×

കിഫ്ബിയില്‍ ഒരു ‘രാക്ഷസന്‍’ ഉണ്ട് , അയാള്‍ ബകന്‍ ഭക്ഷണം കാത്തിരിക്കുന്നതുപോലെ; നിതിന്‍ ഗഡ്കരിയുടെ നിലപാട് പോസീറ്റീവാണ്രൂ – മന്ത്രി സുധാകരന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കായി രൂപീകരിച്ച കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ് ( കിഫ്ബി) നെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി ജി സുധാകരന്‍. പൊതുമരാമത്ത് വകുപ്പിന്റെ പദ്ധതി നടത്തിപ്പിനു പോലും തടസ്സമാകുംവിധം കിഫ്ബി ഉദ്യോഗസ്ഥര്‍ പെരുമാറുന്നുവെന്നാണ് മന്ത്രിയുടെ വിമര്‍ശനം. കിഫ്ബിയിലെ ചീഫ് ടെക്‌നിക്കല്‍ എക്സാമിനര്‍ ‘രാക്ഷസനെ’പ്പോലെയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

പൊതുമരാമത്ത് വകുപ്പ് എന്‍ജിനിയര്‍മാരുടെ സമ്മേളനം ‘എന്‍ജിനിയേഴ്‌സ് കോണ്‍ഗ്രസ്’ ഉദ്ഘാടനംചെയ്യുമ്ബോഴായിരുന്നു മന്ത്രിയുടെ പരാമര്‍ശം. പൊതുമരാമത്ത് വകുപ്പ് എന്‍ജിനിയര്‍മാര്‍ എന്ത് റിപ്പോര്‍ട്ട് കൊടുത്താലും കിഫ്ബി ഉദ്യോഗസ്ഥര്‍ അതുവെട്ടും. ധനവകുപ്പില്‍ ഫയല്‍ പിടിച്ചുവെക്കും. ഇക്കാര്യം ധനമന്ത്രിയോടു പറഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കിഫ്ബിക്കെതിരേ പ്രതിപക്ഷം വിമര്‍ശനം ഉന്നയിക്കുന്ന ഘട്ടത്തിലാണ് മന്ത്രിയുടെ ഈ പരാമര്‍ശം.

പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ എന്തുകൊടുത്താലും കിഫ്ബിയിലെ ചീഫ് ടെക്‌നിക്കല്‍ എക്സാമിനര്‍ അത് വെട്ടും. അയാള്‍ ഒരു രാക്ഷസനാണ്. അയാള്‍ ബകന്‍ ഭക്ഷണം കാത്തിരിക്കുന്നതുപോലെയാണ്. എല്ലാദിവസവും പിടിച്ചുവെക്കാന്‍ അയാള്‍ക്ക് എന്തെങ്കിലും വേണം. എന്തിനാ ഇങ്ങനെയൊരു മനുഷ്യന്‍ അവിടെയിരിക്കുന്നതെന്നും മന്ത്രി ചോദിച്ചു.

ചീഫ് എന്‍ജിനിയര്‍ കൊടുക്കുന്ന കാര്യങ്ങള്‍ പരിശോധിക്കുന്നത് കിഫ്ബിയിലെ എക്‌സിക്യുട്ടീവ് എന്‍ജിനിയറായ ചീഫ് ടെക്‌നിക്കല്‍ എക്സാമിനര്‍ ആണ്. ലോകത്തെവിടെയെങ്കിലും ഇതുപൊലെ ബാലിശമായ നിയമമുണ്ടോയെന്നും മന്ത്രി ചോദിച്ചു. കിഫ്ബിയില്‍ ചീഫ് ടെക്‌നിക്കല്‍ എക്സാമിനര്‍ ആയി ചീഫ് എന്‍ജിനിയറെ നിയമിക്കാന്‍ ധനവകുപ്പ് തയ്യാറാവണം. ഇത് ചെയ്തിരുന്നെങ്കില്‍ കാര്യങ്ങള്‍ എന്നേ മെച്ചപ്പെടുമായിരുന്നുവെന്നും സുദാകരന്‍ പറഞ്ഞു.

നിര്‍മാണവും അറ്റകുറ്റപ്പണിയും കിഫ്ബിയെ ഏല്‍പ്പിച്ചതിന്റെ ഉത്തരവാദിത്വം പൊതുമരാമത്ത് വകുപ്പിനല്ല. കിഫ്ബിയില്‍ ആവശ്യമുള്ള എന്‍ജിനിയറെ നിയമിക്കണം. റോഡ് വിട്ടുകൊടുക്കാം. എല്ലാകാര്യവും അവര്‍ നോക്കട്ടെയെന്നും മന്ത്രി പറഞ്ഞു. കരാറുകാരുടെ പട്ടിക ശുദ്ധീകരിക്കണം. കരാറുകാര്‍ മികവുറ്റവരാകാന്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചാല്‍ സര്‍ക്കാര്‍ അതിന് അംഗീകാരം നല്‍കും.

സാങ്കേതികവിദ്യ ഉപയോഗിക്കുന്നതില്‍ പൊതുമരാമത്ത് വകുപ്പിന് പിശുക്കുണ്ട്. കയര്‍ ജിയോ ടെക്‌സ്റ്റൈല്‍ എന്നിവയൊന്നും റോഡ് നിര്‍മാണത്തിന് ഉപയോഗിക്കുന്നില്ല. കയര്‍ ഭൂവസ്ത്രം തയ്യാറാക്കിവെച്ചിട്ടും ഉപയോഗിക്കുന്നില്ല. റോഡിനെക്കുറിച്ച്‌ പരാതികള്‍ വ്യാപകമാണ്. എറണാകുളത്ത് ഹൈക്കോടതി ജഡ്ജി പറഞ്ഞാലേ കേള്‍ക്കു എന്നതാണ് അവസ്ഥ. എത്ര അറ്റകുറ്റപ്പണി ചെയ്താലും പരിഹരിക്കാനാകാത്ത സ്ഥലങ്ങളില്‍ ടൈല്‍സ് ഇടണം. ശബരിമല റോഡ് മണ്ഡലകാലം തുടങ്ങുംമുമ്ബ് പൂര്‍ത്തിയാക്കും. ചില പരാതികളുയര്‍ന്നിട്ടുണ്ട്. അതില്‍ ചീഫ് എന്‍ജിനിയറോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ദേശീയപാത വികസനത്തില്‍ കേരളം വലിയ അവഗണനയാണ് നേരിടുന്നത്. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ നിലപാട് പോസീറ്റീവാണ്. പക്ഷേ, ഉദ്യോഗസ്ഥര്‍ അങ്ങനെയല്ല. ദേശീയപാത വികസനം ഈ സര്‍ക്കാരിന്റെ കാലത്ത് പൂര്‍ത്തിയാകില്ല. 2016-ല്‍ കേന്ദ്രം പണം തന്നിരുന്നെങ്കില്‍ ഇപ്പോള്‍ തീരുമാനമാകുമായിരുന്നുവെന്നും മന്ത്രി ജി സുധാകരന്‍ പറഞ്ഞു. അതേസമയം കിഫ്ബിയെക്കുറിച്ച്‌ മന്ത്രി ജി സുധാകരന്‍ നടത്തിയ പരാമര്‍ശങ്ങളോട് പ്രതികരിക്കാനില്ലെന്ന് ധനമന്ത്രി ഡോ തോമസ് ഐസക് അറിയിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top