×

‘അടിയോടടി’- കാര്യങ്ങള്‍ പിളര്‍പ്പിലേക്ക് തന്നെ – സജി രാജിയിലേക്ക് ? പിതാവിനെയും പുത്രനെയും എതിര്‍ക്കുന്നവര്‍ ജോസഫ് പക്ഷത്ത്

കോട്ടയം: കേരള കോൺഗ്രസിൽ ഇപ്പോഴുള്ള പ്രതിസന്ധി പരിഹരിക്കാൻ പിജെ ജോസഫിന് സീറ്റ് നൽകേണ്ടതായിരുന്നുവെന്ന് സജി മഞ്ഞക്കടമ്പിൽ. കോട്ടയത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടിയിലെ പിളർപ്പ് ഒഴിവാക്കാൻ ജോസഫിന് സീറ്റ് നൽകണമെന്ന് യൂത്ത് ഫ്രണ്ട് പാർട്ടി നേതൃത്വത്തെ അറിയിച്ചിരുന്നതാണ്. ജോസഫിന് സീറ്റ് നൽകുവാൻ പാർട്ടി ചെയർമാൻ കെഎം മാണി സന്നദ്ധനായിരുന്നു. എന്നാൽ കോട്ടയം ജില്ലാ ഘടകത്തിലെ ചിലർ ചേർന്ന് ഇത് അട്ടിമറിക്കുകയായിരുന്നു. കെഎം മാണിയുടെ മേൽ ഇവർ സമ്മർദ്ദം ചെലുത്തി. പ്രാദേശിക നേതാക്കളെ ഇതിൽ ഇടപെടുത്തേണ്ട സാഹചര്യം ഇല്ലായിരുന്നു. തിരഞ്ഞെടുപ്പിൽ മണ്ഡലം മാറി മത്സരിക്കുന്നത് നിത്യസംഭവമാണ്. വർക്കിങ്ങ് ചെയർമാനായ ജോസഫിന് ഇത് മാനദണ്ഡമാക്കിയത് ശെരിയായില്ല.
പാർട്ടി സ്റ്റിയറിംഗ് കമ്മറ്റിയിൽ ചാഴികാടനെ സ്ഥാനാർത്ഥിയാക്കുവാനും ജോസഫിന് സീറ്റ് നൽകേണ്ട എന്നും തീരുമാനിച്ചിരുന്നില്ല. പാർലമെന്ററി പാർട്ടിയുടെ തീരുമാനം ആക്ടിങ്ങ് ചെയർമാൻ സിഎഫ് തോമസ് സ്റ്റിയറിങ്ങ് കമ്മിറ്റിയിൽ അവതരിപ്പിച്ചു. ഇതിൽ ചർച്ച വേണ്ട എന്നും തീരുമാനം പാർട്ടി ചെയർമാൻ അറിയിക്കുമെന്നും ആണ് അന്ന് പറഞ്ഞത്. ഇത് സ്റ്റിയറിങ്ങ് കമ്മിറ്റി അംഗീകരിച്ചു. ഇതോടെ ജോസഫിനെ സ്ഥാനാര്ഥിയാക്കണമെന്ന ആവശ്യം സ്റ്റിയറിങ്ങ് കമ്മിറ്റി തള്ളിയെന്ന ജോസ് കെ മാണിയുടെ വാദമാണ് തള്ളപ്പെട്ടത്. സ്റ്റിയറിങ്ങ് കമ്മിറ്റി അംഗമായ എനിക്ക് അങ്ങനെ ഒരു തീരുമാനം ഉണ്ടായില്ല എന്ന് പറയുവാൻ കഴിയും എന്നാണ് സജി പറഞ്ഞത്.
ജോസഫ് സീറ്റിനായുള്ള ആവശ്യം അറിയിച്ചു. തീരുമാനം പാർട്ടി ചെയർമാൻ അറിയിക്കുമെന്നു സ്റ്റിയറിങ്ങ് കമ്മിറ്റിയിൽ മറുപടി നൽകി. പ്രാദേശിക നേതാക്കളെ ഇടപെടുത്തി ഇതിൽ തീരുമാനം ഉണ്ടാക്കുവാൻ ആലോചിച്ചിട്ടില്ലായിരുന്നു. ഇത് പിന്നീട് ആസൂത്രിതമായി അട്ടിമറിക്കുകയായിരുന്നു. കേരള കോൺഗ്രസിന് ഒരു പിളർപ്പ് താങ്ങുവാനുള്ള ശക്തി ഇല്ലാത്തതിനാൽ ജോസഫുമായുള്ള പ്രശ്‍നം ചർച്ച ചെയ്ത് പരിഹരിക്കണമെന്നും സജി മഞ്ഞക്കടമ്പിൽ പറഞ്ഞു.
എന്നാൽ ഇദ്ദേഹത്തെ തള്ളി യൂത്ത് ഫ്രണ്ട് എം സംസ്ഥാന ജനറൽ സെക്രട്ടറി ജയകൃഷ്ണൻ പുതിയേടത്ത് രംഗത്തെത്തി.  സജി മഞ്ഞക്കടമ്പന് തെരഞ്ഞെടുപ്പുകാലത്ത് പിടിപെടുന്ന ക്യാൻഡിഡേറ്റ് സിൻഡ്രോം എന്ന രോഗമാണെന്ന് അദ്ദേഹം പറഞ്ഞു. മോഹഭംഗവും വിജിലൻസ് കേസിൽ ഉൾപ്പെട്ടതിലുള്ള ജാള്യതയും മറക്കുന്നതിനാണ് സ്ഥിരം സ്ഥാനാർഥി മോഹിയായ യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡൻറ് പാർട്ടിവിരുദ്ധ പ്രസ്താവനയുമായി രംഗത്തുവന്നിരിക്കുന്നത് എന്ന് അദ്ദേഹം ആരോപിച്ചു.
കുറച്ചുകാലമായി പാർട്ടിവിരുദ്ധ ചേരിയിൽ നിന്നു കൊണ്ട് കേരളാ കോൺഗ്രസ് പാർട്ടിയെ പിന്നിൽനിന്ന് കുത്തിക്കൊണ്ടിരുന്ന ഒരു വിഭാഗത്തിന്റെ വക്താവായി പ്രവർത്തിച്ചുവരികയായിരുന്നു സജി മഞ്ഞക്കടമ്പിൽ. കേരളയാത്രയിൽ നിസഹകരിച്ചതിന് കേരള കോൺഗ്രസ് പാർട്ടി വിശദീകരണം ചോദിച്ചിരുന്നു. പാർട്ടി നടപടി ഉണ്ടാകുമെന്ന് ബോധ്യം വന്നതിനെത്തുടർന്നാണ് ഇത്തരത്തിലുള്ള അനവസരത്തിലുള്ള പ്രസ്താവനയുമായി സജിമോൻ രംഗത്തുവന്നിരിക്കുന്നത്. നേരത്തെ കോട്ടയം സീറ്റ് തനിക്ക് ലഭിക്കണമെന്ന് ആവശ്യപ്പെട്ട് മാധ്യമങ്ങളിലൂടെ രംഗത്തുവന്നിരുന്നു.  കോട്ടയം ലോകസഭാ മണ്ഡലത്തിലെ പാർട്ടി സ്ഥാനാർഥിക്കെതിരെ  വെല്ലുവിളി ഉയർത്തിയ മഞ്ഞക്കടമ്പനെതിരെ അടിയന്തര നടപടി ആവശ്യപ്പെട്ട് പാർട്ടി ചെയർമാൻ കെ എം മാണിക്ക് പരാതി നൽകിയെന്നും  ജയകൃഷ്ണൻ അറിയിച്ചു

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top