×

ശിവശങ്കറിന് ആശ്വാസം; ഈ മാസം 23 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ഈ മാസം 23 വരെയാണ് ശിവശങ്കറിന്റെ അറസ്റ്റ് തടഞ്ഞ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. അതേസമയം അറസ്റ്റ് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് കോടതിയെ അറിയിച്ചത്. വിശദമായ മറുപടി നല്‍കാന്‍ സമയം വേണമെന്നായിരുന്നു ശിവശങ്കറിന്റെ ആവശ്യം. ഇത് കോടതി അംഗീകരിച്ചു. തുടര്‍ന്ന് അദ്ദേഹം ഇ.ഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി.

വീണ്ടും ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് നോട്ടീസ് നല്‍കിയതിന് പിന്നാലെ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ശിവശങ്കര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. നേരത്തെ, സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് വിവിധ കേന്ദ്ര ഏജന്‍സികള്‍ ശിവശങ്കറിനെ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. ഇന്ന് ചോദ്യം ചെയ്യലിന് എന്‍ഫോഴ്‌സ്‌മെന്റിന് മുന്നില്‍ ഹാജരാകുമെന്നും ശിവശങ്കര്‍ കോടതിയെ അറിയിച്ചു.

കേന്ദ്ര ഏജന്‍സികള്‍ പലവട്ടം ചോദ്യം ചെയ്‌തതാണെന്നും ഇനിയും സഹകരിക്കാന്‍ തയാറാണെന്നും ശിവശങ്കര്‍ ഹര്‍ജിയില്‍ വ്യക്തമാക്കി. എന്നാല്‍, എന്‍ഫോഴ്സ്‌മെന്റ് അറസ്റ്റ് ചെയ്യുമെന്ന് ഭയമുണ്ട്. സ്വപ്ന സുരേഷും കുടുംബവുമായി അടുത്ത സൗഹൃദമായിരുന്നു. അവരുടെ കളളക്കടത്ത് ബന്ധങ്ങളെക്കുറിച്ച്‌ അറിയില്ലായിരുന്നു എന്നുമായിരുന്നു ശിവശങ്കറിന്റെ വാദം. ലോക്കര്‍ തുറക്കാന്‍ സഹായിച്ചത് സൗഹൃദത്തിന്റെ പേരിലായിരുന്നുവെന്നും ശിവശങ്കര്‍ ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം സ്വപ്‌ന, സരിത് തുടങ്ങിയവര്‍ കോടതിയില്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജികള്‍ പിന്‍വലിച്ചു. കേസിലെ മറ്റ് പ്രതികളുടെ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് ഉച്ചയ്‌ക്ക് വിധി പറയും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top