×

കൊടകര കുഴല്‍പ്പണ കേസില്‍ നടന്‍ സുരേഷ് ഗോപിയേയും ചോദ്യം ചെയ്‌തേക്കുമെന്ന്

തൃശൂര്‍: കൊടകര കുഴല്‍പ്പണ കേസില്‍ നടന്‍ സുരേഷ് ഗോപിയേയും ചോദ്യം ചെയ്യും. കുഴല്‍പ്പണം കൊണ്ടു വന്നത് തൃശൂരില്‍ വച്ചാണ് കവര്‍ച്ച ചെയ്തത്. ഈ പണം തൃശൂരില്‍ തെരഞ്ഞെടുപ്പില്‍ ചെലവഴിക്കാനായിരുന്നോ എന്ന സംശയം ഉയരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സുരേഷ് ഗോപിയെ അന്വേഷണ സംഘം വിളിപ്പിക്കുന്നത്.

ബിജെപി തൃശ്ശൂര്‍ സ്ഥാനാര്‍ത്ഥിയായിരുന്നു സുരേഷ് ഗോപി. തെരഞ്ഞെടുപ്പ് ഫണ്ടിനെ കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷിക്കും. തൃശ്ശൂരിലേക്ക് തെരഞ്ഞെടുപ്പ് ഫണ്ട് വന്നിട്ടുണ്ടോ, അവ എങ്ങനെയൊക്കെ വിനിയോഗിച്ചു എന്നെല്ലാം അന്വേഷണ സംഘം ആരായും. തൃശ്ശൂരില്‍ സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ ധര്‍മ്മരാജനും സംഘവും എത്തിയെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. കുഴല്‍പ്പണ തട്ടിപ്പിന്റെ ഗൂഢാലോചന കേന്ദ്രം തൃശൂരെന്ന് അന്വേഷണ സംഘത്തിന്റെ നിഗമനം.

അതിനിടെ ബിജെപി നേതാക്കള്‍ ലക്ഷങ്ങള്‍ നല്‍കിയതുകൊണ്ടാണ് താന്‍ തെരഞ്ഞെടുപ്പില്‍ പത്രിക പിന്‍വലിച്ചതെന്ന് മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്റെ അപര സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുന്ദര വെളിപ്പെടുത്തി. ബിജെപി നേതാക്കള്‍ രണ്ട് ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കി. 15 ലക്ഷം ചോദിച്ചെങ്കിലും രണ്ട് ലക്ഷം രൂപയാണ് കിട്ടിയതെന്ന് സുന്ദര പറയുന്നു. പണം ബിജെപി നേതാക്കള്‍ വീട്ടിലെത്തി അമ്മയുടെ കയ്യില്‍ കൊടുത്തു. കെ സുരേന്ദ്രന്‍ ജയിച്ചാല്‍ കര്‍ണാടകത്തില്‍ വൈന്‍ പാര്‍ലറും പുതിയ വീടും വാഗ്ദാനം ചെയ്‌തെന്നും കെ സുന്ദര പറഞ്ഞു.

ചാനലുകളോട് സുന്ദര ഇത് വെളിപ്പെടുത്തുകയും ചെയ്തു. ഇതോടെ സുരേന്ദ്രന്‍ കൂടുതല്‍ വെട്ടിലാകുകയാണ്. സുരേന്ദ്രനുമായി ഫോണില്‍ സംസാരിച്ചിരുന്നു. പണം നല്‍കിയത് പാര്‍ട്ടിയാണ്. സുരേന്ദ്രന്‍ നേരിട്ട് നല്‍കിയിട്ടില്ലെന്നും സുന്ദര പറയുന്നു. ഇതോടെ ബിജെപി കൂടുതല്‍ വെട്ടിലാകുകയാണ്. സുല്‍ത്താന്‍ ബത്തേരിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി സികെ ജാനുവിന് പത്ത് ലക്ഷം സുരേന്ദ്രന്‍ നേരിട്ടു കൊടുത്തുവെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇത് സുരേന്ദ്രന്‍ നിഷേധിച്ചു. ഇതിന് പിന്നാലെയാണ് പുതിയ വെളിപ്പെടുത്തല്‍.

സുരേന്ദ്രന്‍ മത്സരിച്ച കോന്നിയില്‍ നിന്നും കഴിഞ്ഞ ദിവസം അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിച്ചിരുന്നു. സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ താമസിച്ചിരുന്ന ഹോട്ടലില്‍ നിന്നാണ് പൊലീസ് വിവരങ്ങള്‍ ശേഖരിച്ചത്. ഹോട്ടല്‍ രജിസ്റ്ററിലെ വിവരങ്ങളും എത്ര പണം നല്‍കി തുടങ്ങിയ വിവരങ്ങളുമാണ് ശേഖരിച്ചത്.

അതിനിടെ, കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രാഥമിക അന്വേഷണം തുടങ്ങി. പൊലീസ് എഫ്‌ഐആര്‍ ശേഖരിച്ച ഇഡി അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകളും പരിശോധിച്ചു. കേസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച്‌ 10 ദിവസത്തിനകം നിലപാട് അറിയിക്കാന്‍ ഹൈക്കോടതിയും ഇഡിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top