×

സെന്‍സസ് ആകാം, സര്‍ക്കാര്‍ തീരുമാനത്തിന് പിന്തുണയുമായി എംപിമാര്‍

തിരുവനന്തപുരം: സെന്‍സസ് നടപടികളുമായി സഹകരിക്കാനും ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ നടപടികളുമായി സഹകരിക്കില്ലെന്നുമുള്ള സര്‍ക്കാര്‍ തീരുമാനത്തിന് എംപിമാരുടെ യോഗം പിന്തുണയറിയിച്ചു. സെന്‍സസും എന്‍പിആറും തമ്മില്‍ ജനങ്ങളിലും രാഷ്ട്രീയകക്ഷികളിലും ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാന്‍ ആവശ്യമായ തുടര്‍നടപടി സ്വീകരിക്കുമെന്ന് യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പാര്‍ലമെന്റിലെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായാണ് മുഖ്യമന്ത്രി എം.പിമാരുടെ യോഗം വിളിച്ചത്.

തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള സെമി ഹൈസ്പീഡ് റെയില്‍ കോറിഡോറിന് പ്രീഇന്‍വെസ്റ്റ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് തത്വത്തില്‍ അംഗീകാരം കേന്ദ്ര റെയില്‍ മന്ത്രാലയം നല്‍കിയിട്ടുണ്ട്. ഇക്കാര്യം സംബന്ധിച്ച തുടര്‍നടപടികള്‍ക്ക് എം.പിമാര്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അങ്കമാലിശബരി റെയില്‍പാതയ്ക്ക് ആവശ്യമായ തുക റെയില്‍വേ ബജറ്റില്‍ വകയിരുത്തണമെന്ന് എം.പിമാര്‍ ആവശ്യപ്പെടണം. ദേശീയപാത വികസനം വേഗത്തിലാക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തി നടപടികള്‍ ത്വരിതപ്പെടുത്തണം.

സംസ്ഥാനത്തിന്റെ സാമ്ബത്തിക സ്ഥിതി കണക്കിലെടുത്ത് സംസ്ഥാന ധനമന്ത്രി കേന്ദ്ര ധനമന്ത്രിക്ക് നല്‍കിയ നിവേദനത്തിലെ നിര്‍ദേശങ്ങളും ആവശ്യങ്ങളും കേന്ദ്ര ബജറ്റില്‍ ഉള്‍പ്പെടുത്താന്‍ എം.പിമാരുടെ ഇടപെടല്‍ വേണം.
2018 ല്‍ സംസ്ഥാനം നേരിട്ട മഹാപ്രളയത്തെത്തുടര്‍ന്നുള്ള പ്രത്യേക പരിഗണന കണക്കിലെടുത്ത് കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി കടമെടുപ്പ് പരിധി ഉയര്‍ത്തുക, റബ്ബറിന്റെ മിനിമം താങ്ങുവില ഉയര്‍ത്തുക, അന്താരാഷ്ട്ര ആയുര്‍വേദ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റിയൂട്ട് കണ്ണൂരില്‍ പ്രഖ്യാപിക്കുക, കേരളത്തില്‍ എയിംസ് അനുവദിക്കുക, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, ഫാക്‌ട് എന്നിവയില്‍ അധിക നിക്ഷേപം നടത്തുക തുടങ്ങി വിവിധ ആവശ്യങ്ങളാണ് നിവേദനത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.

ജി.എസ്.ടിയുമായി ബന്ധപ്പെട്ട് 2019 ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന് ലഭ്യമാകേണ്ടിയിരുന്ന നഷ്ടപരിഹാരത്തുകയായ 1600 കോടി അടിയന്തരമായി ലഭിക്കാന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണം. ബി.പി.സി.എല്ലിനെ സ്വകാര്യവത്കരിക്കാനുള്ള നടപടിക്കെതിരെ സമ്മര്‍ദ്ദം വേണം.
പ്രളയത്തില്‍ തകര്‍ന്ന റോഡുകളുടെ പുനര്‍നിര്‍മാണത്തിന് സംസ്ഥാന സര്‍ക്കാര്‍ തയാറാക്കിയ എസ്റ്റിമേറ്റ് കേന്ദ്രസര്‍ക്കാരില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കൂടാതെ റോഡുകളുടെ പുനര്‍നിര്‍മാണത്തിനായി എന്‍.ഡി.ആര്‍.എഫില്‍ നിന്ന് അധിക ധനസഹായമായി കിലോമീറ്ററിന് 10 ലക്ഷം രൂപ എന്ന നിരക്കില്‍ അനുവദിക്കാനും കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണം.

പ്രളയവുമായി ബന്ധപ്പെട്ട് നല്‍കിയ റേഷന് വില ഈടാക്കാനുള്ള നടപടി ഒഴിവാക്കുന്നതിനായി കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം വേണം.
ലോകകേരള സഭയില്‍ ഉയര്‍ന്ന നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

യോഗത്തില്‍ മന്ത്രിമാരായ ഡോ: ടി.എം. തോമസ് ഐസക്, ജി.സുധാകരന്‍, കെ. കൃഷ്ണന്‍കുട്ടി, എം.പിമാരായ ബിനോയ് വിശ്വം, കൊടിക്കുന്നില്‍ സുരേഷ്, കെ. മുരളീധരന്‍, ഇ.ടി. മുഹമ്മദ് ബഷീര്‍, ബെന്നി ബഹനാന്‍, എ.എം. ആരിഫ്, പി.വി. അബ്ദുല്‍ വഹാബ്, ജോസ് കെ. മാണി, എന്‍.കെ പ്രേമചന്ദ്രന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ: വി.കെ. രാമചന്ദ്രന്‍, ചീഫ് സെക്രട്ടറി ടോം ജോസ്, സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top