×

ആറു മാസത്തേക്ക് പ്രാഥമിക അംഗത്വത്തില്‍ നിന്ന് ശശിയെ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം : ഡിവൈഎഫ്‌ഐ വനിതാ നേതാവിനോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ പി കെ ശശി എംഎല്‍എയെ സസ്‌പെന്‍ഡ് ചെയ്തു. ആറു മാസത്തേക്ക് പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യാനാണ് സിപിഎം നേതൃത്വം തീരുമാനിച്ചത്. പരാതിക്കാരിയുടെ ആരോപണത്തില്‍ കഴമ്ബുണ്ടെന്ന് സിപിഎം അന്വേഷണക്കമ്മീഷന്‍ കണ്ടെത്തിയിരുന്നു. പാര്‍ട്ടി ഭരണഘടന പ്രകാരം കടുത്ത നടപടിയാണ് സസ്‌പെന്‍ഷന്‍.

പി കെ ശശി പരാതിക്കാരിയോട് ലൈംഗികാതിക്രമം നടത്തിയിട്ടില്ലെന്ന് സിപിഎം അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഫോണിലൂടെ മോശം പെരുമാറ്റം മാത്രമാണ് ഉണ്ടായത്. ലൈംഗിക ചുവയോടെ വനിതാ നേതാവിനോട് ശശി സംസാരിച്ചിരുന്നുവെന്ന് കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്. ഫോണിലൂടെ മോശമായി സംസാരിച്ചത് അച്ചടക്ക നടപടി എടുക്കാവുന്ന കുറ്റമാണെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു.

വിഭാഗീയതയാണ് പരാതിക്ക് പിന്നിലെന്ന ശശിയുടെ അടുപ്പക്കാര്‍ ഉന്നയിച്ച വാദം കമ്മീഷന്‍ അംഗമായ മന്ത്രി എ കെ ബാലനും കമ്മീഷന്‍ യോഗത്തില്‍ ഉയര്‍ത്തി. എന്നാല്‍ കമ്മീഷനിലെ മറ്റൊരു അംഗമായ പി കെ ശ്രീമതി ഈ വാദം തള്ളുകയായിരുന്നു. പരാതിയെ ഈ തരത്തിലേക്ക് വ്യാഖ്യാനിച്ച്‌ കൊണ്ടുവരാന്‍ നീക്കം നടക്കുന്നുണ്ട്. ഇത് അനുവദിക്കാനാവില്ലെന്നും ശ്രീമതി നിലപാടെടുത്തു. കൂടാതെ വനിതാ നേതാവിനെതിരെ ശശി മോശം പെരുമാറ്റം നടത്തിയത് വ്യക്തമാണെന്നും ശ്രീമതി വ്യക്തമാക്കി.

ഫോണിലൂടെ ശശി നടത്തിയ സംഭാഷണങ്ങളുടെ റെക്കോഡ് പരാതിക്കാരി അന്വേഷണ കമ്മീഷന് സമര്‍പ്പിച്ചിരുന്നു. ഇതുകൂടി പരിഗണിച്ചാണ്, ശശി ഫോണിലൂടെ മോശം പെരുമാറ്റം നടത്തുക മാത്രമേ ചെയ്തിട്ടുള്ളൂ എന്ന് കമ്മീഷന്‍ നിഗമനത്തിലെത്തിയത്. അതേസമയം പരാതി പുറത്ത് മാധ്യമങ്ങളില്‍ ചര്‍ച്ചയായതിന് പിന്നില്‍ വിഭാഗീതയുണ്ടെന്ന ആക്ഷേപം ശരിയാണെന്നും കമ്മീഷന്‍ വിലയിരുത്തിയിരുന്നു.

താന്‍ യാതൊരു പെരുമാറ്റദൂഷ്യവും നടത്തിയിട്ടില്ലെന്നാണ് ശശി നേരത്തെ നേതൃത്വത്തെ അറിയിച്ചിരുന്നത്. തുടര്‍ന്ന് പികെ ശശി അന്വേഷണ കമ്മീഷന് വിശദീകരണവും നല്‍കിയിരുന്നു. നിലവില്‍ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റംഗമാണ് പി കെ ശശി. സിപിഎം സമ്മേളന കാലയളവിലാണ് പരാതിക്കടിസ്ഥാനമായ സംഭവങ്ങള്‍ ഉണ്ടായത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top