×

ഒരു മാസത്തെ ശമ്ബളം ആവശ്യപ്പെടുന്നത് അനുചിതം; ‘ വികസനം ഭിക്ഷയെടുത്തിട്ടല്ല നടത്തേണ്ടത്’ മുഖ്യമന്ത്രിയെ വിമര്‍ശിച്ച്‌ വി ടി ബല്‍റാം

വി ടി ബല്‍റാം എംഎല്‍എയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ബഹുമാന്യനായ മുഖ്യമന്ത്രി,

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഒരു എംഎല്‍എ എന്ന നിലയില്‍ പാര്‍ട്ടി നേതൃത്വത്തിന്റെ ആഹ്വാന പ്രകാരം ഒരു മാസത്തെ ശമ്ബളം പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കാനായി നേരത്തെത്തന്നെ തീരുമാനമെടുത്തിട്ടുള്ളയാളാണ് ഞാന്‍. തവണകളായിട്ടല്ല, ഒരുമിച്ച്‌ തന്നെ ആ തുക പാര്‍ലമെന്ററി പാര്‍ട്ടി വഴി നല്‍കാനാണ് ഉദ്ദേശിക്കുന്നത്. പ്രളയത്തിന്റെ ആദ്യ ദിവസങ്ങളില്‍ത്തന്നെ, നാശനഷ്ടങ്ങള്‍ ഇത്രത്തോളം കനത്തതാവുമെന്ന് പ്രതീക്ഷിച്ചിരിക്കാത്ത സമയത്ത് പോലും വ്യക്തിപരമായ ഒരെളിയ സംഭാവന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരു തുടക്കമെന്ന നിലയില്‍ നല്‍കിയിട്ടുമുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടി തീരുമാനപ്രകാരം 1000 വീടുകള്‍ പുനര്‍നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി എന്റെ സഹോദരന്മാരുമായി ചേര്‍ന്ന് ഒരു വീട് നിര്‍മ്മിച്ചു നല്‍കാനും ഉദ്ദേശിക്കുന്നുണ്ട്.

ഇത്രയും പറഞ്ഞത് സോഷ്യല്‍ മീഡിയയിലെ ചില ഭക്ത്കളുടെ തെറിവിളി കുറക്കാന്‍ കഴിയുമെന്നുള്ള പ്രതീക്ഷ കൊണ്ടൊന്നുമല്ല, ആമുഖമായി പറഞ്ഞു എന്നേയുള്ളൂ. വിമര്‍ശിക്കുന്നവരേയും ചോദ്യങ്ങള്‍ ഉന്നയിക്കുന്നവരേയും ഒറ്റയടിക്ക് ‘രാജ്യദ്രോഹി’കളും ”സംസ്ഥാന ദ്രോഹി’കളുമൊക്കെയായി ബ്രാന്‍ഡ് ചെയ്യുന്ന രീതിയാണല്ലോ സോഷ്യല്‍ മീഡിയയില്‍ പൊതുവിലുള്ളത്. അങ്ങേക്ക് പത്തില്‍ പത്ത് മാര്‍ക്ക് നല്‍കാത്തവരൊക്കെ ഇപ്പോള്‍ ഇവിടെ നോട്ടപ്പുള്ളികളാണ് എന്നത് തിരക്കുകള്‍ മൂലം അങ്ങയുടെ ശ്രദ്ധയില്‍ വന്നിട്ടുണ്ടാവില്ല എന്ന് കരുതുന്നു.

ഏതായാലും അത് പോകട്ടെ, കാര്യത്തിലേക്ക് വരാം.

ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ വലിയ അനുഭവ പരിചയമുള്ള ശ്രീ ജോണ്‍ സാമുവല്‍ ഖ െഅറീീൃ ആശയരൂപത്തില്‍ തുടങ്ങിവച്ച്‌, ഏഷ്യാനെറ്റ് ചര്‍ച്ചയിലൂടെ കേരള മുഖ്യമന്ത്രിയായ അങ്ങ് അഭ്യര്‍ത്ഥനാ രൂപത്തില്‍ മുന്നോട്ടുവച്ച ‘എല്ലാ മലയാളികളും ഒരു മാസത്തെ ശമ്ബളം/വരുമാനം സര്‍ക്കാരിന് നല്‍കുക’ എന്ന നിര്‍ദ്ദേശത്തെ ഒരു പൗരന്‍ എന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും ഞാനും അംഗീകരിക്കുന്നു. നേരത്തെ സൂചിപ്പിച്ചത് പോലെ അങ്ങയുടെ ഈ ആഹ്വാനം ഇല്ലായിരുന്നുവെങ്കിലും ഞാനടക്കമുള്ള കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടുണ്ട്. കേരളീയ സമൂഹത്തില്‍ നല്ലൊരു വിഭാഗം അങ്ങയുടെ ഈ നിര്‍ദ്ദേശത്തില്‍ ഇതിനോടകം താത്പര്യം പ്രകടിപ്പിച്ച്‌ കാണുന്നത് ആശാവഹമാണ്. എന്നാല്‍ ചില സംശയങ്ങളും ആശങ്കകളും പ്രായോഗിക പ്രശ്‌നങ്ങളും കൂടി ഉയര്‍ന്നു വരുന്നത് കാണാതിരുന്നുകൂടാ.

എത്ര കുടുംബങ്ങളില്‍ നിന്നായി, എത്ര രൂപ വച്ച്‌, എത്ര കോടി രൂപയുടെ ഫണ്ടാണ് കേരളത്തിന്റെ സമഗ്രമായ പുതുക്കിപ്പണിയലിനായി സംഭാവനയായി സമാഹരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രിയായ അങ്ങ് ഇതുവരെ വിശദീകരിച്ചു കണ്ടില്ല. ആയതിനാല്‍ ചില അനുമാനങ്ങളിലേക്ക് പ്രവേശിക്കേണ്ടി വരുന്നു. ജെ.എസ്.അടൂരിന്റെ പോസ്റ്റില്‍ കണ്ടതുപോലെ കേരളത്തില്‍ ഏതാണ്ട് 1.12 കോടി കുടുംബങ്ങളുള്ളതില്‍ ഒരു 80 ലക്ഷം കുടുംബങ്ങളെങ്കിലും (അതായത് ഏതാണ്ട് 72%) ഈ ‘സാലറി ചാലഞ്ച് ‘ ഏറ്റെടുത്താല്‍ മാത്രമേ ഇതില്‍ നിന്ന് കാര്യമായ ഒരു തുക ജനറേറ്റ് ചെയ്യാന്‍ സാധിക്കൂ. എന്നാല്‍ ഇത് വളരെ അതിരുകടന്ന ഒരു ശുഭപ്രതീക്ഷയാണ്. കാരണം, ഭക്ഷ്യ സുരക്ഷാ പദ്ധതി പ്രകാരം 40% ആളുകള്‍ക്ക് മുന്‍ഗണനാ വിഭാഗത്തില്‍ (പഴയ ആജഘ) റേഷന്‍ കാര്‍ഡ് നല്‍കിയിട്ടും ഇനിയും ലക്ഷക്കണക്കിനാളുകള്‍ ആ വിഭാഗത്തിലുള്‍പ്പെടാനുള്ള തത്രപ്പാടിലാണ്. യഥാര്‍ത്ഥത്തില്‍ ദാരിദ്ര്യരേഖക്ക് താഴെയുള്ളവരോട് ഒരു മാസത്തെ ശമ്ബളം നല്‍കാന്‍ ആവശ്യപ്പെടുന്നത് അനുചിതം മാത്രമല്ല, ക്രൂരത കൂടിയാണല്ലോ. ദാരിദ്ര്യരേഖക്ക് താഴെ ഉള്‍പ്പെടാനും അതനുസരിച്ചുള്ള ആനുകൂല്യങ്ങള്‍ സര്‍ക്കാരില്‍ നിന്ന് ഇങ്ങോട്ട് കിട്ടാനും തങ്ങള്‍ക്ക് യോഗ്യതയുണ്ടെന്ന് കരുതുന്നവരില്‍ നിന്നും ഇങ്ങനെ സര്‍ക്കാരിലേക്ക് തിരിച്ചുള്ള സംഭാവനയൊന്നും പ്രതീക്ഷിച്ചിട്ട് കാര്യവുമില്ല. ഇതിനു പുറമേ ഏതാണ്ട് 10 ലക്ഷത്തോളം കുടുംബങ്ങള്‍ ഇപ്പോള്‍ പ്രളയദുരിതം അനുഭവിക്കുന്ന ഇരകളാണ്. അവര്‍ക്കും സംഭാവന നല്‍കാന്‍ കഴിഞ്ഞെന്ന് വരില്ല. എന്നുവച്ചാല്‍, താത്പര്യമുള്ള മുഴുവന്‍ ആളുകളെ അണിനിരത്തിയാലും 80 ലക്ഷം പോയിട്ട് 40 ലക്ഷം കുടുംബങ്ങളേപ്പോലും ഇതിലേക്ക് സഹകരിക്കാന്‍ ലഭിച്ചു എന്നു വരില്ല.

ഒരു ശരാശരി കുടുംബത്തിന്റെ മാസ വരുമാനം 15,000 രൂപ ആണെന്ന് വക്കുക. കൂടുതല്‍ സംഭാവന ചെയ്യുന്നവരുടേതടക്കം ആവറേജ് ചെയ്യുമ്ബോള്‍ കുടുംബമൊന്നിന് 20,000 രൂപ പ്രതീക്ഷിക്കാം. 40 ലക്ഷം കുടുംബങ്ങള്‍ മുഴുവന്‍ സഹകരിച്ചാലും പരമാവധി 8,000 കോടിയാണ് ലഭിക്കുക.

ഈ തുക കൊണ്ട് അങ്ങ് പറഞ്ഞ നവകേരളം സാധ്യമാക്കാന്‍ എത്രത്തോളം കഴിയും? നവകേരളത്തിന്റെ നിര്‍മ്മിതിക്കായി നമുക്കാവശ്യം ഒരു 50,000 75,000 കോടിയെങ്കിലും ആണെന്നിരിക്കേ ഈ 8000 കോടി എന്നത് തീര്‍ത്തും നിസ്സാരമല്ലേ? അപ്പോള്‍ ബാക്കി തുക എങ്ങനെ സമാഹരിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്? ഇപ്പോള്‍ത്തന്നെ 50,000 കോടി രൂപ കിഫ്ബി വഴി കടമെടുത്ത് വികസന പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നുണ്ടല്ലോ. അതിന്റെ കൂടെ ഒരു 10,000 കോടി കൂടി കണ്ടെത്തിയാല്‍ പൊതുജനങ്ങളില്‍ നിന്നുള്ള ഈ സംഭാവന പിരിവ് ഒഴിവാക്കാവുന്നതല്ലേ? കൊടുക്കുന്നവര്‍ക്ക് ഒരു വലിയ ഭാരമാകുകയും എന്നാല്‍ കിട്ടുന്ന സര്‍ക്കാരിന് ആവശ്യകത വച്ച്‌ നോക്കുമ്ബോള്‍ കാര്യമായ പ്രയോജനം ലഭിക്കാത്തതുമായ ഇങ്ങനെയൊരു ഫണ്ട് സമാഹരണത്തില്‍ മാത്രമായി നമ്മുടെ മുഴുവന്‍ സമയവും ഊര്‍ജ്ജവും ശ്രദ്ധയും ചെലവഴിക്കപ്പെടുന്നത് ഒരു വലിയ ദുരന്തമായിരിക്കും. അതുകൊണ്ട് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കുറച്ചു കൂടി വ്യക്തത വരുത്താന്‍ അടിയന്തിരമായി തയ്യാറാകണം.

അങ്ങ് ആവശ്യപ്പെടുന്ന പണം നല്‍കാന്‍ തയ്യാറാണ്, പക്ഷേ ചില കാര്യങ്ങളില്‍ വ്യക്തത വേണം എന്ന് പറയുന്ന മുഴുവന്‍ പൗരന്മാരേയും സംഘികളായി മുദ്രകുത്തി വായടപ്പിക്കാനാണ് അങ്ങയുടെ സപ്പോര്‍ട്ടേഴ്‌സായി സ്വയം അവതരിച്ചിരിക്കുന്ന ‘കേരള സ്‌നേഹി’കളുടെ ശ്രമം. ‘പക്ഷേ’ എന്ന് പറയരുതത്രേ! ഇതെങ്ങനെ അംഗീകരിക്കാന്‍ പറ്റും? ജനാധിപത്യത്തില്‍ ഒരു പൗരന്റെ ജാഗ്രതയാണ് ആ ‘പക്ഷേ’ എന്നത്. താന്‍ നല്‍കുന്ന പണം ഉദ്ദേശിക്കുന്ന ലക്ഷ്യത്തിന് മാത്രമായി, കൃത്യവും കാര്യക്ഷമവും പക്ഷപാത രഹിതവുമായി ചെലവഴിക്കപ്പെടും എന്ന ഉറപ്പ് ഓരോ മലയാളിക്കും ലഭിച്ചാല്‍ മാത്രമേ അവരിലെ മഹാഭൂരിപക്ഷത്തേയും അണിനിരത്താന്‍ ഉദ്ദേശിച്ചിരിക്കുന്ന ഈ വലിയ ധനസമാഹരണ യജ്ഞം വിജയിക്കുകയുള്ളൂ. കണ്ണുമടച്ച്‌ സംഭാവന ചെയ്യാന്‍ തയ്യാറുള്ളവര്‍ മാത്രം മതി എന്നാണെങ്കില്‍ ഈ മഹായജ്ഞം കേവലം ചില ആവേശക്കാരിലും പാര്‍ട്ടി ഭക്തരിലും മാത്രമായി പരിമിതപ്പെട്ടു പോകും. അങ്ങനെയാവില്ലല്ലോ താങ്കളും ആഗ്രഹിക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിര്‍ദ്ദേശിച്ച പോലെ മുഖ്യമന്ത്രി നേരിട്ട് (പ്രയോഗതലത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ്) നിയന്ത്രിക്കുന്ന, കൃത്യമായ മാനദണ്ഡങ്ങളില്ലാത്ത ഇങഉഞഎ അല്ല ഇനി മുതല്‍ ഈയാവശ്യത്തിലേക്ക് വേണ്ടത്, മറിച്ച്‌ രാഷ്ട്രീയ മുതലെടുപ്പിന് സാധ്യതയില്ലാത്ത തരത്തില്‍ വ്യക്തമായ ചട്ടക്കൂടുകളുള്ള ഒരു കേരള പുനര്‍നിര്‍മ്മാണ ഫണ്ട് ആണ്. എത്രയും വേഗം അത്തരമൊരു പുതിയ ഫണ്ട് രൂപീകരിക്കാന്‍ അങ്ങ് തന്നെ മുന്‍കൈ എടുക്കണം. ഇനിയുള്ള സംഭാവനകള്‍ അതിലേക്ക് സ്വീകരിക്കണം. അതുപയോഗിച്ചുള്ള ചെലവുകള്‍ എങ്ങനെയായിരിക്കും എന്നതിനേക്കുറിച്ച്‌ സുതാര്യമായ മാനദണ്ഡങ്ങള്‍ ഉടന്‍ പുറപ്പെടുവിക്കണം. ഓഖി ദുരിതാശ്വാസത്തിന് കിട്ടിയ തുകയുടെ കാര്യത്തിലുയര്‍ന്ന പരാതികള്‍ ഇനി ആവര്‍ത്തിച്ചുകൂടാ.

ഘലമറ യ്യ ലഃമാുഹല എന്നത് ഇത്തരുണത്തില്‍ വളരെ പ്രധാനമാണ്. ധൂര്‍ത്തും ആഡംബരവും ഒഴിവാക്കി സര്‍ക്കാര്‍ തന്നെ മാതൃക കാട്ടണം. സര്‍ക്കാരിന്റെ പാഴ്‌ച്ചെലവുകള്‍; ഈ പ്രളയത്തിനിടക്ക് പ്രത്യേകിച്ച്‌ ഒരു കാരണവുമില്ലാതെ ഖജനാവിന് അധികഭാരമായി മാറിയ മന്ത്രിചീഫ് വിപ്പ് നിയമനങ്ങള്‍, സിപിഎമ്മിലെ അധികാര സമവാക്യങ്ങളെ ശരിയാക്കാന്‍ സര്‍ക്കാര്‍ ചെലവില്‍ അടിച്ചേല്‍പ്പിക്കപ്പെട്ട ഭരണ പരിഷ്‌ക്കാരക്കമ്മീഷന്‍, ജാതി സംഘടനയെ പ്രീണിപ്പെടുത്താനുള്ള മുന്നോക്ക സമുദായ കോര്‍പ്പറേഷന്‍ ചെയര്‍മാന്റെ കാബിനറ്റ് പദവി, കാക്കത്തൊള്ളായിരം ഉപദേശികള്‍, മുഖ്യമന്ത്രിയെ ‘പുലിമുരുകന്‍’ എന്ന് സ്തുതിപാടിയ ഘടക കക്ഷി നേതാവിന്റെ മരണാനന്തരം ഒരു മാനദണ്ഡവുമില്ലാതെ ഖജനാവില്‍ നിന്ന് നല്‍കിയ 25 ലക്ഷം രൂപ, സിപിഎം എംഎല്‍എ സ്വാഭാവിക മരണത്തിന് കീഴടങ്ങിയപ്പോള്‍ കുടുംബത്തിന് നല്‍കിയ 10 ലക്ഷം രൂപയും സര്‍ക്കാര്‍ ജോലിയും, കേരളം പോലെ സമാധാനപൂര്‍ണമായൊരു നാട്ടിലും മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരില്‍ വര്‍ദ്ധിപ്പിച്ച സന്നാഹങ്ങളുടെ അധികച്ചെലവുകള്‍, എന്നിങ്ങനെ ജനങ്ങള്‍ക്ക് അവിശ്വാസം ജനിപ്പിച്ച നിരവധി അനുഭവങ്ങള്‍ ഈ സര്‍ക്കാരിന്റെ ചെയ്തികളായിട്ടുണ്ട്. അതുകൊണ്ടൊക്കെയാണ് സര്‍ക്കാരിന് മുമ്ബില്‍ ഇത്രയധികം ‘പക്ഷേ”കള്‍ ഉയര്‍ന്നു വരുന്നത്. ആവശ്യമായ തിരുത്തലുകള്‍ വരുത്തി എല്ലാ വിഭാഗം ജനങ്ങളേയും വിശ്വാസത്തിലെടുക്കുക എന്നത് സര്‍ക്കാരിന്റെ മാത്രം ഉത്തരവാദിത്തമാണ്.

ഒരു നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയ ദുരന്തത്തെ നേരിടുന്ന കേരളത്തിന് ഒരു 20,000 കോടിയുടെയെങ്കിലും സ്‌പെഷല്‍ പാക്കേജ് കേന്ദ്രത്തില്‍ നിന്ന് ലഭിക്കാന്‍ അര്‍ഹതയില്ലേ? ബീഹാറിന് 1,25,000 കോടിയുടെ പാക്കേജ് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നല്ലോ! ബംഗാളും ആന്ധ്രാപ്രദേശുമൊക്കെ വലിയ സാമ്ബത്തിക പാക്കേജുകള്‍ക്കായി ശക്തമായി മുറവിളി കൂട്ടുമ്ബോള്‍ നമുക്കവകാശപ്പെട്ടത് നേടിയെടുക്കാന്‍ കേരള സര്‍ക്കാരിനും കഴിയേണ്ടതല്ലേ? ദുരന്തത്തിന്റെ തീവ്ര നാളുകളില്‍ അങ്ങ് ഒരു വാക്ക് കൊണ്ടു പോലും കേന്ദ്രത്തെ കുറ്റപ്പെടുത്താതെ ഏവരാലും പ്രശംസിക്കപ്പെട്ട സംയമനവും സ്ഥൈര്യവും മാന്യതയും ഒക്കെ പ്രദര്‍ശിപ്പിച്ചത് നന്നായി എന്നാണ് എന്റെയും അഭിപ്രായം. എന്നാല്‍ ഇനി വരുന്ന ഘട്ടങ്ങളില്‍ ആവശ്യം വരുന്ന പക്ഷം സംസ്ഥാനത്തിന്റെ താത്പര്യങ്ങള്‍ക്ക് വേണ്ടി കേന്ദ്രത്തിന് മുന്‍പില്‍ ശക്തമായ നിലപാട് സ്വീകരിക്കാന്‍ അങ്ങേക്ക് കഴിയണം എന്ന അഭിപ്രായമാണ് ഞങ്ങള്‍ക്കുള്ളത്.

ഏതായാലും ഇങ്ങനെ പൊതുജനങ്ങളില്‍ നിന്ന് സംഭാവന വാങ്ങി നാട്ടിലെ വികസന, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ നോക്കുന്ന അങ്ങ് ഒരു സിപിഎം മുഖ്യമന്ത്രി ആയത് എന്തുകൊണ്ടും നന്നായി. ഉമ്മന്‍ചാണ്ടിയോ മറ്റ് ഏതെങ്കിലും കോണ്‍ഗ്രസ് നേതാവോ ആയിരുന്നു മുഖ്യമന്ത്രി പദത്തിലിരുന്ന് ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ടുവച്ചിരുന്നത് എങ്കില്‍ എന്താകുമായിരുന്നു അങ്ങയുടെ പാര്‍ട്ടി അതിനേച്ചൊല്ലി ഉണ്ടാക്കുമായിരുന്ന പുകില്‍ എന്ന് ആലോചിക്കാന്‍ കൂടി വയ്യ. ‘വികസനം ഭിക്ഷയെടുത്തിട്ടല്ല നടത്തേണ്ടത്, കേന്ദ്രത്തില്‍ നിന്ന് അര്‍ഹതപ്പെട്ട സഹായം ലഭിക്കേണ്ടത് കേരളത്തിന്റെ അവകാശമാണ്, അത് ചോദിച്ചു വാങ്ങാന്‍ കഴിയാത്തത് ഉമ്മന്‍ ചാണ്ടിയുടെ പിടിപ്പുകേടാണ് ‘ എന്നൊക്കെയുള്ള വിമര്‍ശനങ്ങളായിരിക്കും സ്വാഭാവികമായും അങ്ങയുടെ പാര്‍ട്ടി നേതാക്കള്‍ ഉന്നയിക്കുക. ജനങ്ങളില്‍ നിന്ന് ചാരിറ്റി സ്വീകരിച്ച്‌ ഭരണം നടത്തേണ്ടി വരുന്നതിന്റെ പുറകിലെ നവലിബറല്‍ കാലത്തെ പങ്കാളിത്ത ജനാധിപത്യത്തിന്റേയും നാലാം ലോക വാദത്തിന്റേയും അപകടങ്ങളേക്കുറിച്ച്‌ കമ്യൂണിസ്റ്റ് സൈദ്ധാന്തികന്മാരുടെ വിതണ്ഡവാദങ്ങള്‍ വേറെയും പറന്നു നടന്നേനെ. ഇതിപ്പോള്‍ പിണറായി വിജയനെന്ന മുഴുവന്‍ നേതാവ് (ഇീാുഹലലേ ഘലമറലൃ) മുന്നില്‍ നിന്ന് നയിക്കുന്ന പണപ്പിരിവ് ആയതിനാല്‍ ആ വക വിമര്‍ശകരൊന്നും തലയുയര്‍ത്താന്‍ ധൈര്യപ്പെടില്ലെന്ന് ആശ്വസിക്കാം.

അങ്ങേക്ക് എല്ലാ നിലക്കുമുള്ള പിന്തുണയും വിജയാശംസകളും ഒരിക്കല്‍ക്കൂടി അറിയിക്കുന്നു.

സ്‌നേഹാദരങ്ങളോടെ,
വി.ടി.ബല്‍റാം എംഎല്‍എ

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top