×

“കാര്യങ്ങള്‍ പോസിറ്റീവാക്കുന്ന പിഡബ്ല്യുഡി മന്ത്രി റിയാസ്” അഭിമാനം – കെ കെ രമ

വടകര: ടൂറിസം, പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ പുകഴ്​ത്തി ആര്‍.എം.പി നേതാവ്​ കെ.കെ.രമ എം.എല്‍.എ. ഇങ്ങനെ ഒരു മന്ത്രിയെ കിട്ടിയത് അഭിമാനമാണെന്നും കാര്യങ്ങളോട്​ വളരെ പോസിറ്റീവായാണ്​ പ്രതികരിക്കുന്നതെന്നും രമ പറഞ്ഞു. തന്‍റെ മണ്ഡലമായ വടകരയില്‍ സാന്‍ഡ്​ ബാങ്ക്സ് വിപുലീകരണ പ്രവൃത്തിയുടെ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു എം.എല്‍.എ. മന്ത്രി റിയാസായിരുന്നു ഉദ്ഘാടകന്‍. മന്ത്രിയും കെ. മുരളീധരന്‍ എം.പിയും അടക്കമുള്ളവര്‍ വേദിയില്‍ ഇരിക്കെയാണ്​ രമ റിയാസിനെ പ്രശംസിച്ചത്​. ‘ഇക്കുറി നമുക്ക് കിട്ടിയ ഒരു സൗഭാഗ്യം നമ്മുടെ പൊതുമരാമത്ത്- ടൂറിസം മിനിസ്റ്റര്‍ നമ്മള്‍ പറയുന്ന വിഷയം വളരെ ശ്രദ്ധയോടെ കേള്‍ക്കുകയും വളരെ പോസിറ്റീവായി പ്രതികരിക്കുകയും ചെയ്യും എന്നതാണ്. കാര്യങ്ങള്‍ നടത്താന്‍ വേണ്ടി തയാറാകുകയും ചെയ്യും. ഇങ്ങനെ ഒരു മന്ത്രിയെ കിട്ടിയത് അഭിമാനമായിതന്നെ ഞാന്‍ കാണുകയാണ്. വടകരയില്‍ നടപ്പാക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സഭയിലും നേരിട്ടും അദ്ദേഹത്തോടു പറഞ്ഞപ്പോള്‍ വളരെ പോസിറ്റീവായി പ്രതികരിച്ചു. ആ കാര്യങ്ങള്‍ ചെയ്യാമെന്ന ഉറപ്പും അദ്ദേഹം നല്‍കി. നമ്മളെ സംബന്ധിച്ച്‌ അതു വലിയ ആവേശമുണ്ടാക്കുന്ന ഒന്നാണ്.’- രമ പറഞ്ഞു. നാടിന്‍റെ വികസനത്തില്‍ കക്ഷിരാഷ്ട്രീയ ഭിന്നതകള്‍ മറന്ന് എല്ലാവരും അവരവരുടെ ജനപ്രാതിനിധ്യ കടമ നിറവേറ്റണമെന്ന്​ ചടങ്ങിന്‍റെ ചിത്രങ്ങള്‍ ഫേസ്​ബുക്കില്‍ ​പങ്കുവെച്ച്‌​ രമ അഭിപ്രായപ്പെട്ടു. ഇതിന് അഴിമുഖത്തെ പോലെ പലവഴിയായ് ഒഴുകി ഒരൊറ്റ മനസ്സായി ജനതയുടെ വികസന ആഗ്രഹങ്ങളില്‍ നമുക്ക് ലയിച്ചുചേരാം -അവര്‍ പറഞ്ഞു. ”വടകരയുടെ ജനപ്രതിനിധി എന്ന നിലയില്‍ ഏറെ സന്തോഷം നിറഞ്ഞ നിമിഷങ്ങളാണ് ചടങ്ങിലുടനീളം ഉണ്ടായിരുന്നത്. ഈ സ്വപ്നപദ്ധതി പൂര്‍ത്തിയാകുമ്ബോള്‍ നമ്മുടെ പ്രകൃതി ഭംഗിയും, കലയും, രുചിയും, ചരിത്ര ശേഷിപ്പുകളും തേടിയെത്തുന്നവര്‍ക്ക് ഉചിതമായി നമുക്ക് ആഥിത്യമരുളാം… നേരിട്ടും അനുബന്ധമായും ധാരാളം തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും. 2.26 കോടി രൂപയുടെ വിപുലീകരണ പദ്ധതികള്‍ക്കാണ് ടൂറിസം വകുപ്പ് നമ്മുടെ സാന്‍ഡ്​ബാങ്ക്‌സില്‍ തുടക്കം കുറിക്കുന്നത്. വടകരയിലെ ടൂറിസം വികസനത്തിന് എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തുമെന്ന് മന്ത്രി റിയാസും കേന്ദ്ര ഫണ്ട് ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുമെന്ന് കെ മുരളീധരന്‍ എം.പിയും ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇത് ഏറെ പ്രതീക്ഷാനിര്‍ഭരമാണ്. കാര്യങ്ങള്‍ വേഗത്തിലാകും എന്ന് നമുക്ക് പ്രത്യാശിക്കാം” -രമ വ്യക്​തമാക്കി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top