×

അണികള്‍ക്ക് അടിയും തൊഴിയുമില്ല, പകരം നേതാവിനെ പൊക്കി അകത്തിടും;

സമരങ്ങളെ നേരിടാന്‍ പുതിയ പ്രതിരോധ മാര്‍ഗങ്ങള്‍ പ്രയോഗിക്കാന്‍ ഒരുങ്ങി പൊലീസ്. സാധാരണ സമരം അക്രമാസക്തമായാല്‍ പൊലീസ് അടിച്ചൊതുക്കാറാണ് പതിവ്. അത് മാറ്റി തന്ത്രപൂര്‍വം സമരത്തെ നേരിടാനാണ് പൊലീസിന്റെ തീരുമാനം. അണികളെ ഓടിച്ചിട്ട് തല്ലുന്നതിന് പകരം നേതാക്കന്മാരെ കസ്റ്റഡിയിലെടുത്ത് സമരവീര്യം കെടുത്താനാണ് നിര്‍ദേശം. നേതാക്കള്‍ അകത്തായാല്‍ അണികളുടെ മനോവീര്യം കുറയുമെന്നാണ് വിലയിരുത്തുന്നത്. അടിച്ചൊതുക്കലിനെതിരേ വ്യാപക വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നടപടി.

കലാപകാരികളെ നേരിടാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പുറത്തിറക്കിയ പുതിയ ഉത്തരവിലാണ് പുതിയ പരിഷ്‌കരണങ്ങളുള്ളത്. കൂടാതെ പൊലീസിനെ വളരെ പെട്ടെന്ന് തോക്കെടുത്ത് പ്രയോഗിക്കാനായി കൈത്തോക്ക് ധരിക്കുന്നത് ഇടതുവശത്തു നിന്നു വലത്തേക്കു മാറ്റുമെന്നും ഉത്തരവില്‍ പറയുന്നു.

നിലവില്‍ സമരത്തിനിടെ അക്രമം കാണിച്ചാല്‍ തല, കഴുത്ത്, നെഞ്ച് തുടങ്ങി പൊലീസിനു തോന്നുന്ന സ്ഥലങ്ങളില്‍ അടിക്കാന്‍ അധികാരമുണ്ട്. 1931 ല്‍ സ്വാതന്ത്ര്യ സമരസേനാനികളെ നേരിടാന്‍ ബ്രിട്ടിഷ് പൊലീസ് കൊണ്ടുവന്നതാണ് ഈ ആയുധമുറ. അക്കാലത്തെ രീതികള്‍ പരിഷ്‌കൃത സമൂഹത്തിനു യോജിച്ചതല്ലെന്ന് ഡിഐജി കെ. സേതുരാമന്റെ നേതൃത്വത്തിലുള്ള സംഘം റിപ്പോര്‍ട്ട് നല്‍കി. ഹെഡ്ക്വാര്‍ട്ടേഴ്‌സ് എഡിജിപി എസ്. ആനന്ദകൃഷ്ണന്‍ അധ്യക്ഷനായ സമിതി ഈ റിപ്പോര്‍ട്ട് നടപ്പിലാക്കാമെന്നു ശുപാര്‍ശയും നല്‍കി. തുടര്‍ന്നാണു പുതിയ ഉത്തരവ്.

കേരള പൊലീസിനു ലാത്തിയും തോക്കും ഉപയോഗിക്കാന്‍ രാജ്യാന്തര നിലവാരത്തിലുള്ള പരിശീലനം നല്‍കാനും ഡിജിപി ഉത്തരവിട്ടു. അര ലക്ഷത്തിലേറെ വരുന്ന പൊലീസുകാര്‍ക്കു 100 ദിവസത്തിനകം പരിശീലനം നല്‍കും. സേനയില്‍ പ്രവേശിക്കുന്ന കോണ്‍സ്റ്റബിള്‍, എസ്‌ഐമാര്‍ എന്നിവരെ പരിശീലന കാലയളവില്‍ തന്നെ ഇതു പഠിപ്പിക്കും. ഇതിനായി 200 മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്കു പരിശീലനം നല്‍കിക്കഴിഞ്ഞു.

നിലവില്‍ സമരക്കാര്‍ക്കൊപ്പം നടന്നെത്തിയാണു പൊലീസ് ലാത്തി പ്രയോഗിക്കുന്നത്. ഇനി പൊലീസ് ഓടിയെത്തും. വാക്കാലുള്ള ഉത്തരവുകള്‍ക്കു പുറമെ സിഗ്‌നലുകളും വിസിലും ഉപയോഗിക്കും. നിലവില്‍ 3 ദിശകളില്‍ നിലയുറപ്പിക്കുന്നതിനു പകരം 6 ദിശകളില്‍ പൊലീസ് സാന്നിധ്യം ഉണ്ടാകും. ഷീല്‍ഡും ഹെല്‍മറ്റും വേണ്ട രീതിയില്‍ ഉപയോഗിക്കാനും പരിശീലിപ്പിക്കും. ഇപ്പോള്‍ കല്ലേറു തടയാന്‍ മാത്രമാണു ഷീല്‍ഡ് ഉപയോഗിക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top