×

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: ക്വാറി ഉടമകളുടെ ഹര്‍ജി തള്ളി -കാലാവധി ഓഗസ്‌റ്റില്‍ അവസാനിക്കും

ദില്ലി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ അന്തിമ വിജ്ഞാപനം വേഗത്തിലിറക്കാന്‍ ഉത്തരവിടില്ലെന്ന് ദേശീയഹരിത ട്രിബ്യൂണല്‍. കേരളത്തിന് മാത്രമായി അന്തിമവിജ്ഞാപനം ഇറക്കണമെന്ന് പരിസ്ഥിതി മന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കാനുമാകില്ല. കേരളത്തിന് മാത്രമായി വിജ്ഞാപനം ഇറക്കണമെന്ന് 2014 ല്‍ ട്രിബ്യൂണല്‍ പറഞ്ഞത് നിരീക്ഷണം മാത്രമാണെന്ന് അധ്യക്ഷന്‍ ജസ്റ്റിസ് എകെ ഗോയല്‍ പറഞ്ഞു.

കസ്തൂരിരംഗന്‍ കരട് വിജ്ഞാപനം വീണ്ടും പുതുക്കി ഇറക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനിടെയാണ് ഉടന്‍ അന്തിമ വിജ്ഞാപനം ഇറക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടു ക്വാറി ഉടമകള്‍ ഹരിത ട്രിബ്യൂണലിനെ സമീപിച്ചത്. കേരളത്തിലെ ഭൗതിക പരിശോധന നേരത്തെ പൂര്‍ത്തിയായതിനാല്‍ ഇനിയും കാലതാമസം അനുവദിക്കരുതെന്നായിരുന്നു ഇവരുടെ വാദം.കരട് വിജ്ഞാപനത്തില്‍ നിന്ന് ഒഴിവാക്കിയ പ്രദേശങ്ങളിലെ നിരോധനങ്ങള്‍ നീക്കി കേരളത്തിന് പ്രത്യേകമായി അന്തിമ വിജ്ഞാപനം ഇറക്കാന്‍ മന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കണമെന്നും ഇവര്‍ വാദിച്ചു.

എന്നാല്‍ 2014 ലെ ഉത്തരവില്‍ ട്രിബ്യൂണല്‍ പ്രത്യേക വിജ്ഞാപനത്തെപ്പറ്റി പറഞ്ഞത് നിരീക്ഷണം മാത്രമാണെന്ന് ജസ്റ്റിസ് എകെ ഗോയല്‍ അധ്യക്ഷനായ ബഞ്ച് പറഞ്ഞു. വിജ്ഞാപനം ഇറക്കേണ്ടത് മന്ത്രാലയത്തിന്റെ ചുമതലയാണ്. നടപടി എടുക്കാത്തത്തിന്റെ പേരില്‍ ഇടപെടാന്‍ ട്രിബ്യൂണലിന് അധികാരമില്ല.

നിലവിലെ കരട് വിജ്ഞാപനത്തിന്റെ കാലാവധി അടുത്തമാസമാണ് അവസാനിക്കുക. ഒഴിവാക്കുന്ന വില്ലേജുകളില്‍ നിന്ന് നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തില്‍ പരിസ്ഥിതി മന്ത്രാലയം ഇതുവരെയും അനുകൂല പ്രതികരണം അറിയിച്ചിട്ടില്ല.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top