×

രാജസ്ഥാന്‍ തിരഞ്ഞെടുപ്പ്‌ സ്റ്റണ്ട്‌; ഡീസലിന്‌ 14 ഉം പെട്രോളിന്‌ 9 ഉം ജയ്‌റ്റ്‌ലി കുറയ്‌ക്കണം എന്നിട്ടാകാം കേരളത്തില്‍ – തോമസ്‌ ഐസക്ക്‌

തിരുവനന്തപുരം: ഇന്ധന വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് നികുതിയിനത്തില്‍ ചെറിയ കുറവ് വരുത്തിയെങ്കിലും കേരളം കടുംപിടുത്തം തുടരുന്നു. സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി ടി എം തോമസ് ഐസക്. അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍ നികുതി കുറച്ചതിന് പിന്നാലെ സംസ്ഥാന സര്‍ക്കാരുകള്‍ നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ഇതിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. കേന്ദ്രത്തിന് പിന്നാലെ ബിജെപി ഭരിക്കുന്ന മഹാരാഷ്ട്രയിലും ഗുജറാത്തിലും ഇന്ധന വില കുറച്ചു. പെട്രോളിനും ഡീസലിനും രണ്ടര രൂപ വീതമാണ് കുറച്ചത്. ഇതോടെ ഇരു സംസ്ഥാനങ്ങളിലും പെട്രോള്‍, ഡീസല്‍ വിലയില്‍ അഞ്ച് രൂപയുടെ വീതം കുറവുണ്ടാകും.

ഡീസല്‍ 14 രൂപ കൂട്ടിയിട്ട് രണ്ടര രൂപ കുറച്ചാല്‍ മതിയാകില്ല. രാജസ്ഥാന്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നടപടിയാണിത്. പെട്രോളിന് 9 രൂപ കുറയ്ക്കണം. വര്‍ദ്ധിപ്പിച്ച തുക കുറയ്ക്കാന്‍ കേന്ദ്രം തയ്യാറായാല്‍ സംസ്ഥാനവും നികുതി കുറയ്ക്കുന്ന കാര്യം ആലോചിക്കുമെന്നും ഐസക പറഞ്ഞു. ജയ്റ്റ്‌ലിയാണു ഇന്ധനനികുതി കൂട്ടിയത്. അതു കുറച്ചിട്ടു സംസ്ഥാനങ്ങളോടു സംസാരിക്കാന്‍ വന്നാല്‍ മതിയെന്നും തോമസ് ഐസക് വ്യക്തമാക്കി.

ആന്ധ്രാപ്രദേശും രാജസ്ഥാനും കര്‍ണാടകയും അടക്കമുള്ള സംസ്ഥാനങ്ങള്‍ ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് ഈ അടുത്ത കാലത്ത് നികുതി കുറച്ചിരുന്നു. 2രൂപവരെയാണ് സംസ്ഥാനങ്ങളില്‍ നികുതിയിനത്തില്‍ കുറച്ചത്.എന്നാല്‍ അയല്‍ സംസ്ഥാനങ്ങള്‍ പോലും നികുതി കുറയ്ക്കാനൊരുങ്ങുമ്ബോള്‍ കേരളത്തിന്റെ പിടിവാശി ജനങ്ങളുടെ നടുവൊടിക്കുന്നതിന് തുല്യമാണ്. കേരളം കൂടി ഇളവ് നല്‍കുകയാണെങ്കില്‍ 5 രൂപയോളം ഇന്ധന വിലയില്‍ കുറവുണ്ടാകും. ഈ സാഹചര്യത്തില്‍ കേരളത്തിലെ ജനങ്ങള്‍ക്ക് വലിയ ആശ്വാസമാകുന്ന കാര്യവുമാണിത്. നിലവില്‍ കേരളത്തില്‍ 88രൂപയോട് അടുത്താണ് പെട്രോള്‍ വില. ഡീസല്‍ വില 80 കടന്നു.

ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയും പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനുമായി പ്രധാനമന്ത്രി നടത്തിയ ചര്‍ച്ചയിലാണ് നികുതി കുറയ്ക്കാന്‍ തീരുമാനമായത്. ഇന്നും ഇന്ധന വില വര്‍ധിച്ചിരുന്നു. പെട്രോളിന് 15 പൈസയും ഡീസലിന് 21 പൈസയുമാണ് ഇന്ന് വര്‍ദ്ധിച്ചത്. ഇതോടെ, കൊച്ചിയില്‍ ഒരു ലീറ്റര്‍ പെട്രോളിന്റെ വില 86.16 രൂപയായി. 79.56 രൂപയാണു കൊച്ചിയിലെ ഡീസല്‍ വില. മുംബൈയില്‍ പെട്രോളിന് 91.34 രൂപയും ഡീസലിന് 80.10 രൂപയുമാണ്.

പെട്രോളിന് ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് മുംബൈയിലേത്. ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 84 രൂപയും ഡീസലിന് 75.45 രൂപയുമാണ് വില.തിരുവനന്തപുരം നഗരത്തില്‍ ഒരു ലീറ്റര്‍ പെട്രോള്‍ ലഭിക്കാന്‍ ഇന്ന് 87.25 പൈസ ചെലവാക്കണം. നഗരത്തിനു വെളിയില്‍ 88.50 രൂപ വരെയാണു വില. ഡീസല്‍ വില നഗരത്തിനുള്ളില്‍ 80.63 രൂപയായി. കോഴിക്കോട് നഗരത്തില്‍ പെട്രോളിന് 87 രൂപയും ഡീസലിന് 80.31 രൂപയുമാണ് ഇന്നത്തെ വില.

പെട്രോളിനും ഡീസലിനും 2.50 രൂപ വീതമാണ് കേന്ദ്രസര്‍ക്കാര്‍ കുറച്ചത്. 1.50 രൂപ നികുതിയിനത്തിലും 1 രൂപ എണ്ണകമ്ബനികളും കുറയ്ക്കാനാണ് തീരുമാനം. സംസ്ഥാനങ്ങള്‍ വിലകൂടുമ്ബോള്‍ കൂടുതല്‍ നികുതി ഈടാക്കുന്നുണ്ട്. എന്നാല്‍ 2.50 രൂപ വീതം സംസ്ഥാന സര്‍ക്കാരുകളും നികുതിയിനത്തില്‍ കുറയ്ക്കണമെന്നാണ് നികുതി കുറച്ചുകൊണ്ട് കേന്ദ്രം ആവശ്യപ്പെട്ടത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top