×

214 രൂപയുടെ കുടിശികയുടെ പേരില്‍ ഒന്നേകാല്‍ ലക്ഷം രൂപയുടെ ഐസ്‌ക്രീം നശിപ്പിച്ച്‌ കെ എസ് ഇ ബി; യുവസംരംഭകരെ തളര്‍ത്തുന്ന നടപടി

തിരുവനന്തപുരം: 214 രൂപ വൈദ്യുതി ബില്‍ കുടിശികയുടെ പേരില്‍, മുന്നറിയിപ്പില്ലാതെ ഐസ്‌ക്രീം പാര്‍ലറിന്റെ ഫ്യൂസ് ഊരി.

തുടര്‍ച്ചയായി പകല്‍ രണ്ട് ദിവസം കറണ്ടില്ലാതെ ഐസ്‌ക്രീമും കുല്‍ഫിയും നശിച്ചതിനാല്‍ യുവസംരംഭകന് നഷ്ടം 1.12 ലക്ഷം രൂപ.

കൊല്ലം ആശ്രാമം മൈതാനത്തിന് സമീപം രണ്ട് മാസം മുമ്ബ് ഐസ്‌ക്രീം പാര്‍ലര്‍ തുടങ്ങിയ തിരുവനന്തപുരം വഴുതക്കാട് സ്വദേശിയും പതിനെട്ടുകാരനുമായ രോഹിത് എബ്രഹാമിനാണ് കെ.എസ്.ഇ.ബിയുടെ ഇരുട്ടടി. അടഞ്ഞു കിടന്നിരുന്ന കട രണ്ടുമാസം മുമ്ബ് വാടകയ്ക്കെടുക്കുമ്ബോള്‍, കുടിശികയുടെ കാര്യം അറിഞ്ഞിരുന്നില്ലെന്ന് രോഹിത്തും,കുടിശികയുള്ളതായി അറിയിപ്പ് കിട്ടിയിരുന്നില്ലെന്ന് കടയുടമയും പറയുന്നു.

കഴിഞ്ഞ വ്യാഴാഴ്‌ച രാവിലെയാണ് ആശ്രാമം സെക്ഷന്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍ ഐസ്‌ക്രീം പാര്‍ലറിന്റെ ഫ്യൂസൂരിയത്. പതിനൊന്നു മണിയോടെ കടതുറന്നപ്പോള്‍ സമീപമുളള കടകളില്‍ വൈദ്യുതിയുണ്ടായിരുന്നു. രണ്ട് മണിക്കൂര്‍ കഴിഞ്ഞിട്ടും വൈദ്യുതി വരാതായതോടെ ഇലക‌്‌ട്രീഷ്യനെ വിളിച്ചുവരുത്തി വൈകിട്ടോടെ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചു. അടുത്ത ദിവസം രാവിലെയും കറണ്ടില്ല. പരിശോധിച്ചപ്പോഴാണ് മീറ്റര്‍ ബോക്‌സ് കെ.എസ്.ഇ.ബി സീല്‍ ചെയ്‌തതായി കണ്ടത്. തുടര്‍ന്ന്, കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫീസില്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ്, 214 രൂപ കുടിശികയുള്ളതിനാല്‍ ഫ്യൂസ് ഊരിയതെന്നറിയിച്ചത്. രോഹിത് ഗൂഗിള്‍പേയിലൂടെ പണമടച്ചെങ്കിലും മണിക്കൂറുകള്‍ കഴിഞ്ഞാണ് വൈദ്യുതി പുനഃസ്ഥാപിച്ചത്. അപ്പോഴേക്കും,പാര്‍ലറിലെ 1.12 ലക്ഷം രൂപയുടെ ഉത്പന്നങ്ങള്‍ ഉപയോഗ ശൂന്യമായിരുന്നു.

പ്ലസ് ടുവിന് ശേഷമാണ് ഐസ്‌ക്രീം പാര്‍ലര്‍ തുടങ്ങാനുള്ള ആഗ്രഹം രോഹിത് മാതാപിതാക്കളായ റെന്‍ എബ്രഹാമിനോടും ടിജി ഫിലിപ്പിനോടും പറഞ്ഞത്. പണം നല്‍കാമെന്നും, ലാഭം കിട്ടുമ്ബോള്‍ തിരികെ നല്‍കണമെന്നും ഉപാധി വച്ചു. തുടര്‍ന്നാണ് ബംഗളൂരു ക്രൈസ്റ്റ് കോളേജിലെ ഡിഗ്രി പഠനത്തിനോടൊപ്പം രോഹിത് വഴുതക്കാട്ട് അമ്മയുടെ ഉടമസ്ഥതയിലുള്ള കഫേയുടെ മുന്നില്‍ പാര്‍ലര്‍ ആരംഭിച്ചത്. ലാഭം കിട്ടിത്തുടങ്ങിയതോടെ വര്‍ക്കലയിലും ആശ്രമാത്തും ബ്രാഞ്ചുകള്‍ ആരംഭിക്കുകയായിരുന്നു. പരാതിയുമായി രോഹിത് വൈദ്യുതി മന്ത്രിയുടെ ഓഫീസിനെ സമീപിച്ചപ്പോള്‍, നടക്കാന്‍ പാടില്ലാത്തതാണ് നടന്നതെന്നും പരാതി എഴുതി നല്‍കാനുമായിരുന്നു മറുപടി. മന്ത്രിക്ക് പരാതി നല്‍കിയ രോഹിത്ത് നീതി കിട്ടുമെന്ന പ്രതീക്ഷയിലാണ്.

‘പഠനത്തോടൊപ്പം സംരംഭമെന്ന നിലയിലാണ് പാര്‍ലറുകള്‍ ആരംഭിച്ചത്.യുവസംരംഭകരെ തളര്‍ത്തുന്ന നടപടിയാണിത്.”

-രോഹിത് എബ്രഹാം

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top