×

ജോസ് കെ മാണി ഇനി ഇടതിനൊപ്പം – രാജ്യസഭാ എം പി സ്ഥാനം രാജിവയ്ക്കും – പാലായില്‍ ചതിച്ചു –

കോട്ടയം: കേരള കോണ്‍ഗ്രസ് എം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി ജോസ് കെ മാണി. വര്‍ഗീയ പശ്‌ചാത്തലത്തെ ചെറുത്ത് തോല്‍പ്പിക്കാന്‍ ഇടതുപക്ഷത്തിന് കഴി‌ഞ്ഞിട്ടുണ്ട്. കാര്‍ഷിക മേഖലയില്‍ അനുഭാവ പൂര്‍ണമായ നിലപാടാണ് ഇടതു സര്‍ക്കാര്‍ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. രാജ്യസഭ എം.പി സ്ഥാനവും ജോസ് കെ മാണി രാജിവച്ചു. ധാര്‍മികത ഉയര്‍ത്തിപിടിച്ചാണ് രാജിയെന്ന് ജോസ് കെ മാണി വ്യക്തമാക്കി.

യു.ഡി.എഫില്‍ നിന്ന് പുറത്താക്കിയത് മുതല്‍ ഇന്ന് വരെ കേരള കോണ്‍ഗ്രസ് സ്വതന്ത്ര നിലപാടാണ് സ്വീകരിച്ചത്. കെ.എം മാണിയാണ് യു.ഡി.എഫിനെ കെട്ടിപൊക്കിയത്. 38 വര്‍ഷം ഉയര്‍ച്ചയിലും താഴ്‌ചയിലും കേരള കോണ്‍ഗ്രസ് യു.ഡി.എഫിന് ഒപ്പമാണ് നിന്നത്. കെ.എം മാണിയേയും അദ്ദേഹത്തിന്റെ രാഷ്ട്രീയത്തേയും ഒപ്പം നിന്ന ജനവിഭാഗത്തേയുമാണ് യു.ഡി.എഫ് അപമാനിച്ചത്. കോണ്‍ഗ്രസിലെ ചില കേന്ദ്രങ്ങളില്‍ നിന്ന് കടുത്ത അനീതിയാണ് നേരിട്ടത്.

പാലാ ഉപതിരഞ്ഞെടുപ്പില്‍ കേരളകോണ്‍ഗ്രസിനെ ചതിച്ചു. ഞങ്ങളുടെ എം.എല്‍.എമാര്‍‌ നിയമസഭയില്‍ അപമാനിക്കപ്പെട്ടു. ഒരു പരാതിയും ഞങ്ങള്‍ പരസ്യപ്പെടുത്തിയിട്ടില്ല. എന്നാല്‍ കൊടുത്ത ഒരു പരാതികളും യു.ഡി.എഫ് പരിഗണിച്ചില്ലെന്നും ജോസ് കെ മാണി ആരോപിച്ചു.

മാണി സാറിന് വയ്യെന്ന് അറിഞ്ഞതോടെ പി.ജെ ജോസഫ് ലോക്‌സഭ ചോദിച്ചു. പിന്നെ രാജ്യസഭ ചോദിച്ചു. പാലാ സീറ്റില്‍ നിര്‍ബദ്ധം പിടിച്ചു. മാണി സാറിന്റെ ഭവനം പോലും മ്യൂസിയം ആക്കണമെന്ന് പറഞ്ഞു. സംസ്ഥാന കമ്മിറ്റി ഓഫീസ് പിടിച്ചെടുക്കാന്‍ ശ്രമിച്ചു. ഈ പ്രസ്ഥാനത്തെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിച്ചപ്പോഴും നേതാക്കള്‍ മൗനം പാലിച്ചു. മൗനമായ പിന്തുണയാണ് പി.ജെ ജോസഫിന് കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കിയത്.

ഒരു പഞ്ചായത്തിന്റെ പേരിലാണ് കേരളകോണ്‍ഗ്രസിനെ മുന്നണിയില്‍ നിന്ന് പുറത്താക്കിയത്. ഇന്ത്യയുടെ ചരിത്രത്തില്‍ ഇത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്. യു.ഡി.എഫ് വിടാനുളള 2016ലെ യു.ഡി.എഫ് തീരുമാനം എന്തായിരുന്നുവെന്ന് എല്ലാവര്‍ക്കുമറിയാം. അന്ന് കെ.എം മാണി പറഞ്ഞ വാക്കുകള്‍ ഇന്ന് പ്രസക്‌തമാണ്. കോണ്‍ഗ്രസിലെ ചില നേതാക്കന്മാരുടെ മുഖ്യശത്രു കേരളകോണ്‍ഗ്രസാണ് എന്നാണ് അദ്ദേഹം അന്ന് പറഞ്ഞത്. ഇപ്പോള്‍ മാണി സാറിനോട് വലിയ സ്‌നേഹ പ്രകടനമാണ്. ഞങ്ങളെ പുറത്താക്കിയപ്പോള്‍ ആ സ്‌നേഹ പ്രകടനം കണ്ടില്ല. ഞങ്ങളെ തിരിച്ചുകൊണ്ടുവരാന്‍ ഒരു ചര്‍ച്ചയും നടത്തിയില്ല. ഒരു ഫോര്‍മുല പോലും മുന്നോട്ട് വച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

രാജ്യസഭ തിരഞ്ഞെടുപ്പ് വന്നപ്പോള്‍ പോലും ഞങ്ങളുടെ എം.എല്‍.എമാരെ യു.ഡി.എഫ് സമീപിച്ചില്ല. മാണി സാറിന്റെ പ്രസ്ഥാനത്തെ ഇല്ലാതാക്കുക എന്നതായിരുന്നു യു.ഡി.എഫ് അജണ്ട. ആത്മാഭിമാനം അടിയറവ് വച്ച്‌ മുന്നോട്ട് പോകില്ല.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top