×

3843 മുഴുവന്‍ സമയ പ്രവര്‍ത്തകര്‍ക്ക്‌ പ്രതിമാസം 7500 വീതം നല്‍കും ആരാധനാലയങ്ങളില്‍ അനുഭാവികളിലൂടെ ഇടപെടണം;

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പു മുന്നില്‍ കണ്ടു 3843 മുഴുവന്‍സമയ പ്രവര്‍ത്തകരെ സിപിഎം നിയോഗിച്ചു. പ്രതിമാസം ഇവര്‍ക്കായി പാര്‍ട്ടി കണ്ടെത്തേണ്ടതു മൂന്നുകോടിയോളം രൂപ. 7500 രൂപ പ്രതിമാസ അലവന്‍സ് ഇനത്തില്‍ ഒരു മാസത്തേക്ക് വേണ്ടിവരിക 2,88,22,500 രൂപയാണ്. തൃശൂരില്‍ നടന്ന സംസ്ഥാന സമ്മേളനത്തിലെ തീരുമാനപ്രകാരമാണ് നടപടി.

ഓരോ ലോക്കല്‍ കമ്മിറ്റിയിലും മുഴുവന്‍സമയ പ്രവര്‍ത്തനത്തിന് ഒരാളുണ്ടാകണം. ആകെ ലോക്കല്‍ കമ്മിറ്റികള്‍ 2193. ഏരിയ സെക്രട്ടറിമാര്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്നവരായിരിക്കണം. 206 ഏരിയകളിലും ഒരു വനിതയും മുഴുവന്‍സമയ പ്രവര്‍ത്തകയായി വേണം. ബാലസംഘത്തിനു വേണ്ടിയും ഇങ്ങനെ ഒരാളെ വീതം ഏരിയകളില്‍ പ്രവര്‍ത്തിക്കാന്‍ നിയോഗിച്ചു.

അലവന്‍സ് വിതരണം ചെയ്യാന്‍ ജില്ലാ കമ്മിറ്റികള്‍ പ്രത്യേക ഫണ്ട് പിരിക്കും. മുഴുവന്‍സമയ പ്രവര്‍ത്തകരെ നിയോഗിക്കാനുള്ള തീരുമാനം പഴയതാണെങ്കിലും അവരുടെ എണ്ണം, അലവന്‍സ് എന്നിവയില്‍ ഒരു പൊതുതീരുമാനവും അതിന്റെ അടിസ്ഥാനത്തിലുള്ള നടപടിയും ഇതാദ്യമാണ്. തിരഞ്ഞെടുപ്പിനു ശേഷവും ഈ സംവിധാനം തുടരും. സംസ്ഥാന സമ്മേളനം അവലോകനം ചെയ്തു സംസ്ഥാന കമ്മിറ്റി കീഴ്ഘടകങ്ങള്‍ക്കു നല്‍കിയ നിര്‍ദേശങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ആരാധനാലയങ്ങളില്‍ പാര്‍ട്ടി അനുഭാവികളെ ഉപയോഗിച്ച്‌ ഇടപെടണമെന്നും നിര്‍ദേശമുണ്ട്. മത ന്യൂനപക്ഷങ്ങളെ ആകര്‍ഷിക്കാന്‍ പ്രത്യേക നടപടികള്‍ സ്വീകരിക്കും. വനിത, പട്ടികവിഭാഗം, മത ന്യൂനപക്ഷം, ചെറുപ്പക്കാര്‍ എന്നിവരെ പ്രത്യേകം പരിഗണിച്ചു പാര്‍ട്ടി അംഗത്വത്തിലേക്കു കൊണ്ടുവരണം. ലോക്കല്‍ അടിസ്ഥാനത്തില്‍ എസ്‌എഫ്‌ഐ യൂണിറ്റ് രൂപീകരിക്കണം. ജയിലില്‍ കഴിയുന്ന പാര്‍ട്ടിക്കാരെയും അവരുടെ കുടുംബാംഗങ്ങളെയും സന്ദര്‍ശിക്കണമെന്നും നിര്‍ദേശമുണ്ട്.

ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്ബായി വീടുകള്‍, തൊഴില്‍ സ്ഥാപനങ്ങള്‍ എന്നിവയെക്കുറിച്ചു സര്‍വേ പൂര്‍ത്തിയാക്കും. നവമാധ്യമരംഗത്ത് ഇടപെടാന്‍ ഓരോ ബ്രാഞ്ചിലും ചുമതലക്കാരെയേര്‍പ്പെടുത്തും.

ബ്രാഞ്ച് തലത്തില്‍ വിദ്യാര്‍ഥികളുടെയും കുട്ടികളുടെയും സംഗമം, ആറുമാസത്തിലൊരിക്കല്‍ ഗൃഹസന്ദര്‍ശനം. യുവജന, വിദ്യാര്‍ഥി സംഘടനകളെ ഉപയോഗിച്ചു ജില്ലകളില്‍ പിഎസ്‌സി പരീക്ഷാപരിശീലനം. മിലിട്ടറി, പൊലീസ് റിക്രൂട്‌മെന്റ് പരിശീലന കേന്ദ്രങ്ങള്‍. എല്ലാ ലോക്കലുകളിലും സെല്‍ഫ് ഡിഫന്‍സ് സ്‌ക്വാഡ്, യോഗ, മാര്‍ഷ്യല്‍ ആര്‍ട്‌സ് പരിശീലന കേന്ദ്രങ്ങളും ആരംഭിക്കും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top