×

“ഒരു പട്ടി കടിച്ചു എന്ന് കരുതി ” നിയമ പോരാട്ടവുമായി അതിജീവിത മുന്നോട്ടു പോകണമെമെന്ന് ജ. കമാല്‍ പാഷ

ദുബായില്‍ ഒളിവില്‍ കഴിഞ്ഞപ്പോള്‍ വിജയ് ബാബു സുഹൃത്ത് വഴി തനിക്ക് ഒരു കോടി രൂപ വാഗ്ദാനം ചെയ്തതായി അതിജീവിത വെളിപ്പെടുത്തിയിരുന്നു. പണം വാഗ്ദാനം ചെയ്ത് സാക്ഷികളെ സ്വാധീനിക്കുന്നുണ്ടെന്നും പരാതിക്ക് ശേഷം തന്റെ പുതിയ സിനിമയുടെ സംവിധായകനെ വിളിച്ച്‌ അവസരം കളയാന്‍ ശ്രമിച്ചുവെന്നും അതിജീവിത ആരോപിച്ചു. വിജയ്ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധിപറയാന്‍ ഇരിക്കെയാണ് അതിജീവിതയുടെ വെളിപ്പെടുത്തല്‍.

വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം കിട്ടാന്‍ പൊലീസ് എല്ലാ സഹായവും ചെയ്യുന്നുവെന്ന സംശയം അതിജീവിതയ്ക്കുണ്ട്. ചോദ്യം ചെയ്തുവെന്ന പേരു പറഞ്ഞ് വിജയ് ബാബുവിനെ രക്ഷിച്ചെടുക്കാനാണ് നീക്കം. അന്വേഷണവുമായി വിജയ് ബാബു സഹകരിക്കുന്നില്ലെന്ന വസ്തുത കോടതിയെ പ്രോസിക്യൂഷന്‍ അതിശക്തമായി അറിയിക്കുന്നില്ല, അതിനിടെ അതിജീവിതയുടെ വെളിപ്പെടുത്തലില്‍ നടന്‍ വിജയ് ബാബുവിനും പൊലീസിനുമെതിരെ ആഞ്ഞടിച്ച്‌ ജസ്റ്റിസ് കെമാല്‍ പാഷ രംഗത്തു വന്നു. വിജയ് ബാബു നടിയുടെ പേര് വെളിപ്പെടുത്തിയത് ഗുരുതരമായ തെറ്റാണെന്നും ആ ഒറ്റകാരണം മതി അയാളെ പിടിച്ച്‌ അകത്തിടാനെന്നും ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞു.

പൊലീസ് ശ്രമിച്ചിരുന്നെങ്കില്‍ വിജയ് ബാബുവിനെ നേരത്തെ തന്നെ അറസ്റ്റ് ചെയ്യാമായിരുന്നു. പലര്‍ക്കും പല നീതി എന്നത് ശരിയല്ല. അതിജീവിതയ്ക്ക് ഒരു കോടി വാഗ്ദാനം ചെയ്തതിന് തെളിവുണ്ടെങ്കില്‍ ഗൗരവമുള്ള കാര്യമാണ്. ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ ഭയപ്പെടുന്നത് എന്തിനാണെന്നും കെമാല്‍ പാഷ ചോദിച്ചു. വിജയ് ബാബു കേസില്‍ പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം എന്ന വാദം നിലനില്‍ക്കില്ലെന്നും ഒരു പട്ടി കടിച്ചു എന്ന് കരുതി നിയമ പോരാട്ടവുമായി അതിജീവിത മുന്നോട്ടു പോകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് അതിജീവിത കഴിഞ്ഞ ദിവസം നടത്തിയത്. പരാതിയുമായി മുന്നോട്ട് പോകരുതെന്ന് പല തവണ വിജയ് ബാബു കെഞ്ചിയിട്ടുണ്ട്. എന്ത് ഡീലിനും തയ്യാറാണെന്ന് പറഞ്ഞിരുന്നു. പൈസ വാങ്ങി വേണമെങ്കില്‍ തനിക്ക് പരാതി നല്‍കാതിരിക്കാമായിരുന്നു. അതല്ല ഞാന്‍ ചെയ്തത്. അതിനാണ് താന്‍ കല്ലേറ് വാങ്ങുന്നതെന്നും അതിജീവിത പറഞ്ഞു. ഞാനല്ല തെറ്റുകാരി എന്ന് ഉത്തമബോധ്യമുള്ളതിനാലാണ് പരാതി നല്‍കിയത്. ഇതുപോലെ മറ്റു സ്ത്രീകളും ചൂഷണത്തിന് ഇരയായിട്ടുണ്ടാവില്ലേ എന്നോര്‍ത്താണ് പരാതി നല്‍കിയതെന്നും അവര്‍ പറഞ്ഞു.

താന്‍ കാശ് ചോദിച്ചെന്ന് പറയുന്നതൊക്കെ വ്യാജമാണ്. ഒരു തരത്തിലുള്ള സാമ്ബത്തിക ഇടപാടുകളും തമ്മില്‍ ഉണ്ടായിട്ടില്ല. കാശ് വാങ്ങാനാണെങ്കില്‍ എന്തെല്ലാം മാര്‍ഗ്ഗങ്ങളുണ്ട്. വിജയ് ബാബു നിര്‍മ്മാതാവായ സിനിമയില്‍ അഭിനയിച്ചതിന് വെറും 20,000 രൂപയാണ് തനിക്ക് ലഭിച്ചത്. ഒരു പുതുമുഖമായതുകൊണ്ടാണ് ഇത്തരത്തിലുള്ള നീതിനിഷേധം ഉണ്ടായതെന്നും അതിജീവിത പറഞ്ഞു. അതിജീവിത അഭിനയിച്ച സിനിമയിലൂടെ കോടികളുടെ ലാഭം വിജയ് ബാബുവിന് ഉണ്ടായി എന്നതാണ് വസ്തുത.

പണം വാഗ്ദാനം ചെയ്ത് ഒരുപാട് സാക്ഷികളെ വിജയ് ബാബു സ്വന്തം ഭാഗത്താക്കുന്നുണ്ട് എന്നും താരസംഘടനയായ അമ്മ അയാളെ പുറത്താക്കാത്തത് അമ്മയിലെ പല അംഗങ്ങളെയും ബ്ലാക്ക്മെയില്‍ ചെയ്തും പൈസ ഓഫര്‍ ചെയ്തതു കൊണ്ടാണെന്നും താന്‍ വിശ്വസിക്കുന്നു എന്നും നടി പറയുന്നു. പരാതിക്ക് ശേഷം വിജയ് ബാബു തനിക്ക് കിട്ടിയ ഒരു സിനിമയിലെ സംവിധായകനെ വിളിച്ച്‌ അവസരം കളയാന്‍ ശ്രമിച്ചിട്ടുണ്ട് എന്നും നടി പറഞ്ഞു.

കുക്കു പരമേശ്വരന്‍, മാലാ പാര്‍വ്വതി, ശ്വേത മേനോന്‍ എന്നിവര്‍ അന്തസ്സുള്ള സ്ത്രീകളാണ് എന്നും ഇരയുടെ പേര് വെളിപ്പെടുത്തിയ ഒരാളെ പുറത്താക്കാതെ പകരം, വിജയ് ബാബു മാറി നില്‍ക്കാമെന്ന് പറഞ്ഞിട്ടുണ്ടെന്ന് മണിയന്‍പിള്ള രാജുവിനെപ്പോലുള്ള ഒരാള്‍ പറയുന്നത് എന്തര്‍ഥത്തിലാണ് എന്നും നടി ചോദിക്കുന്നു. പേര് വെളിപ്പെടുത്തി എന്ന് മാത്രമല്ല, വ്യാജമായ ആരോപണങ്ങളുന്നയിച്ചു, മിടൂ പോലുള്ള ചരിത്രപരമായ മുന്നേറ്റങ്ങളെ ഇകഴ്‌ത്തിക്കാണിച്ചു തുടങ്ങിയ ഒരുപാട് കുറ്റമാണ് വിജയ് ബാബു ചെയ്തിരിക്കുന്നത് എന്നും നടി പറഞ്ഞു.

തന്റേത് വ്യാജ പരാതി ആയിരുന്നെങ്കില്‍ പൊലീസ് കേസ് അന്ന് തന്നെ അത് ക്ലോസ് ചെയ്‌തേനെ. ഫേസ്‌ബുക്ക് ലൈവില്‍ നല്‍കിയ മീശ പിരിച്ചുള്ള ഭീഷണിയാണ് വിജയ് ബാബു തന്നെ ഫോണ്‍ വിളിച്ചും തന്നുകൊണ്ടിരുന്നത്. നിങ്ങളെല്ലാം സാധാരണക്കാരാണ്, ഇത്രയധികം കാശുള്ള എന്നെ നിങ്ങള്‍ക്കൊന്നും ഒരു ചുക്കും ചെയ്യാന്‍ പറ്റില്ല എന്ന ഭാവമായിരുന്നു അയാള്‍ക്കെന്നും നടി ആരോപിച്ചു. എന്റെ ചേച്ചിയെ വിളിച്ച്‌ സൂയിസൈഡ് ചെയ്യുമെന്നെല്ലാം പറഞ്ഞ് വിജയ് ബാബു വിളിച്ചിട്ടുണ്ട് എന്നും അതിന്റെ എല്ലാ റെക്കോഡിങ്ങും കൈയിലുണ്ട് എന്നും നടി വ്യക്തമാക്കി.

വിജയ് ബാബു ഏത് തരത്തില്‍ കേസ് വഴി തിരിച്ചു വിട്ടാലും തന്റെ കയ്യില്‍ എല്ലാത്തിനുമുള്ള തെളിവുണ്ട് എന്നും അതിനാല്‍ കേസില്‍ നീതി ലഭിക്കും വരെ പോരാടുമെന്നും നടി പറഞ്ഞു. ജയവും പരാജയവും ഓര്‍ത്ത് തന്റെ ഉള്ള സമാധാനം നഷ്ടപ്പെടുത്താന്‍ ഒരുക്കമല്ല എന്നും നീതികേട് കാണിച്ച ഒരാള്‍ക്കെതിരേ യാതൊരുവിധ കോംപ്രമൈസിനും തയ്യാറാവാതെ പോരാടി എന്നതാണ് എന്നോട് സ്വയം പുലര്‍ത്തേണ്ട നീതിയായി താന്‍ കാണുന്നത്. എന്നും നടി വ്യക്തമാക്കി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top