×

തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത 128 പേര്‍ക്ക് കൊവിഡ്; പരിപാടിയില്‍ പങ്കെടുത്തവരെ കണ്ടെത്താന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ 128 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. വിവിധ സംസ്ഥാനങ്ങളിലുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

വിവരങ്ങള്‍ ലഭിച്ചിടത്തോളം തമിഴ്‌നാടിനെയാണ് നിസാമുദ്ദീന്‍ പ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിച്ചിട്ടുള്ളത്. തമിഴ്‌നാട്ടില്‍ 124 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതില്‍ 80 പേരും തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. ഇന്നലെ സ്ഥിരീകരിച്ച 57 കേസില്‍ 50ഉം സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. 1500 പേര്‍ തമിഴ്‌നാട്ടില്‍ നിന്നും തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുക്കാനായി പോയിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ 1130 പേരാണ് തിരിച്ചെത്തിയത്. ഇതില്‍ 515 പേരെ മാത്രമേ കണ്ടെത്താന്‍ സാധിച്ചിട്ടുള്ളൂ. 308 പേരുടെ പരിശോധന ഫലം ഇനി വരാനുണ്ട്. നിസാമുദ്ദീനില്‍ സമ്മേളനത്തില്‍ പങ്കെടുത്ത എല്ലാവരും ഉടന്‍ തന്നെ വിവരം അറിയിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കേരളത്തില്‍ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത കൊല്ലം ജില്ലയില്‍ നിന്നുള്ള 11 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതില്‍ നാട്ടിലെത്തിയ എട്ടു പേര്‍ നിരീക്ഷണത്തിലാണ്. മൂന്ന് പേര്‍ തിരിച്ചെത്തിയിട്ടില്ല. പാലക്കാട് നിന്ന് പത്ത് പേര്‍ പങ്കെടുത്തതായാണ് വിവരം. ഇതില്‍ തിരികെ നാട്ടിലെത്തിയ രണ്ടു പേര്‍ ജില്ലാ ആശുപത്രിയില്‍ ഐസൊലേഷനിലാണ്. എട്ടു പേര്‍ ഡല്‍ഹിയിലാണുള്ളത്.

പുതുച്ചേരിയില്‍ രണ്ടുപേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇവര്‍ രണ്ടുപേരും തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയവരാണ്. ഇനിയും മൂന്നുപേരെ ഇവിടെ കണ്ടെത്താനുണ്ട്.

തെലങ്കാനയില്‍ 94 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ച 15 പേരും സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയവരാണ്. മരിച്ച ഏഴുപേരില്‍ ആറുപേരും സമ്മേളനത്തില്‍ പങ്കെടുത്തവരായിരുന്നു.

ആന്ധ്രയില്‍ 44 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇന്നലെ രോഗം സ്ഥിരീകരിച്ച നാലുപേര്‍ സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. കര്‍ണാടകയില്‍നിന്നും ആരെങ്കിലും സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയെത്തിയവര്‍ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യണമെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു. 101 പേര്‍ക്കാണ് കര്‍ണാടകയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

അതിനിടെ, പരിപാടിയില്‍ പങ്കെടുത്തു മടങ്ങിയ എല്ലാവരെയും കണ്ടെത്തണമെന്ന് സംസ്ഥാനങ്ങള്‍ക്ക് ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാര്‍ച്ച്‌ ഒന്നിനും 15നും ഇടയില്‍ 8000 പേരാണ് തബ്‌ലീഗ് കേന്ദ്രത്തിലെത്തിയത്. ഇവരുടെ വിവരങ്ങള്‍ ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കൈമാറി. 2137 പേരെയാണ് ഇതുവരെ കണ്ടെത്തിയത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top