×

പൊലീസുകാരെ ആക്രമിച്ച സംഭവം : എസ്‌എഫ്‌ഐ നേതാവ് നസീം കീഴടങ്ങി

തിരുവനന്തപുരം : തിരുവനന്തപുരത്ത് ട്രാഫിക് നിയമം ലംഘിച്ചത് ചോദ്യം ചെയ്ത പൊലീസുകാരനെ ആക്രമിച്ച സംഭവത്തില്‍ ഒളിവിലായിരുന്ന എസ്‌എഫ്‌ഐ നേതാവ് കീഴടങ്ങി. എസ്‌എഫ്‌ഐ നേതാവ് നസീം ആണ് കീഴടങ്ങിയത്. കന്റോണ്‍മെന്റ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റി അംഗമായ നസീം ഒന്നര മാസമായി ഒളിവിലായിരുന്നു.

ഒളിവിലായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കുമ്ബോഴും, ഇയാള്‍ കഴിഞ്ഞ ദിവസം മന്ത്രിമാരായ എകെ ബാലനും കെ ടി ജലീലും പങ്കെടുത്ത ചടങ്ങില്‍ സംബന്ധിച്ചതിന്റെ ചിത്രങ്ങള്‍ പുറത്തു വന്നിരുന്നു. യൂണിവേഴ്‌സിറ്റി കോളേജില്‍ നടന്ന പരിപാടി അവസാനിക്കുന്നതു വരെ അദ്ദേഹം പരിപാടിയില്‍ സംബന്ധിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ട്. നസീമിനെ പിടികൂടണമെന്നാവശ്യപ്പെട്ട് മര്‍ദനത്തില്‍ പരിക്കേറ്റ പൊലീസുകാരന്റെ മാതാപിതാക്കള്‍ നേരത്തെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു.

ഡിസംബര്‍ 12-നാണ് പാളയത്ത് ട്രാഫിക് നിയമലംഘനം ചോദ്യംചെയ്ത എസ്‌എപിയിലെ പൊലീസുകാരായ ശരത്, വിനയചന്ദ്രന്‍ എന്നിവരെ എസ്.എഫ്.ഐ.ക്കാര്‍ വളഞ്ഞിട്ട് ആക്രമിച്ചത്. എസ്‌എഫ്‌ഐ നേതാക്കളുടെ ട്രാഫിക് നിയമലംഘനം തടഞ്ഞതിലുള്ള വൈരാഗ്യത്തിലായിരുന്നു ആക്രമണം. മര്‍ദനമേറ്റ പൊലീസുകാര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. സി.സി.ടി.വി. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ആറുപേരെ പ്രതികളാക്കി കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തിരുന്നു.

സംഭവം വിവാദമായതോടെ എസ്.എഫ്.ഐ. പ്രവര്‍ത്തകരായ നാലുപേര്‍ പൂജപ്പുര പൊലീസ് സ്റ്റേഷനില്‍ നേരത്തെ കീഴടങ്ങി. ആരോമല്‍, ശ്രീജിത്ത്, അഖില്‍, ഹൈദര്‍ എന്നിവരാണ് കീഴടങ്ങിയത്. ഇതില്‍ ഹൈദര്‍ ഒരു സി.പി.എം. എം.എല്‍.എ.യുടെ പി.എ.യുടെ മകനാണ്. നസീമിനെ കൂടാതെ ഒരാള്‍കൂടി സംഘര്‍ഷത്തില്‍ പങ്കാളിയായിരുന്നു.

നസീമിനെ ന്യായീകരിച്ച്‌ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാ​ഗപ്പന്‍ രം​ഗത്തു വന്നിരുന്നു. ബിജെപിക്കാരായ പൊലീസുകാര്‍ നസീമിനെ കേസില്‍ പ്രതിയാക്കിയതാണെന്നായിരുന്നു നാ​ഗപ്പന്റെ ആരോപണം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top