×

” അങ്ങനൊന്നും വിരട്ടേണ്ട. വിശ്വാസം ഞങ്ങളുടെ ജീവവായുവാണ്. മന്ത്രി ബാലന് എന്‍എസ്എസ് മറുപടി ഇങ്ങനെ

തിരുവനന്തപുരം : ശബരിമല പരാമര്‍ശത്തില്‍ എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. നിയമമന്ത്രി എ കെ ബാലനാണ് പരാതി നല്‍കിയത്. മുഖ്യമന്ത്രിക്ക് അയ്യപ്പകോപം ഉണ്ടാകുമെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെയും പരാതി നല്‍കിയിട്ടുണ്ട്. പരാമര്‍ശം തെരഞ്ഞെടുപ്പ് ചട്ടം ലംഘനമാണ്. പ്രതിപക്ഷം ഭരണഘടനയെ വെല്ലുവിളിക്കുന്നു എന്നും എ കെ ബാലന്‍ പരാതിയില്‍ പറയുന്നു.

വോട്ടെടുപ്പ് തുടങ്ങി അരമണിക്കൂറിനകമാണ് ഈ തെരഞ്ഞെടുപ്പ് വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള പോരാട്ടമായി കാണണമെന്ന് യുഡിഎഫ് നേതാക്കളും എന്‍എസ്‌എസ് നേതാവും പറഞ്ഞത്. ഇത് അത്യന്തം ഗുരുതരമായ ആരോപണമാണ്. വിശ്വാസികളുടെ വിശ്വാസത്തെയും ആചാരത്തെയും സംരക്ഷിക്കുന്നതിന് ഏത് അറ്റം വരെയും പോകുന്ന ഇടതുപക്ഷമുന്നണിയേയും സ്ഥാനാര്‍ത്ഥികളേയും തോല്‍പ്പിക്കുന്നതിനുള്ള ഗൂഢാലോചനയാണിത്. ഇത് ഭരണഘടനാ വിരുദ്ധമാണെന്ന് മാത്രമല്ല, ആര്‍പി ആക്ടിന് വിരുദ്ധവുമാണെന്ന് മന്ത്രി ബാലന്‍ പറഞ്ഞു.

പരാതിക്കെതിരെ സുകുമാരന്‍ നായര്‍ കടുത്ത വിമര്‍ശനമാണ് ഉയര്‍ത്തിയത്. ഈശ്വരവിശ്വാസം എന്ന വാക്ക് ഉപയോഗിക്കാന്‍ പോലും പറ്റില്ല എന്നാണ് ഈ പറയുന്നതിന്റെ അര്‍ത്ഥമെന്ന് ജി സുകുമാരന്‍ നായര്‍ ചോദിച്ചു. അതാണ് എ കെ ബാലന്റെ പരാതിയില്‍ നിന്ന് വ്യക്തമാകുന്നത്. അദ്ദേഹം അദ്ദേഹത്തിന്റെ വഴി നോക്കിക്കോട്ടെ. വിശ്വാസം എന്നു പറയാന്‍ പോലും ഈ നാട്ടില്‍ ആര്‍ക്കും അവകാശമില്ലെന്നാണ് എകെ ബാലന്റെ തീരുമാനമെന്നും സുകുമാരന്‍ നായര്‍ ചോദിച്ചു. ഇതിന് മറുപടി വിശ്വാസികള്‍ നല്‍കിക്കോളും.

സാമൂഹ്യനീതിയും വിശ്വാസവും സംരക്ഷിക്കുന്നവര്‍ക്ക് വോട്ടുചെയ്യണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു എന്ന് മനസ്സിലാക്കുന്നുവെന്നാണ് താന്‍ പറഞ്ഞത്. അതിലെന്താണ് ഇത്ര കുഴപ്പം. മന്ത്രി അദ്ദേഹത്തിന്റെ വഴി നോക്കിക്കോട്ടെ. ഞാന്‍ എന്റെ വഴി നോക്കിക്കൊള്ളാമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. പറഞ്ഞതില്‍ തെറ്റുള്ളതായി തനിക്ക് തോന്നുന്നില്ല. ഇടതുപക്ഷം ഭരിക്കുന്ന കാലത്ത് ദൈവവിശ്വാസത്തെപ്പറ്റി മിണ്ടാന്‍ പോലും പാടില്ലെന്നാണോ പറയുന്നത്. വിശ്വാസം നിലനില്‍ക്കണമെന്ന് പറയാന്‍ അവകാശമില്ലെന്നാണോ പറയുന്നത്.

എകെ ബാലന്റെ പരാതിയുടെ അടിസ്ഥാനമെന്താണ് ?. അവര്‍ ഉദ്ദേശിക്കുന്നതെന്താണ് ?. അതൊന്നും ഈ നാട്ടില്‍ വിലപ്പോകാന്‍ പോകുന്നില്ല. വിശ്വാസം എങ്ങനെ സംരക്ഷിക്കണമെന്ന് ഈ നാട്ടിലെ ബഹുഭൂരിപക്ഷം തീരുമാനിച്ചുകൊള്ളുമെന്നും സുകുമാരന്‍ നായര്‍ പ്രതികരിച്ചു. മാധ്യമങ്ങള്‍ ചോദിച്ചതിന് മാത്രമാണ് മറുപടി പറഞ്ഞത്. അങ്ങനൊന്നും വിരട്ടേണ്ട. വിശ്വാസം ഞങ്ങളുടെ ജീവവായുവാണ്. അതിനെ തൊടാന്‍ ആരു ശ്രമിച്ചാലും പറയും. അതില്‍ എന്തു തെറ്റാണ് ഉള്ളതെന്ന് തീരുമാനിക്കേണ്ടവര്‍ തീരുമാനിച്ചോട്ടെ എന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top