×

മന്ത്രി സ്റ്റാഫ് = ഇപ്പോള്‍ 388 പേര്‍ മാത്രം ജനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമിടയില്‍ സുപ്രധാന കണ്ണികളാണ് പേഴ്സണല്‍ സ്റ്റാഫുകള്‍.

പേഴ്സണല്‍ സ്റ്റാഫ് നിയമനം സംബന്ധിച്ച്‌ സംഘപരിവാര്‍ ഗ്രൂപ്പുകളും അത് ഏറ്റുപിടിച്ച്‌ ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ് ഖാനും നടത്തുന്ന പ്രചാരണം വസ്തുതകള്‍ മറച്ച്‌.

ഗവര്‍ണര്‍ പറയുന്നതുപോലെ രണ്ടരവര്‍ഷം കഴിഞ്ഞ് സ്റ്റാഫ് മാറിയാല്‍ അവര്‍ക്ക് കിട്ടുന്ന പെന്‍ഷന്‍ വെറും 3333 രൂപയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 65 ലക്ഷം പേര്‍ക്ക് 1600 രൂപവീതം ക്ഷേമപെന്‍ഷന്‍ നല്‍കുന്ന കേരളത്തിലെ ക്ഷേമപ്രവര്‍ത്തനങ്ങളാണ് ഗവര്‍ണര്‍ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുന്നത്.

പരാതികള്‍ പരിശോധിക്കല്‍, വകുപ്പുകളുടെ മേല്‍നോട്ടം, നിര്‍ദേശം, ഉത്തരവുകള്‍ നല്‍കല്‍, ഫയലുകളിലെ മേല്‍നോട്ടം എന്നിങ്ങനെ ജോലിഭാരം ഏറെയുള്ള ഓഫീസുകളാണ് മന്ത്രിമാരുടേത്. ജനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമിടയില്‍ മന്ത്രിമാര്‍ക്കിടയിലെ സുപ്രധാന കണ്ണികളാണ് പേഴ്സണല്‍ സ്റ്റാഫുകള്‍. രാപ്പകല്‍ ജോലി ചെയ്യുന്ന ഇവരുടെ സേവനങ്ങള്‍ വേണ്ടവിധം തിരിച്ചറിയാതെയാണ് ഖജനാവ് ചോര്‍ത്തുന്നുവെന്നതടക്കം കുപ്രചാരണങ്ങള്‍ ചൊരിയുന്നത്. ഇതിനു പിന്നിലാകട്ടെ രാഷ്ട്രീയവിരോധംമാത്രവും. 1959 മുതല്‍ പേഴ്സണല്‍ സ്റ്റാഫുമാര്‍ക്ക് ശമ്ബളവും 1987ലെ അഞ്ചാം പേ കമീഷന്‍ ശുപാര്‍ശ പ്രകാരം പെന്‍ഷനുമുണ്ട്. 1994ല്‍ കെ കരുണാകരനാണ് പെന്‍ഷന്‍ പദ്ധതിയായി അവതരിപ്പിച്ചത്.

എം വി ജയരാജന് പെന്‍ഷനില്ല
മുഖ്യമന്ത്രിക്ക് 30ഉം മന്ത്രിമാര്‍ക്ക് 25ഉം ആണ് പേഴ്സണല്‍ സ്റ്റാഫ് എന്ന 2017 മുതലുള്ള പെരുംനുണയാണ് ഗവര്‍ണറും ആവര്‍ത്തിക്കുന്നത്. രണ്ടു വര്‍ഷംകൂടുമ്ബോള്‍ സ്റ്റാഫിനെ മാറ്റുമെന്നും ഇത് എല്ലാവര്‍ക്കും പെന്‍ഷന്‍ ലഭിക്കാനാണെന്നുമാണ് പ്രചാരണം. എന്നാല്‍, എല്‍ഡിഎഫ് സര്‍ക്കാര്‍ ഇങ്ങനെ സ്റ്റാഫിനെ മാറ്റാറില്ല. കഴിഞ്ഞ സര്‍ക്കാരില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ എം വി ജയരാജന്‍ മാറിയത് പാര്‍ടി ജില്ലാ സെക്രട്ടറിയായിട്ടാണ്. അദ്ദേഹമാകട്ടെ പിഎസ് ആയിരിക്കെ ശമ്ബളം വാങ്ങിയിട്ടുമില്ല, പെന്‍ഷനുമില്ല. പകരമെത്തിയ ആര്‍ മോഹനും ശമ്ബളം കൈപ്പറ്റുന്നില്ല.

ജോലി കിട്ടിയാല്‍ പെന്‍ഷനില്ല
നിയമനം അഞ്ചു വര്‍ഷത്തേക്കാണ്. 10 വര്‍ഷത്തിലധികം സര്‍വീസുള്ളവര്‍ക്ക് കെഎസ്‌ആര്‍ പ്രകാരമുള്ള പെന്‍ഷനും അല്ലാത്തവര്‍ക്ക് മിനിമം പെന്‍ഷനുമാണ് ലഭിക്കുക. മറ്റെന്തെങ്കിലും ജോലി ലഭിച്ചാല്‍ ഇത് കിട്ടില്ല. സര്‍ക്കാര്‍ സര്‍വീസില്‍നിന്നോ എംപി, എംഎല്‍എ പെന്‍ഷന്‍ ഉള്ളവരോ സ്റ്റാഫില്‍ വന്നാല്‍ പുതിയ ചുമതലയ്ക്കുള്ള ശമ്ബളമേ ലഭിക്കൂ. പെന്‍ഷന്‍ റദ്ദാകും. സര്‍വീസില്‍നിന്ന് ഡെപ്യൂട്ടേഷനില്‍ വരുന്നവരുടെ ശമ്ബളത്തില്‍ മാറ്റമുണ്ടാകില്ല. വിരമിച്ചവരാണെങ്കില്‍ ലഭിക്കുന്ന പെന്‍ഷന്‍ കുറച്ചായിരിക്കും ശമ്ബളം.

ഇത്ര വലിയ പെന്‍ഷനോ ?
മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന്റെ പെന്‍ഷന്‍ കണക്കാക്കുന്നത് ഇങ്ങനെ: അടിസ്ഥാന ശമ്ബളത്തിന്റെ പകുതിയെ ആകെ ജോലിചെയ്യുന്ന വര്‍ഷംകൊണ്ട് ഗുണിക്കുക.

ഈ തുകയെ 30 വര്‍ഷംകൊണ്ട് ഹരിച്ചാല്‍ കിട്ടുന്നതാകും പെന്‍ഷന്‍. അഞ്ചുവര്‍ഷമാണ് സ്റ്റാഫിലുണ്ടായിരുന്നതെങ്കില്‍ അതിങ്ങനെയാകും (ഉദാഹരണത്തിന് ഒരുലക്ഷം ശമ്ബളം) : 1,00,000 ÷2 × 5÷ 30 = 8333രൂപ + ഡിഎ. രണ്ടു വര്‍ഷം മാത്രമാണ് ജോലി ചെയ്യുന്നതെങ്കില്‍ 3333 രൂപമാത്രം. മുഖ്യമന്ത്രി, 19 മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ് എന്നിവര്‍ക്ക് ആകെ സ്റ്റാഫ്–- 545

പൊളിറ്റിക്കല്‍ നിയമനം–- 388. (കൂടുതലും ഡ്രൈവര്‍, ഷോഫര്‍, പ്യൂണ്‍, തോട്ടപ്പണിക്കാര്‍, കുക്ക്).

നിയമനം എങ്ങനെ
നിയമാനുസൃതം പരമാവധി 30 പേര്‍. 25 മതിയെന്ന് എല്‍ഡിഎഫ് തീരുമാനിച്ചു. ചിലര്‍ക്ക് 25ല്‍ താഴെയും ചിലര്‍ക്ക് രണ്ടുമുതല്‍ നാലുവരെ കൂടുതലുമുണ്ട്.

മന്ത്രിമാരുടെ സ്റ്റാഫ്
പ്രൈവറ്റ് സെക്രട്ടറി–- 1
അഡീ. പ്രൈവറ്റ് സെക്രട്ടറി-–- 3
അസി . പ്രൈവറ്റ് സെക്രട്ടറി–- 4
പിഎ–- 1
അഡീ. പിഎ–- – 1
സെക്ഷന്‍ ഓഫീസര്‍ 
അസിസ്റ്റന്റ്–- 1
ക്ലാര്‍ക്ക്–— 2
കോണ്‍ഫിഡന്‍ഷ്യല്‍ 
അസിസ്റ്റന്റ്-–- 2
കംപ്യൂട്ടര്‍ അസിസ്റ്റന്റ്–– 2
ഓഫീസ് അസിസ്റ്റന്റ്–- 6
ഡ്രൈവര്‍–– 2
കുക്ക്–- 1

പ്രതിപക്ഷ നേതാവിന്
പ്രൈവറ്റ് സെക്രട്ടറി–- 1
സ്പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറി–- 1
അഡീ. പ്രൈവറ്റ് സെക്രട്ടറി–- 4
അസി. പ്രൈവറ്റ് സെക്രട്ടറി–- 4
പിഎ–- 1
അഡീ. പിഎ–- 4
ഓഫീസ് അറ്റന്‍ഡന്റ്– -5
ഷോഫര്‍–- 3
അസിസ്റ്റന്റ്–- 2

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top