×

ശബരിമല: തെറ്റിദ്ധാരണ തീര്‍ക്കാന്‍ ചര്‍ച്ചയാവാം, രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള സംഘര്‍ഷത്തിനു കീഴടങ്ങില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിലപാടില്‍ ഏതെങ്കിലും വിഭാഗത്തിന് തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ടെങ്കില്‍ ചര്‍ച്ചയ്ക്കു തയാറെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിശ്വാസികളുമായി ഏറ്റുമുട്ടുകയെന്നത് സര്‍ക്കാര്‍ നയമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള സംഘര്‍ഷത്തിനു മുന്നില്‍ സര്‍ക്കാര്‍ കീഴടങ്ങില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

ശബരിമല സ്ത്രീ പ്രവേശനത്തില്‍ കോടതി ഇടപെടലിനു വഴിവച്ചത് സര്‍ക്കാരിന്റെ ഏതെങ്കിലും തീരുമാനമായിരുന്നില്ല. സര്‍ക്കാര്‍ ഉത്തരവോ നിയമനിര്‍മാണമോ ആയിരുന്നില്ല 1991ലെ ഹൈക്കോടതി വിധിയിക്കും ഇപ്പോഴത്തെ സുപ്രിം കോടതി വിധിക്കും വഴിവച്ചത്. 1990ല്‍ എസ് മഹേന്ദ്രന്‍ എന്നയാള്‍ ഹൈക്കോടതി ജഡ്ജിക്ക് എഴുതിയ കത്ത് പൊതുതാത്പര്യ ഹര്‍ജിയായി പരിഗണിച്ചാണ് വിധി പറഞ്ഞത്. ശബരിമലയില്‍ സ്ത്രീകള്‍ പ്രാര്‍ഥിക്കുന്നതതായി ജന്മഭൂമി പത്രത്തില്‍ വന്ന ചിത്രമായിരുന്നു ആ കത്തിന് ആധാരം.

ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചിരുന്നതായി ആ കേസിന്റെ വാദത്തിനിടെ ഒട്ടേറെ വസ്തുതകള്‍ പുറത്തുവന്നു. ദേവസ്വം ബോര്‍ഡും ചീഫ് സെക്രട്ടറിയും മറ്റു കക്ഷികളും നല്‍കിയ സത്യവാങ്മൂലങ്ങളില്‍ ആ വിവരങ്ങളുണ്ട്. മാസപൂജയ്ക്ക് പ്രായവ്യത്യാസമില്ലാതെ സ്ത്രീകള്‍ വന്നിരുന്നു. ഹൈക്കോടതി വിധിയില്‍ ഇക്കാര്യങ്ങള്‍ എടുത്തുചേര്‍ത്തിട്ടുണ്ട്. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചിരുന്നതിന് അറുതി വരുത്തുകയാണ് 1991 ഏപ്രില്‍ അഞ്ചിനുള്ള വിധിയില്‍ കേരള ഹൈക്കോടതി ചെയ്തത്. അതു മാറ്റണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടിട്ടില്ല. പിന്നീട് 2006ല്‍ യങ് ലോയേഴ്‌സ് അസോസിയേഷന്‍ എന്ന സംഘടനയാണ് സുപ്രിം കോടതിയെ സമീപിച്ചതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.

ശബരിമലയില്‍ എന്നല്ല ഒരിടത്തും സ്ത്രീകള്‍ക്കു വിവേചനം പാടില്ല എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ ആചാരവുമായി ബന്ധപ്പെട്ട കാര്യമായതിനാല്‍ ഹിന്ദു ധര്‍മശാസ്ത്രത്തില്‍ ആധികാരിക ജ്ഞാനമുള്ളവരുടെ സമിതി രൂപീകരിച്ച്‌ ഇക്കാര്യം പരിശോധിക്കാന്‍ ചുമതലപ്പെടുത്തണം എന്ന അപേക്ഷ സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. സുരക്ഷാ പ്രശ്‌നമുള്ളതുകൊണ്ട് സ്ത്രീകള്‍ക്കായി പ്രത്യേക തീര്‍ഥാടനക്കാലം എന്ന നിര്‍ദേശവും മുന്നോട്ടുവച്ചിരുന്നു. കോടതി വിധി എന്തായാലും സര്‍ക്കാര്‍ അതു നടപ്പാക്കും എന്ന് സത്യവാങ്മൂലത്തില്‍ തന്നെ വ്യക്തമാക്കിയിരുന്നതാണ്. പിന്നെ എങ്ങനെയാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പുനപ്പരിശോധനാ ഹര്‍ജി നല്‍കുകയെന്ന് മുഖ്യമന്ത്രി ചോദിച്ചു.

ശബരിമല വിധിയില്‍ കോണ്‍ഗ്രസിന്റെ നിലപാടുമാറ്റം വിസ്മയകരമാണ്. ദേശീയ പ്രസ്ഥാനത്തിന്റെ പാരമ്ബര്യം ഒന്നൊന്നായി കൈയൊഴിയുകയാണ് ആ പാര്‍ട്ടി. കോണ്‍ഗ്രസ് തളരുന്നതിനും ബിജെപി വളരുന്നതിനും ഇതാണ് കാരണം. ആര്‍എസ്‌എസും ബിജെപിയും ആദ്യനിലപാടില്‍നിന്നു മലക്കം മറിഞ്ഞ് തെരുവില്‍ കലാപമുണ്ടാക്കുകയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

സ്ത്രീകള്‍ക്ക് ഏതു രംഗത്തും തുല്യത ഉറപ്പുവരുത്തുക എന്നതു തന്നെയാണ് സര്‍ക്കാര്‍ നയം. ജെന്‍ഡര്‍ ബജറ്റിങ് കൊണ്ടുവന്നത് അതിനാണ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം സ്ത്രീശാക്തീകരണത്തിനായി ഒട്ടേേെറ നടപടികള്‍ സ്വീകരിച്ചു. എന്നാല്‍ മതവിശ്വാസത്തെയും ആരാധനാ സ്വാതന്ത്ര്യത്തെയും സംരക്ഷിച്ചുകൊണ്ട് മുന്നോട്ടുപോവുകയെന്നതാണ് സര്‍ക്കാര്‍ നിലപാട്. ഇക്കാര്യത്തില്‍ ആര്‍ക്കെങ്കിലും തെറ്റിദ്ധാരണയുണ്ടായിട്ടുണ്ടെങ്കില്‍ ചര്‍ച്ചയ്ക്കു സര്‍ക്കാര്‍ തയാറാണ്. എന്നാല്‍ രാഷ്ട്രീയ പ്രേരിതമായ സമ്മര്‍ദങ്ങള്‍ക്കു സര്‍ക്കാര്‍ വഴിപ്പെടില്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. പ്രളയത്തെ നേരിടുന്നതില്‍ ഒന്നിച്ചുനിന്ന നാടിനെ ഭിന്നിപ്പിക്കാന്‍ ശ്രമം നടക്കുന്നതായി സംശയിക്കുന്ന സംഭവങ്ങളാണ് അരങ്ങേറുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ ചരിത്ര പശ്ചാത്തലത്തില്‍ കൂടി വേണം ശബരിമല വിധിയെ കാണാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജന്മിത്ത ആചാരക്രമങ്ങളെ വെല്ലുവിളിച്ച്‌ കേരളത്തില്‍ ഒട്ടേറെ മുന്നേറ്റങ്ങളുണ്ടായി. ശ്രീനാരായണ ഗുരുവും അയ്യന്‍കാളിയും ഉള്‍പ്പെടെയുള്ളവര്‍ നേതൃത്വം കൊടുത്തത് അതിനാണ്. യോഗക്ഷേമ സഭ ഉള്‍പ്പെടെ എല്ലാവരും പങ്കാളിയായി എന്നതാണ് കേരളത്തിന്റെ നവോത്ഥാനത്തിന്റെ പ്രത്യേകത. അടിസ്ഥാന വിഭാഗങ്ങളില്‍നിന്നു തുടക്കമിട്ട ആ മാറ്റം എല്ലാ വിഭാഗങ്ങളും ഏറ്റെടുക്കുകയായിരുന്നു.

ആചാരങ്ങള്‍ മാറ്റണം എന്ന ലക്ഷ്യത്തോടെ ദേശീയ പ്രസ്ഥാനം ഇടപെട്ടതിന്റെ ഉദാഹരണമാണ് വൈക്കം സത്യഗ്രഹം. ഗാന്ധിജി ഉള്‍പ്പെടെയുള്ളവര്‍ അതിനെ പിന്തുണച്ചു. വിവിധ സാമൂഹ്യ നേതാക്കള്‍ പിന്തുണ പ്രഖ്യാപിച്ച്‌ വൈക്കത്തെത്തി. സത്യഗ്രഹത്തിന് അനുകൂലമായി പൊതുജനാഭിപ്രായം രൂപീകരിക്കാന്‍ മന്നത്തു പദ്മനാഭന്റെ നേതൃത്വത്തില്‍ സവര്‍ണ ജാഥ സംഘടിപ്പിച്ചു.

വൈക്കം സത്യഗ്രഹത്തെ പിന്തുടര്‍ന്ന് നാട്ടില്‍ ഒട്ടേറെ സമരങ്ങള്‍ നടന്നു. യാഥാസ്ഥിതിക ചിന്താഗതികളെ മറികടന്ന് നാടിനു മുന്നേറാന്‍ കഴിഞ്ഞത് അതിന്റെയെല്ലാം ഫലമായാണ്. ഇവയിലൂടെ സ്ത്രീകളുടെ ജീവിതത്തിലുണ്ടായ മാറ്റം പ്രത്യേകം കാണേണ്ടതാണ്. മാറുമറയ്ക്കാനുള്ള അവകാശം, വിധവാ വിവാഹം, സ്ത്രീകള്‍ക്കു വിദ്യാഭാസം ചെയ്യാനുള്ള അവസരം എന്നിവയൊക്കെ നവാത്ഥാനത്തിന്റെ ഫലങ്ങളാണ്.

പുരോഗമനപരമായ മാറ്റങ്ങളെ പിന്തുണയ്ക്കുന്ന നിലപാടാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വീകരിച്ചിരുന്നത്. കേരളത്തിന്റെ സാമൂഹ്യ പുരോഗതിയുടെ പശ്ചാത്തലം ഇതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top