×

കേരളത്തില്‍ ആസിഫമാര്‍ ഉണ്ടാകാന്‍ പാടില്ല; ഈ കളങ്കം സര്‍ക്കാര്‍ നീക്കണം – പുനരന്വേഷണം വേണമെന്ന് സിപിഐ നേതാവ് ആനി രാജ

വാളയാര്‍ കേസില്‍ പൊലീസിനും പ്രോസിക്യൂഷനും ഗുരുതര വീഴ്ചയുണ്ടായി. സര്‍ക്കാരിനും ഇതില്‍ പങ്കുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പ്രതികള്‍ക്ക് ഉയര്‍ന്ന ശിക്ഷ വാങ്ങിക്കൊടുക്കാനുള്ള നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. കേസ് ശരിയായ രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാനുള്ള നടപടിയുണ്ടാകണം. കേരളത്തിലെ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നുള്ളതിന് തെളിവാണ് ഈ കേസ്. കോടതിയുടെ മേല്‍നോട്ടത്തില്‍ സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

കോടതി ആദ്യം കുറ്റവിമുക്തനാക്കിയ പ്രദീപ് കുമാറിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ എന്‍ രാജേഷിനെ വിചാരണ വേളയില്‍ത്തന്നെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാനാക്കായിതിനെയും ചെന്നിത്തല കുറ്റപ്പെടുത്തി. എന്താണ് ഇവിടെ നടക്കുന്നതെന്നായിരുന്നു ചെന്നിത്തലയുടെ ചോദ്യം. അതേസമയം വാളയാര്‍ കേസില്‍ പ്രതികളെ വെറുതെ വിട്ടതിനെതിരെ പൊലീസ് അപ്പീല്‍ പോകാന്‍ തീരുമാനിച്ചു. അപ്പീല്‍ നല്‍കുന്നതിനെക്കുറിച്ച്‌ നിയമോപദേശം നേടിയ പൊലീസ് പൂര്‍ണമായ വിധിപകര്‍പ്പ് കിട്ടിയശേഷം അപ്പീല്‍ നല്‍കും.

ചെന്നിത്തലയ്ക്ക് പിന്നാലെ വാളയാറിലെ പെണ്‍കുട്ടികളുടെ മരണത്തില്‍ പുനരന്വേഷണം നടത്തണമെന്ന് സിപിഐ നേതാവും ദേശീയ മഹിളാ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറിയുമായ ആനി രാജയും ആവശ്യപ്പെട്ടു. സ്വതന്ത്ര ഏജന്‍സികളെക്കൊണ്ട് അന്വേഷണം നടത്തണം. കേരളത്തില്‍ ആസിഫമാര്‍ ഉണ്ടാകാന്‍ പാടില്ല. പ്രതികള്‍ക്ക് രാഷ്ട്രീയ സംരക്ഷണം ഇല്ല എന്ന് ഉറപ്പു വരുത്തണമെന്നും ഇടതു പക്ഷത്തിന്റെ സത്യസന്ധതയെ ചോദ്യം ചെയ്യുന്ന രീതിയിലേക്ക് ഈ കേസ് മാറാന്‍ പാടില്ലെന്നും ആനി രാജ പറഞ്ഞു.

വാളയാറിലേത് സംസ്ഥാനത്തിനേറ്റ കളങ്കമാണെന്ന് ആനി രാജ ചൂണ്ടിക്കാട്ടി. കേസ് അന്വേഷിച്ച പൊലീസ് സംഘത്തിന്റെ ഭാഗത്ത് നിന്ന് വലിയ അലംഭാവമുണ്ടായി. അന്വേഷണത്തിലെ വീഴ്‌ച്ചയാണ് വാളയാര്‍ കേസില്‍ പ്രതികളെ വെറുതെ വിടാന്‍ കാരണം. സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യത്തില്‍ ഇക്കാര്യത്തില്‍ ജാഗ്രത കാണിക്കണം. കേസ് സ്വതന്ത്ര ഏജന്‍സിയെ കൊണ്ട് അന്വേഷിക്കണമെന്നും ആനി രാജ പറഞ്ഞു. രണ്ട് കുഞ്ഞുങ്ങള്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടിട്ട് അതിന്റെ ഉത്തരവാദികളെ കണ്ടെത്താന്‍ സാധിക്കാതെ പൊലീസിന്റെ ഭാഗത്ത് നിന്ന് ഇത്ര വലിയ അലംഭാവമുണ്ടാകുന്നത് അംഗീകരിക്കാനാകില്ല. കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരും മുഖ്യമന്ത്രിയും വളരെ ഗൗരവമായി ഇതിനെ കാണണം.

കാര്യക്ഷമമായും സമയബന്ധിതമായും ഒരു സ്വതന്ത്ര അന്വേഷണ ഏജന്‍സിയെക്കൊണ്ട് അന്വേഷിച്ച്‌ നീതി ഉറപ്പാക്കണം. കുറ്റവാളികളെ രക്ഷിക്കുന്നതിന് കൂട്ടുനിന്നത് ഏത് രാഷ്ട്രീയ പാര്‍ട്ടിയിലെ അംഗങ്ങളായാലും നേതൃത്വമായാലും അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. നമ്മുടെ സംസ്ഥാനത്തിനേറ്റ ഈ കളങ്കം സര്‍ക്കാര്‍ നീക്കണം. അതിന് വേണ്ടി സര്‍ക്കാര്‍ ഇടപെടണമെന്നും ആനി രാജ വ്യക്തമാക്കി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top