×

പഴയ വാഹനങ്ങള്‍ പൊളിക്കാന്‍ പുതിയ നയം, പുതിയ വാഹനം വാങ്ങുന്നവര്‍ക്ക് ഇളവ്

പഴയ വാഹനങ്ങള്‍ പൊളിക്കാന്‍ പുതിയ നയം പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. കാലാവധി കഴിഞ്ഞ വാഹനം പൊളിക്കുമ്ബോള്‍ വാഹന ഉടമയ്ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ പ്രധാനമന്ത്രി വിശദീകരിച്ചു. ഓട്ടമേറ്റഡ് ടെസ്റ്റിങ് കേന്ദ്രങ്ങളില്‍ ഫിറ്റ്നസ് പരിശോധിച്ചശേഷമായിരിക്കും വാഹനങ്ങള്‍ പൊളിക്കുന്നത്.

 

കഴിഞ്ഞ ബജറ്റില്‍ അവതരിപ്പിച്ച കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വാഹന സ്ക്രാപ് പോളിസി പ്രകാരം 20 വര്‍ഷമാണ് സ്വകാര്യ വാഹനത്തിന്റെ കാലാവധി. വാണിജ്യവാഹനങ്ങള്‍ക്ക് 15 വര്‍ഷവുമായിരിക്കും കാലാവധി ഉണ്ടാവുക . ഈ കാലാവധി കഴിഞ്ഞ വാഹനങ്ങള്‍ പൊളിച്ച്‌ നീക്കുമ്ബോള്‍ വാഹന ഉടയമക്ക് ഒരു സര്‍ട്ടിഫിക്കറ്റ് ലഭിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

 

ഇതിനുശേഷം ഫിറ്റ്നസ് പരിശോധനയും നിര്‍ബന്ധമാക്കും. ഇവര്‍ക്ക് പിന്നീട് പുതിയ വാഹനം വാങ്ങുമ്ബോള്‍ രെജിസ്ട്രേഷന്‍ ഫീസ് നല്‍കേണ്ടി വരില്ല. മാത്രമല്ല, റോഡ് ടാക്സിലടക്കം ഇളവുകള്‍ ലഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. പരിസ്ഥിതിയെ സംരക്ഷിക്കാനും, രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും ലക്ഷ്യം വച്ചുകൊണ്ടാണ് വെഹിക്കിള്‍ സ്ക്രാപേജ് പോളിസി എന്ന പുതിയ നയത്തിന് രൂപം നല്‍കിയിരിക്കുന്നത്. റജിസ്ട്രേഷന് ഏകജാലക സംവിധാനം വരും. വാഹനം പൊളിക്കാന്‍ 70 പുതിയ കേന്ദ്രങ്ങള്‍ തുടങ്ങും. ടെസ്റ്റിങ് കേന്ദ്രങ്ങള്‍ രാജ്യത്ത് എല്ലാ ജില്ലകളിലും സ്ഥാപിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. പഴയ വാഹനങ്ങള്‍ പൊളിക്കുന്നത്, പരിസ്ഥിതി സൗഹൃദമല്ലാത്തതും മലിനീകരണത്തിനു കാരണവുമാകുന്ന വാഹനങ്ങള്‍ ഘട്ടം ഘട്ടമായി ഇല്ലാതാക്കാന്‍ സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ആത്മനിര്‍ഭര്‍ ഭാരതിലേക്കുള്ള നിര്‍ണായക ചുവടുവയ്പാണ് പൊളിക്കല്‍ നയം.

 

ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ 15 വര്‍ഷത്തിന് മേല്‍ പഴക്കമുള്ള 17 ലക്ഷത്തോളം സ്വകാര്യ വാഹനങ്ങളാണ് നിലവില്‍ ഉപയോഗത്തിലുള്ളത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top