×

‘അംഗീകാരമില്ലാത്ത കാലത്തും പ്രവര്‍ത്തിച്ച പാര്‍ട്ടിയാണ്’; തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം സാങ്കേതികം മാത്രം: കാനം രാജേന്ദ്രന്‍.

തിരുവനന്തപുരം: പാര്‍ലമെന്റിലെയും നിയമസഭകളിലേയും പ്രാതിനിധ്യത്തിന്റെ അടിസ്ഥാനത്തിലല്ല പാര്‍ട്ടിയുടെ അംഗീകാരത്തില്‍ തീരുമാനമെടുക്കേണ്ടതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

ഏതെല്ലാം സംസ്ഥാനങ്ങളില്‍ അതിന് ഘടകങ്ങളുണ്ട്, അതിന്റെ പ്രവര്‍ത്തനങ്ങളുണ്ട് എന്നതൊക്കെയാണ്. ഏതെങ്കിലും ഒരു മാനദണ്ഡം വെച്ച്‌ തീരുമാനിക്കുന്നത് ശരിയല്ലെന്നാണ് സിപിഐ നിലപാടെന്ന് കാനം പറഞ്ഞു.

സിപിഐക്ക് ദേശീയ പാര്‍ട്ടി പദവി നഷ്ടമായതില്‍ പ്രതികരിക്കുകയായിരുന്നു കാനം രാജേന്ദ്രന്‍. പരിഷ്‌കരിച്ച മാനദണ്ഡം അനുസരിച്ചുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനപ്രകാരമാണിത്. പുതിയ മാനദണ്ഡം അനുസരിച്ച്‌ സിപിഐക്ക് ദേശീയ അംഗീകാരം നഷ്ടമാകുന്ന സാഹചര്യത്തെക്കുറിച്ച്‌ വിശദീകരണം തേടിയിരുന്നു.

കേരളത്തില്‍ അധികാരത്തിലിരിക്കുന്ന പാര്‍ട്ടി 2019 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ മാത്രമാണ് ജയിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ മാത്രം തീരുമാനിച്ചാല്‍ യാഥാര്‍ത്ഥ്യവുമായി ബന്ധമുണ്ടാകില്ല. പരിഷകരിച്ച മാനദണ്ഡത്തിന് അനുസരിച്ച മാത്രമേ തീരുമാനിക്കു എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചതുകൊണ്ടു മാത്രമാണ് സിപിഐക്ക് ദേശീയ അംഗീകാരം നഷ്ടമായത്.

അത് സാങ്കേതികമായി ഇലക്ഷന്‍ കമ്മീഷനുമായി ബന്ധപ്പെട്ട കാര്യം മാത്രമാണ്. തങ്ങളുടെ രാഷ്ട്രീയത്തിനോ സംഘടനാ പ്രവര്‍ത്തനത്തിനോ ഇത് തടസ്സമേയല്ല. അത് തുടരും. അംഗീകാരമില്ലാത്ത കാലത്തും പ്രവര്‍ത്തിച്ച പാര്‍ട്ടിയാണ്. അത് വീണ്ടും പ്രവര്‍ത്തിക്കും. ഇലക്ഷന്‍ കമ്മീഷനുമായുള്ള ആശയവിനിമയത്തില്‍ സിപിഐ നിലപാട് അറിയിച്ചതാണ്. അത് കമ്മീഷന്‍ അംഗീകരിച്ചില്ല. ഇതില്‍ തുടര്‍ നടപടി എന്തുവേണെന്ന് പാര്‍ട്ടി കേന്ദ്ര നേതൃത്വം തീരുമാനമെടുക്കുമെന്നും കാനം പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top