×

2000 കോടിയുടെ ആസ്തി ഹെറാള്‍ഡ് വിഷയ്തില്‍ ഇ ഡിക്ക് മുമ്പില്‍ രാഹുല്‍ ഗാന്ധി ഹാജരാകും ; പ്രതിഷേധവുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: നാഷനല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) മുമ്ബാകെ തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകും.

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളും എം.പിമാരും പോഷക സംഘടന നേതാക്കളും എ.ഐ.സി.സി ആസ്ഥാനത്തുനിന്നും ഇ.ഡി ഓഫിസിലേക്ക് പ്രതിഷേധവുമായി രാഹുല്‍ ഗാന്ധിയെ അനുഗമിക്കും. എല്ലാ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഇ.ഡി ഓഫിസിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളത്തില്‍ കോഴിക്കോടും എറണാകുളത്തും ഇ.ഡി ഓഫിസുകള്‍ക്കു മുന്നില്‍ പ്രതിഷേധം നടക്കും. അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന പ്രതികാര രാഷ്ട്രീയത്തെ ശക്തമായി ചെറുക്കുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി. 2015ല്‍ ബി.ജെ.പി നേതൃത്വം കൊടുത്ത കേന്ദ്ര സര്‍ക്കാര്‍ അന്വേഷിച്ച്‌ കഴമ്ബില്ലെന്ന് കണ്ടെത്തി അവസാനിപ്പിച്ച നാഷനല്‍ ഹെറാള്‍ഡ് കേസ് കോണ്‍ഗ്രസ് നേതൃത്വത്തെ വേട്ടയാടാന്‍ വേണ്ടിയാണ് വീണ്ടും അന്വേഷിക്കുന്നതെന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു.

നാഷനല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിക്ക് ജൂണ്‍ രണ്ടിനും സോണിയ ഗാന്ധിക്ക് ജൂണ്‍ 13നും ഹാജരാവാന്‍ ആവശ്യപ്പെട്ടായിരുന്നു ഇ.ഡി നോട്ടീസ് അയച്ചിരുന്നത്. രാഹുല്‍ വിദേശത്തായതിനാല്‍ ജൂണ്‍ 13ലേക്കും കോവിഡ് ബാധിച്ചതിനാല്‍ സോണിയക്ക് ജൂണ്‍ 23ലേക്കും സമയം നീട്ടിനല്‍കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഗാര്‍ഖെ, പവന്‍ ബന്‍സാല്‍ എന്നിവരെയും ഇ.ഡി നേരത്തെ ചോദ്യം ചെയ്തിരുന്നു.

പാര്‍ട്ടി മുഖപത്രമായിരുന്ന നാഷനല്‍ ഹെറാള്‍ഡിന്‍റെ നടത്തിപ്പുകാരായ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡില്‍നിന്നും ഹെറാള്‍ഡ് ഹൗസും സ്വത്തുക്കളും ഏറ്റെടുത്തതാണ് കേസിനാധാരമായ സംഭവം. നാഷനല്‍ ഹെറാള്‍ഡിന് നേരത്തെ 90 കോടി രൂപ കോണ്‍ഗ്രസ് വായ്പയായി അനുവദിച്ചിരുന്നു. എന്നാല്‍, 2000 കോടി ആസ്തിയുള്ള ഹെറാള്‍ഡിന്‍റെ സ്വത്തുക്കള്‍ 50 ലക്ഷത്തിന് സോണിയക്കും രാഹുലിനും ഓഹരിയുള്ള യങ് ഇന്ത്യ കമ്ബനി സ്വന്തമാക്കിയെന്നാണ് ആരോപണം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top