×

മാര്‍ മാത്യു അറയ്ക്കല്‍ റിട്ടയര്‍ ചെയ്തു; സഹായ മെത്രാന്‍ മാര്‍ പുളിക്കല്‍ ഇനി കാഞ്ഞിരപ്പള്ളി രൂപതയുടെ മെത്രാന്‍;

കൊച്ചി: ആഗോള കത്തോലിക്ക സഭയുടെ ഭാഗമാണെങ്കിലും സ്വതന്ത്രമായി മെത്രാന്മാരെ നിയമിക്കുന്നതിനുള്ള അധികാരം സീറോ മലബാര്‍ സഭ സിനഡ് ഫലപ്രദമായി ഉപയോഗിച്ച്‌ തുടങ്ങി. പാലക്കാട് രൂപതയ്ക്ക് പുതിയ സഹായ മെത്രാനെ നിയമിച്ചതും കാഞ്ഞിരപ്പള്ളി രൂപതയുടെ പുതിയ മെത്രാനെ നിയമിച്ചതും സിനഡ് നേരിട്ടാണ്. ഇന്നലെ ഇത് സംബന്ധിച്ച സിനഡ് എടുത്ത തീരുമാനത്തിന് വത്തിക്കാന്‍ അംഗീകാരം നല്‍കി ഉറപ്പിച്ചു.

കാഞ്ഞിരപ്പള്ളി രൂപതക്കാരനും കൂരിയ മെത്രാനുമായ മാര്‍ വാണിയപ്പുരയ്ക്കല്‍ കാഞ്ഞിരപ്പള്ളിയുടെ പുതിയ മെത്രാനായി നിയമിതനാവുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നെങ്കിലും കാഞ്ഞിരപ്പള്ളിയുടെ സഹായ മെത്രാന്‍ മാര്‍ ജോസ് പുളിക്കലിനെ തന്നെ മെത്രാനായി സിനഡ് തിരഞ്ഞെടുക്കുക ആയിരുന്നു. ഇപ്പോഴത്തെ രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ 75 വയസ്സായതിനെ തുടര്‍ന്ന് നിര്‍ബന്ധിത റിട്ടയര്‍മെന്റ് ഏറ്റു വാങ്ങിയതോടെയാണ് പുതിയ മെത്രാനെ നിയമിച്ചത്.

കാഞ്ഞിരപ്പള്ളി രൂപതയുടെ നിയുക്ത മെത്രാന്‍ മാര്‍ ജോസ് പുളിക്കലിനെ കര്‍ദിനാളും സ്ഥാനമൊഴിയുന്ന മെത്രാന്‍ മാര്‍ മാത്യു അറയ്ക്കലും ചേര്‍ന്ന് ഷാളണിയിച്ച്‌ അഭിനന്ദിച്ചു. പാലക്കാട് രൂപതയുടെ സഹായമെത്രാനായി നിയമിതനായ ഫാ. പീറ്റര്‍ കൊച്ചുപുരയ്ക്കലിനെ കര്‍ദിനാളും പാലക്കാട് രൂപത മെത്രാന്‍ മാര്‍ ജേക്കബ് മനത്തോടത്തും ചേര്‍ന്ന് മെത്രാന്റെ സ്ഥാനചിഹ്നങ്ങളണിയിച്ചു.

സിനഡിന്റെ തീരുമാനങ്ങള്‍ക്ക് മാര്‍പാപ്പയുടെ അംഗീകാരം ലഭിച്ചതോടെ മേജര്‍ ആര്‍ച്ച്‌ ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പുതിയ നിയമനങ്ങളില്‍ ഒപ്പുവച്ചു. ഇത് സംബന്ധിച്ച പ്രഖ്യാപനം സിനഡിന്റെ സമാപന ദിവസമായ ഇന്നലെ ഇറ്റാലിയന്‍ സമയം ഉച്ചയ്ക്ക് 12 ന് വത്തിക്കാനിലും ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 4.30ന് സിറോ മലബാര്‍ സഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലും നടന്നു.

 

. മാര്‍ ജോസ് പുളിക്കല്‍ കാഞ്ഞിരപ്പള്ളിയുടെ മെത്രാനായി സ്ഥാനമേറ്റെടുക്കുന്ന ചടങ്ങും ഫാ. പീറ്റര്‍ കൊച്ചുപുരയ്ക്കലിന്റെ മെത്രാഭിഷേകവും പിന്നീട് നടക്കും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top