×

എയഡ്ഡഡ് മാനേജ്‌മെന്റുകള്‍ക്ക് തിരിച്ചടി ; സംവരണം നല്‍കണം – ജസ്റ്റീസ് രാജ വിജയരാഘവന്‍

കൊച്ചി: അംഗപരിമിതരുടെ സംവരണ വ്യവസ്ഥ പാലിക്കാതെ 2018 നവംബര്‍ 18 നുശേഷം എയ്ഡഡ് സ്കൂളുകളില്‍ ഉണ്ടായ ഒഴിവുകളില്‍ മാനേജ്മെന്‍റ് നടത്തിയ നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കരുതെന്ന് ഹൈകോടതി.

എയ്‌ഡഡ് സ്‌കൂള്‍ നിയമനങ്ങളില്‍ അംഗപരിമിതര്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവ് കര്‍ശനമായി പാലിക്കണമെന്നും ജസ്റ്റിസ് രാജ വിജയരാഘവന്‍റെ ഉത്തരവില്‍ പറയുന്നു. ഉത്തരവ് നിലവില്‍ വന്ന തീയതിക്ക് ശേഷമുള്ള നിയമനങ്ങള്‍ക്ക് ബാധകമാക്കിയാണ് സിംഗിള്‍ബെഞ്ചിന്‍റെ ഉത്തരവ്. ഇതിനകം അംഗീകാരം നല്‍കിയ നിയമനങ്ങളെ ഇതു ബാധിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

എയ്‌ഡഡ് സ്‌കൂള്‍ നിയമനങ്ങളില്‍ അംഗപരിമിതര്‍ക്കുള്ള സംവരണം നടപ്പാക്കുന്നില്ലെന്നാരോപിച്ച്‌ കേരള ഫെഡറേഷന്‍ ഓഫ് ബ്ലൈന്‍ഡ് സംസ്ഥാന പ്രസിഡന്റ് കെ.ജെ. വര്‍ഗീസ് അടക്കം നല്‍കിയ ഹരജികളാണ് കോടതി പരിഗണിച്ചത്. എയ്ഡഡ് സ്കൂളുകളിലെ അംഗപരിമിതരുടെ നിയമനം നിയമപരവും ഭരണഘടനാപരവുമായ അവകാശമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. തൊഴില്‍ മേഖലയില്‍ അംഗപരിമിതരെ ഉള്‍പ്പെടുത്തേണ്ടത് ഈ വിഭാഗങ്ങളുടെ ശാക്തീകരണത്തിന് അനിവാര്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

അംഗപരിമിതരുടെ അവകാശസംരക്ഷണ നിയമങ്ങളനുസരിച്ചാണ് എയ്‌ഡഡ് സ്‌കൂള്‍ നിയമനങ്ങളില്‍ ഇവര്‍ക്ക് സംവരണമേര്‍പ്പെടുത്താന്‍ സാമൂഹ്യനീതി വകുപ്പ് ഉത്തരവിറക്കിയത്. 1996 ഫെബ്രുവരി ഏഴു മുതല്‍ 2017 ഏപ്രില്‍ ‌18 വരെയുള്ള ഒഴിവുകളില്‍ മൂന്നു ശതമാനവും തുടര്‍ന്നുള്ള ഒഴിവുകളില്‍ നാലുശതമാനവും സംവരണം നല്‍കാനാണ് ഉത്തരവിട്ടത്. അംഗപരിമിതര്‍ക്ക് ഇത്തരത്തില്‍ നിയമനം നല്‍കിയിട്ടില്ലെങ്കില്‍ 2018 നവംബര്‍ 18ന് ശേഷമുള്ള ഒഴിവുകളില്‍ ഈ കണക്കനുസരിച്ച്‌ നിയമനം നല്‍കണം. ഈ നിയമനം നടത്താതെ മറ്റു നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കരുത്- ഉത്തരവില്‍ പറയുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top