മാങ്കുളം ശേവല്‍ക്കുടിയില്‍.

 

സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നും വിവിധ കാരണങ്ങളാല്‍ ഒറ്റപ്പെട്ടു നില്‍ക്കുന്ന ഗോത്രവിഭാഗങ്ങളില്‍ ഭൂരിഭാഗംപേരും വസിക്കുന്നത് പൊതു ഗതാഗത സംവിധാനം ലഭ്യമല്ലാത്ത മലമടക്കുകളിലും, ഉള്‍ക്കാടുകളിലുമാണ്. വസ്ത്രം, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിലെ ആവശ്യങ്ങള്‍ക്കു വേണ്ടിപോലും അവര്‍ക്ക് ഏറെദൂരം യാത്ര ചെയ്യേണ്ടിവരുന്നു. ഈ സാഹചര്യത്തില്‍ ഇവരെ സ്വയം പര്യാപ്തരാക്കുന്നതിന് വേണ്ട അടിസ്ഥാന സൗകര്യങ്ങളിലൊന്നായി കണക്കാക്കാവുന്ന സുരക്ഷിതയാത്രാ സംവിധാനം ഒരുക്കേണ്ടത് അനിവാര്യമാണ്. ദൈനംദിന ആവശ്യങ്ങള്‍ക്കായാലും, സഞ്ചരി ക്കണമെങ്കില്‍ മറ്റുള്ളവരെ ആശ്രയിക്കുകയും, അതിനായി വലിയൊരു തുക ചെലവഴിക്കേണ്ടിയും വരുന്നു. ഇതിനൊരു പരിഹാരമെന്ന നിലയിലാണ് ഗോത്രസേവ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്
പരീക്ഷണാടിസ്ഥാനത്തില്‍ ഇടുക്കി ജില്ലയില്‍, ദേവികുളം താലൂക്കില്‍, മാങ്കുളം പഞ്ചായത്തിലെ 13 കുടികളിലെ ഗോത്രജനങ്ങള്‍ക്കായി ദേവികുളം സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിന്റെ നേതൃത്വത്തില്‍ സൗജന്യമായി െ്രെഡവിംഗ് പരിശീലനം നല്‍കി, ലൈസന്‍സ് ലഭ്യമാക്കുന്ന പദ്ധതിയാണ് ഗോത്രസേവ. ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍, ഊരുമൂപ്പന്‍, തദ്ദേശ സ്വയംഭരണ ഭാരവാഹികള്‍, എസ്.ടി. പ്രൊമോട്ടര്‍മാര്‍ എന്നിവരില്‍ നിന്നും വിവരശേഖരണം നടത്തിയതിന്റെ അടിസ്ഥാനത്തില്‍ ഗുണഭോക്താക്കളെ കണ്ടെത്തി അവരില്‍ നിന്നും അപേക്ഷ നേരിട്ട് സ്വീകരിക്കുകയാണ് ഉണ്ടായത്. കൂടാതെ, അധികസമയ സേവന സന്നദ്ധരായി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ആഴ്ചയില്‍ മൂന്ന് ദിവസം വീതം ശേവല്‍കുടി ഗ്രാമകേന്ദ്രത്തില്‍ എത്തി ഗുണഭോക്താക്കള്‍ക്ക് ലേണേഴ്‌സ് പരീക്ഷയ്ക്കുള്ള പാഠങ്ങള്‍ പഠിപ്പിക്കുകയും, പരീക്ഷയ്ക്കായി കമ്പ്യൂട്ടര്‍ പരിശീലനം നല്‍കുകയും ചെയ്തു. തുടര്‍പരിശീലനത്തില്‍, സിലബസ് അനുസരിച്ചുള്ള ഡ്രൈവിംഗ് തിയറിയും പഠിപ്പിച്ചു. പദ്ധതിയുടെ ആദ്യഘട്ട നടത്തിപ്പിനു വേണ്ടുന്ന സാമ്പത്തിക സഹായം സ്‌പോണ്‍സര്‍ഷിപ്പ് വഴി കണ്ടെത്തുകയും ചെയ്തിട്ടുണ്ട് .

പരിമിതമായ യാത്രാസൗകര്യങ്ങള്‍, മറ്റ് സാങ്കേതികമായ തടസ്സങ്ങള്‍, ഗോത്രജനങ്ങളുടെ പൊതുവെയുള്ള ഉള്‍വലിവ് എന്നീ വെല്ലുവിളികളെ അതി ജീവിച്ച് ഗുണഭോക്താക്കള്‍ അറിവ് നേടിയ മുറയ്ക്ക് വിവിധ ഘട്ടങ്ങളിലായി ശേവല്‍ക്കുടി ഗ്രാമകേന്ദ്രത്തില്‍ വച്ച് തന്നെ നടത്തിയ ലേണേഴ്‌സ് ടെസ്റ്റില്‍ രണ്ടു വനിതകള്‍ ഉള്‍പ്പെടെ 32 പേര്‍ വിജയിക്കുകയും, അവര്‍ക്കുള്ള പ്രായോഗിക പരിശീലനം വകുപ്പ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ നടത്തുകയും ചെയ്തു. പരിശീലനം പൂര്‍ത്തിയായ ഘട്ടത്തില്‍ താളുംകണ്ടംകുടിയില്‍ വച്ച് തന്നെ പരീക്ഷ നടത്തി. 2023 ഏപ്രില്‍ 1-ാം തീയതി താളുംകണ്ടം കുടിയിലെ മൈതാനിയില്‍ വച്ച് യോഗ്യരായ 32 അപേക്ഷകരെ ഉള്‍പ്പെടുത്തിക്കൊണ്ട് ഗ്രൗണ്ട് ടെസ്റ്റ് നടത്തുവാന്‍ തീരുമാനിച്ചു. പാര്‍ട്ട് 1 ടെസ്റ്റ് താളുംകണ്ടം മൈതാനിയില്‍ വച്ച് നടത്തി. പാര്‍ട്ട് 2 റോഡ് ടെസ്റ്റ് താളുംകണ്ടം – മാങ്കുളം റോഡില്‍ നടത്തപ്പെട്ടു. ടെസ്റ്റിന് ഹാജരായ 29 പേരില്‍ 24 പേര്‍ വിജയിച്ചു. 7 ദിവസം കഴിഞ്ഞ് നടത്തിയ റീ ടെസ്റ്റില്‍ 4 പേര്‍കൂടി വിജയിച്ചു. 4 പേര്‍ ഇനിയും ടെസ്റ്റിന് പങ്കെടുക്കാനുണ്ട്. പൈലറ്റ് പ്രോജക്ടായി നടപ്പിലാക്കിയ ഗോത്രസേവ പദ്ധതിയില്‍ 2 വനിതകള്‍ ഉള്‍പ്പടെ 28 പേര്‍ വിജയിച്ചു.

 

ഈ പദ്ധതിയുടെ സാധ്യത മുന്‍നിര്‍ത്തി ഇടുക്കി ജില്ലയിലെ മറ്റു പഞ്ചായത്തുകളിലേക്ക് കൂടി ഗോത്രസേവ പദ്ധതി വ്യാപിപ്പിക്കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ ശ്രമം.
പൈലറ്റ് പ്രോജക്ട് വിജയികള്‍ക്ക് 29.04.2023 വൈകുന്നേരം 4 മണിക്ക് മാങ്കുളം ഗ്രാമപഞ്ചായത്ത് അങ്കണത്തില്‍ വച്ച് നടത്തപ്പെടുന്ന ചടങ്ങില്‍ വച്ച് ബഹു. ഗതാഗതവകുപ്പ് മന്ത്രി ശ്രീ. ആന്റണി രാജു അവര്‍കള്‍ ഡ്രൈവിംഗ് ലൈസന്‍സ് നേരിട്ട് കൈമാറുന്നു.

 

പ്രോജക്ടിന്റെ അടുത്ത ഘട്ടം ഗോത്രവര്‍ഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയിലാണ്. കുടികളില്‍ എത്തിച്ചേരാന്‍ ഗ്രൗണ്ട് ക്ലിയറന്‍സ് കൂടിയ 4 വീല്‍ ഡ്രൈവ് വാഹനങ്ങള്‍ മോട്ടോര്‍
വാഹനവകുപ്പിന് ഇല്ലാത്തത് വലിയ തോതില്‍ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.
മൂന്നാം ഘട്ടം മറയൂര്‍ പഞ്ചായത്തിലെ ഗോത്രവര്‍ഗ്ഗ സ്ത്രീശാക്തീകരണം ലക്ഷ്യമാക്കിയുള്ള ‘കനവ്’ പദ്ധതിയാണ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top