×

ലൈംഗിക പീഡന പരാതി- രാഷ്ടീയമായി തകര്‍ക്കാനാകില്ല; ഏത് അന്വേഷണവും നേരിടാന്‍ തയാറെന്ന് പി. കെ ശശി

പാലക്കാട്:  തനിക്കെതിരെയുള്ള ലൈംഗിക പീഡന പരാതിയില്‍ ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി.കെ.ശശി. പരാതിയെക്കുറിച്ച് ഞാന്‍ അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. തന്നെ തകര്‍ക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയാണിതെന്നും ശശി പ്രതികരിച്ചു.

എന്റെ വ്യക്തിത്വത്തെ ചോദ്യം ചെയ്യാന്‍ നാളിതുവരെ ആര്‍ക്കും സാധിച്ചിട്ടില്ല. എന്നെ രാഷ്ട്രീയമായി തകര്‍ക്കാന്‍ നിരവധി ആളുകള്‍ ആഗ്രഹിക്കുന്നുണ്ട്. അവര്‍ അതിനീചമായ ചില നീക്കങ്ങള്‍ നടത്തിയിട്ടുണ്ടാകാം. രാഷ്ട്രീയ ജീവിതത്തിനിടയില്‍ നിരവധി തവണ പരീക്ഷണങ്ങള്‍ നേരിട്ടുണ്ട്. ഇതാദ്യമായിട്ടല്ല. പാര്‍ട്ടി എന്നോട് ഒന്നും പറഞ്ഞിട്ടില്ല. ഇനി അന്വേഷണം വന്നാല്‍ തന്നെ ഉത്തമ കമ്മ്യൂണിസ്റ്റുകാരന്‍ എന്ന ബോധ്യത്തോടെ അതിനെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പരാതി ലഭിച്ചിട്ടില്ലെന്ന് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി സി. കെ രാജേന്ദ്രന്‍. പരാതി ലഭിക്കാതെ ഇതിനെക്കുറിച്ച് ചര്‍ച്ച നടത്താനാവില്ലെന്നും സി.കെ രാജേന്ദ്രന്‍ പറഞ്ഞു.

ഡി.വൈ.എഫ്.ഐ വനിതാ നേതാവാണ് പി.കെ.ശശിക്കെതിരെ ലൈംഗിക പീഡന പരാതി നല്‍കിയത്. പോളിറ്റ്ബ്യൂറോ അംഗം ബൃന്ദാ കാരാട്ടിനാണ് പരാതി നല്‍കിയത്.  ഷൊർണൂർ എംഎൽഎ പി.കെ. ശശിക്കെതിരെ ഉന്നയിച്ച പീഡന പരാതി ഒതുക്കാൻ ശ്രമിച്ചതായി ഡിവൈഎഫ്ഐ വനിതാ നേതാവ് പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗമായ യുവതിയാണ് മണ്ണാർക്കാട് പാർട്ടി ഓഫിസിൽ വച്ച് എംഎൽഎ തനിക്കെതിരെ അതിക്രമത്തിനു ശ്രമിച്ചെന്നു പരാതി ഉന്നയിക്കുന്നത്.

തനിക്ക് ഒരു കോടി രൂപയും ഡിവൈഎഫ്ഐയിൽ ഉന്നത സ്ഥാനവും വാഗ്ധാനം ചെയ്തുവെന്നു പരാതിക്കാരി വ്യക്തമാക്കി. സിപിഎം നേതൃത്വത്തിനു നൽകിയ പരാതിയിലാണ് ഇക്കാര്യമുള്ളത്. എംഎൽഎ ഫോണിലൂടെ അശ്ലീലസംഭാഷണം നടത്തിയെന്നും പരാതിക്കാരി പറഞ്ഞു. ഇതിന്റെ ശബ്ദരേഖയും പരാതിക്കൊപ്പം യുവതി നല്‍കി. പീഡന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് പി.കെ. ശശിക്കു കാരണംകാണിക്കൽ നോട്ടിസ് നൽകാൻ സിപിഎം കേന്ദ്രനേതൃത്വം സംസ്ഥാന സെക്രട്ടറിക്കു നിര്‍ദേശം നൽകിയിരുന്നു. എംഎൽഎയ്ക്ക് എതിരായ പരാതി രണ്ടംഗ സംസ്ഥാന സെക്രട്ടേറിയറ്റ് ഉപസമിതി അന്വേഷിക്കണമെന്നും അംഗങ്ങളിൽ ഒരാൾ വനിതയായിരിക്കണമെന്നും നിർദേശിച്ചു.

എംഎൽഎയ്ക്ക് എതിരെ ഓഗസ്റ്റ് 14നു യുവതി വനിതാ പിബി അംഗത്തിനും സംസ്ഥാന സെക്രട്ടറിക്കും സെക്രട്ടേറിയറ്റിലെ ചില പ്രമുഖ നേതാക്കൾക്കും പരാതി നൽകിയിരുന്നു. ഇതിൽ നടപടിയെടുക്കാഞ്ഞതിനെത്തുടർന്ന് അവർ ഇന്നലെ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിക്കു പരാതി ഇമെയിലായി അയച്ചു. ഇതേത്തുടർന്നാണു സിപിഎം സംസ്ഥാന സെക്രട്ടറിക്കു കേന്ദ്ര നേതൃത്വം നിർദേശം നൽകിയത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top