×

നിയമസഭയില്‍ എടാപോടാ വിളികള്‍ ; നെടുങ്കണ്ടം കേസ് – ഡോക്ടറോടോ ജഡ്ജിയോടോ ഹക്കിം ഉപദ്രവിച്ചുവെന്ന് പറഞ്ഞതായി രേഖകളില്ല – പിണറായി

തിരുവനന്തപുരം : നിയമസഭയില്‍ എടാപോടാ വിളികള്‍. നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ കസ്റ്റഡി മര്‍ദനവുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയ കോണ്‍ഗ്രസിലെ ഷാഫി പറമ്ബില്‍ സംസാരിക്കാന്‍ എഴുന്നേറ്റപ്പോഴായിരുന്നു എടാപോടാ വിളികള്‍ ഉയര്‍ന്നത്.

ഇതോടെ സ്പീക്കര്‍ ഇടപെട്ടു. ഇത് നിയമസഭയാണെന്ന് ഓര്‍മ്മ വേണമെന്ന്, അതൃപ്തി പരസ്യമാക്കി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. നെടുങ്കണ്ടം പൊലീസ് സ്‌റ്റേഷനില്‍ രാജ്കുമാര്‍ കൊല്ലപ്പെട്ട ദിവസം തന്നെ ഓട്ടോ
ഡ്രൈവര്‍ ഹക്കീമും ക്രൂര മര്‍ദനത്തിന് ഇരയായെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

ഈ അടിയന്തര പ്രമേയത്തെ തടസ്സവാദങ്ങള്‍ ഉന്നയിച്ച്‌ ഭരണപക്ഷം എതിര്‍ക്കുകയായിരുന്നു. എന്നാല്‍ പൊലീസ് അതിക്രമവുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ ആശങ്ക നിലനില്‍ക്കുന്നതിനാല്‍ പഴയ വിഷയമാണെങ്കിലും നോട്ടീസ് പരിഗണിക്കുകയാണെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷണന്‍ അറിയിച്ചു.

ഇടക്കിടെ ആളെ കൊല്ലുക എന്നത് പൊലീസിന്റെ രീതിയായി മാറിയിരിക്കുകയാണെന്ന്ഷാഫി പറമ്ബില്‍ ആരോപിച്ചു. ഇടുക്കി ജില്ലയില്‍ സമാന്തര ആഭ്യന്തര വകുപ്പ് പ്രവര്‍ത്തിക്കുന്നു. പൊലീസിനെ നിയന്ത്രിക്കാന്‍ സര്‍ക്കാരിന് ആവുന്നില്ല. വരാപ്പുഴയിലും നെടുങ്കണ്ടത്തുമെല്ലാം സംഭവിക്കുന്നത് ഇതാണ് എന്നും ഷാഫി പറമ്ബില്‍ കുറ്റപ്പെടുത്തി.

കോടതിയില്‍ ഹാജരാക്കിയപ്പോഴോ വൈദ്യ പരിശോധന സമയത്തോ മര്‍ദനമേറ്റെന്ന പരാതി ഹക്കീം ഉന്നയിച്ചിരുന്നില്ലെന്ന് നോട്ടീസിന് മറുപടി പറഞ്ഞ മുഖ്യമന്ത്രി വ്യക്തമാക്കി. എങ്കില്‍ പോലും ഇപ്പോഴത്തെ പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ട് പൊലീസുകാര്‍ക്കെതിരെ കേസെടുത്തു. പൊലീസില്‍ എല്ലാ കാലത്തും ഇത്തരത്തിലുള്ള ദുഷ്പ്രവണതകളുണ്ട്. 12 പൊലീസുകാരെയാണ് ഈ സര്‍ക്കാര്‍ വന്ന ശേഷം സര്‍വീസില്‍ നിന്ന് ഒഴിവാക്കിയത്. മൂന്നുപേരെ പിരിച്ചുവിട്ടതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top