×

” സര്‍ക്കാരിനെതിരെയാണെന്ന് തെറ്റിദ്ധരിക്കരുതെന്നും വ്യവസ്ഥിതിക്കെതിരെ പറയുന്നത് പൊളിറ്റിക്കലല്ലെ ” = ഗണേഷ് കുമാര്‍

തിരുവനന്തപുരം: ആരോഗ്യ വകുപ്പിലെ ചില ഡോക്ടര്‍മാര്‍ തല്ല് ചോദിച്ചു വാങ്ങുകയാണെന്ന് കെബി ഗണേഷ് കുമാര്‍ എംഎല്‍എ.

ധനാഭ്യര്‍ത്ഥന ചര്‍ച്ചയ്ക്കിടെ നിയമസഭയില്‍ അദ്ദേഹം സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. ആരോഗ്യ മന്ത്രിയുടെ ശ്രദ്ധയില്‍ ഇക്കാര്യങ്ങള്‍ അടിയന്തരമായി എത്തേണ്ടതുണ്ടെന്ന് വ്യക്തമാക്കിയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍. ‌തന്റെ മണ്ഡലത്തിലെ ഒരു വിധവയായ സ്ത്രീ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രി കാര്യങ്ങള്‍ വിശദീകരിച്ചത്.

ചില ഡോക്ടര്‍മാര്‍ തല്ല് കൊള്ളേണ്ടവരാണ്. തല്ല് അവര്‍ ചോദിച്ചു വാങ്ങുകയാണ്. 70 ശതമാനം ഡോക്ടര്‍മാരും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നവരാണ്. ബാക്കിയുള്ള 30 ശതമാനമാണ് ആരോഗ്യ വകുപ്പിന്റെ പേര് മോശമാക്കുന്നത്. ചിലര്‍ക്ക് കിട്ടേണ്ടത് തന്നെ ആണ് അതിനൊരു കുഴപ്പവുമില്ല. ആരോഗ്യ വകുപ്പിലെ ഇത്തരം കുഴപ്പക്കാരെ നിയന്ത്രിക്കുക തന്നെ വേണമെന്നും അദ്ദേഹം വ്യക്തമാക്കി.

പത്തനാപുരത്തു നിന്നുള്ള 48 കാരിയെ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് അയച്ചു. അവരെ അഡ്മിറ്റ് ചെയ്യാനോ മതിയായ ചികിത്സ നല്‍കാനോ ജനറല്‍ സര്‍ജറി വിഭാഗം തലവന്‍ ഡോ. ആര്‍സി ശ്രീകുമാര്‍ തയ്യാറായില്ല. സര്‍ജറിക്കു വേണ്ടി കീറിയ മുറിവ് തുന്നിക്കെട്ടാതെ ആ രോഗി ദുരിതം അനുഭവിക്കുകയാണ്. ചക്ക വെട്ടിപ്പൊളിച്ചത് പോലെ അവരുടെ വയര്‍ കീറി വച്ചിരിക്കുകയാണെന്നും പഴപ്പടക്കം വന്ന് ആ സ്ത്രീ വല്ലാത്ത ദുരിതമാണ് അനുഭവിക്കുന്നതെന്നും എംഎഎല്‍എ വിശദീകരിച്ചു.

ആരോഗ്യ മന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് അഡ്മിറ്റ് ചെയ്യാന്‍ സൂപ്രണ്ട് നിര്‍ദ്ദേശിച്ചെങ്കിലും ഇതു ചെയ്യാതെ ഡോ. ശ്രീകുമാര്‍ മുങ്ങി. ഈ സ്ത്രീ ഡോ. ശ്രീകുമാറിനെ വീട്ടില്‍ പോയി കണ്ടിട്ടുണ്ട്. സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിനു തയ്യാറായാല്‍ ഇതു സംബന്ധിച്ച വിവരങ്ങള്‍ താന്‍ നല്‍കാമെന്നും ഗണേഷ് അറിയിച്ചു.

രോഗിയുടെ വയറ്റില്‍ കത്രിക മറന്നുവച്ച ഡോക്ടറെ കണ്ടെത്താനുള്ള അന്വേഷണം കേരള പൊലീസിനെ ഏല്‍പ്പിക്കണം. സര്‍ക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനി നിലച്ച മട്ടാണ്. ഇക്കാര്യത്തില്‍ ആരോഗ്യമന്ത്രി നേരിട്ട് ഇടപെടണം.

മുന്‍ഗണന മറികടന്ന് രോഗികളെ ഡോക്ടറെ കാണിക്കാനും ഡോക്ടര്‍മാരെ ഭീഷണിപ്പെടുത്താനുമായി പ്രവര്‍ത്തിക്കുന്ന ആശുപത്രി ഉപദേശക സമിതികളിലെ ആളുകളെ പിടിച്ച്‌ പുറത്താക്കണം. ആരെയും തല്ലുന്ന ആശുപത്രി സെക്യൂരിറ്റിക്കാരെ മാന്യമായി പെരുമാറാന്‍ പരിശിലീപ്പിക്കണം. താന്‍ പറയുന്ന കാര്യങ്ങള്‍ സര്‍ക്കാരിനെതിരെയാണെന്ന് തെറ്റിദ്ധരിക്കരുതെന്നും വ്യവസ്ഥിതിക്കെതിരെ പറയുന്നത് പൊളിറ്റിക്കലല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top