×

ദൈവദൂതനെ പോലെ, ഒരു കോടി കോടതിയില്‍ കെട്ടിവച്ച്‌ മലയാളി പ്രവാസിയെ വധശിക്ഷയില്‍ നിന്നും രക്ഷിച്ച്‌ എം എ യൂസഫലി

അബുദാബി : വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞിരുന്ന മലയാളി പ്രവാസിയെ വന്‍ തുക ചിലവഴിച്ച്‌ മലയാളിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലി രക്ഷിച്ചു. സര്‍വ പ്രതീക്ഷകളും മങ്ങി മരണദിവസം കാത്ത് കഴിഞ്ഞ ബെക്സ് കൃഷ്ണന്‍ എന്ന തൃശൂര്‍ സ്വദേശിയെയാണ് യൂസഫലി അബുദാബിയിലെ ജയിലില്‍ നിന്നും മോചിപ്പിച്ചത്. ഒരു സുഡാന്‍ ബാലനെ വാഹനം ഇടിച്ച്‌ കൊലപ്പെടുത്തിയ കേസിലാണ് ഇയാള്‍ ജയിലിലായത്.

അബുദാബിയിലെ മുസഫയില്‍ വച്ചാണ് അപകടമുണ്ടായത്. കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ ദേഹത്ത് വാഹനം ഇടിക്കുകയായിരുന്നെന്ന് സി സി ടി വി ദൃശ്യങ്ങളില്‍നിന്നും വ്യക്തമായതോടെ നരഹത്യയ്ക്ക് പൊലീസ് കേസെടുക്കുകയായിരുന്നു. 2012 സെപ്തംബര്‍ 7നായിരുന്നു സംഭവം. മാസങ്ങള്‍ നീണ്ട വിചാരണകള്‍ക്ക് ശേഷമാണ് യു എ ഇ സുപ്രീം കോടതി 2013ല്‍ ബെക്സിനെ വധശിക്ഷക്ക് വിധിച്ചത്. തുടര്‍ന്ന് ശിക്ഷയില്‍ നിന്നും ഇളവ് തേടി ഇയാളുടെ കുടുംബം ശ്രമങ്ങളാരംഭിക്കുകയായിരുന്നു.

കുടുംബം നടത്തിയ ശ്രമങ്ങള്‍ ഒന്നും വിജയം കാണാത്തതിനാല്‍ ഒരു ബന്ധുവഴിയാണ് യൂസഫലിയുമായി കൃഷ്ണന്റെ കുടുംബം മനസ് തുറക്കുന്നത്. തുടര്‍ന്ന് അപകടത്തില്‍ മരിച്ച കുട്ടിയുടെ കുടുംബവുമായി യൂസഫലി നടത്തിയ നിരന്തര ചര്‍ച്ചകളുടെയും ദിയാധനമായി 5 ലക്ഷം ദിര്‍ഹം (ഒരു കോടി രൂപ) നല്‍കാമെന്ന് ഏല്‍ക്കുകയായിരുന്നു. ഇതിന് മരിച്ച ബാലന്റെ കുടുംബം സമ്മതിച്ചതോടെയാണ് ബെക്സ് കൃഷ്ണന് ജയില്‍ മോചനത്തിനുള്ള വഴി തുറന്നത്.

ചര്‍ച്ചകള്‍ക്കായി സുഡാനില്‍ നിന്നും ബാലന്റെ കുടുംബാംഗങ്ങളെ അബുദാബിയില്‍ കൊണ്ട് വന്ന് താമസിപ്പിക്കുകയും ചെയ്തിരുന്നു. മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കാമെന്ന് ബാലന്റെ കുടുംബം കോടതിയില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് കേസില്‍ വഴിത്തിരിവുണ്ടായത്. നഷ്ടപരിഹാരമായി 5 ലക്ഷം ദിര്‍ഹം യൂസഫലി ജനുവരിയോടെ കോടതിയില്‍ കെട്ടിവയ്ക്കുകയായിരുന്നു. അടുത്ത ദിവസം ബെക്സ് കൃഷ്ണന്‍ നാട്ടിലേക്ക് തിരിക്കുമെന്നാണ് അറിയുന്നത്.

കൃഷ്ണന് ആശംസകളോടെ യൂസഫലി

വധശിക്ഷക്ക് വിധിക്കപ്പെട്ട ഒരാളുടെ ജീവിതം തിരിച്ചു നല്‍കാന്‍ സാദ്ധ്യമായതില്‍ സര്‍വശക്തനായ ദൈവത്തോട് നന്ദി പ്രകടിപ്പിച്ച്‌ എം എ യൂസഫലി. കൃഷ്ണനും കുടുംബത്തിനും ഒരു നല്ല ഭാവി ജീവിതവും അദ്ദേഹം ആശംസിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top