×

എല്‍ഡിഎഫും യുഡിഎഫും ബിഡിജെഎസിനെ സ്വാഗതം ചെയ്യുന്നുണ്ട് ‘രാഷ്ട്രീയമായി ആരോടും സ്ഥിരം ശത്രുതയില്ല’ ; തുഷാര്‍ വെള്ളാപ്പള്ളി

ആലപ്പുഴ : മുന്നണിമാറ്റം തള്ളാതെ ബിഡിജെഎസ്. രാഷ്ട്രീയമായി ആരോടും സ്ഥിരം ശത്രുതയില്ലെന്ന് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. എല്‍ഡിഎഫും യുഡിഎഫും ബിഡിജെഎസിനെ സ്വാഗതം ചെയ്യുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ എന്‍ഡിഎയില്‍ ഉറച്ചുനില്‍ക്കാനാണ് ബിഡിജെഎസ് തീരുമാനമെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

അരൂര്‍ സീറ്റില്‍ മല്‍സരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത് പാല ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്വീകരിച്ച സമീപനം മൂലമാണ്. പാലാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഭവങ്ങല്‍ ബിഡിജെഎസിന് മാനസിക വിഷമം ഉണ്ടാക്കി. കേരളത്തില്‍ നടക്കുന്ന പ്രശ്‌നങ്ങള്‍ ബിജെപി കേന്ദ്രനേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താനാണ് ഉപതെരഞ്ഞെടുപ്പില്‍ നിന്നും മാറി നിന്നതെന്നും തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി.

ഉപതെരഞ്ഞെടുപ്പില്‍ അരൂരില്‍ മല്‍സരിക്കാതെ മാറി നിന്ന് പ്രതിഷേധിച്ചിട്ടും ഇടപെടാന്‍ തയ്യാറാകാതെ ബിജെപി നേതൃത്വം അവഗണിക്കുന്നതില്‍ ബിഡിജെഎസിന് കടുത്ത അതൃപ്തിയുണ്ട്. പാര്‍ട്ടി ഉന്നയിച്ച ആവശ്യങ്ങളിന്മേല്‍ ബിജെപി കേന്ദ്രനേതൃത്വം നിലപാട് വ്യക്തമാക്കാത്തതും ബിഡിജെഎസിനുള്ളില്‍ അമര്‍ഷം ശക്തമാക്കിയിട്ടുണ്ട്. അരൂരില്‍ എന്‍ഡിഎ വോട്ടുകള്‍ എത്ര നേടാന്‍ കഴിയുമെന്നത് ബിഡിജെഎസുമായുള്ള ബന്ധം തുടരുന്നതില്‍ നിര്‍ണായകമാവും.

പാലാ ഉപതെരഞ്ഞെടുപ്പില്‍ മുന്നണി വോട്ട് കുറഞ്ഞതിന്റെ പാപഭാരം ബിഡിജെഎസിന്റെ തലയില്‍ വെക്കുന്ന തരത്തില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ പരസ്യമായി പ്രതികരിച്ചിരുന്നു. ഇതും ബിഡിജെഎസിനെ ചൊടിപ്പിച്ചിട്ടുണ്ട്. പാലായില്‍ വോട്ട് കുറഞ്ഞതിന്റെ കാരണം ബിജെപിക്കുള്ളില്‍ തന്നെയാണെന്നാണ് ബിഡിജെഎസിന്റെ അഭിപ്രായം.

പാലാ തിരഞ്ഞെടുപ്പിനു ശേഷം ബിജെപി മണ്ഡലം പ്രസിഡന്റും ജില്ലാ പ്രസിഡന്റും തമ്മില്‍ ഉണ്ടായ തര്‍ക്കത്തില്‍ പരാജയത്തിന്റെ കാരണങ്ങളും കാണാമെന്നാണ് അവര്‍ പറയുന്നത്. പാലായിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ തങ്ങളെ അടുപ്പിച്ചില്ലെന്നും ബിഡിജെഎസ് ആരോപിക്കുന്നു. തുഷാര്‍ വെള്ളാപ്പള്ളി പാലായില്‍ നാല് സ്ഥലങ്ങളില്‍ പ്രചാരണത്തിന് വന്നപ്പോള്‍, തൊട്ടടുത്തുതന്നെ ഉണ്ടായിരുന്ന ബിജെപി സ്ഥാനാര്‍ഥി അങ്ങോട്ട് തിരിഞ്ഞുനോക്കിയില്ലെന്നും ബിഡിജെഎസ് പരാതിപ്പെടുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top