×

പ്രണയനൈരാശ്യം: പെണ്‍കുട്ടിക്കു നേരേ ട്രെയിനില്‍ ആസിഡ്‌ ആക്രമണം

കൊട്ടാരക്കര: പ്രണയനൈരാശ്യത്തെ തുടര്‍ന്ന്‌ ടെയിന്‍ യാത്രയ്‌ക്കിടെ പെണ്‍കുട്ടിയെ കാമുകന്‍ സല്‍ഫ്യൂരിക്‌ ആസിഡ്‌ ഒഴിച്ച്‌ പൊള്ളലേല്‍പ്പിച്ചു. പുനലൂര്‍ മണിയാര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെയാണ്‌ ആക്രമിച്ചത്‌.
ആസിഡ്‌ തെറിച്ചുവീണു അടുത്തിരുന്ന യാത്രക്കാരനും പൊള്ളലേറ്റു. ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടിയെയും കൊല്ലം അഷ്‌ടമുടി മണലിക്കട വാഴക്കൂട്ടത്തില്‍ വീട്ടില്‍ അലോഷ്യസി(23)നെയും തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ടു പുനലൂര്‍ പ്ലാത്തറ കളീലുവിള വീട്ടില്‍ അരുണി(18)നെ കൊട്ടാരക്കര പോലീസ്‌ പിടികൂടി.
ഒരു സ്‌കൂളില്‍ നിന്നു മോഷ്‌ടിച്ചതായിരുന്നു ആസിഡ്‌. ആക്രമണത്തിനുശേഷം റെയില്‍വേ സ്‌റ്റേഷനില്‍ നിന്നു രക്ഷപ്പെട്ട അരുണിനെ കൊട്ടാരക്കര സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ബി.ഗോപകുമാര്‍ ,എസ്‌.ഐ: എസ്‌.അരുണ്‍, സിവില്‍ പോലീസ്‌ ഓഫീസര്‍ ആര്‍.അനൂപ്‌ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘമാണ്‌ കൊട്ടാരക്കര കച്ചേരി ജംഗ്‌ഷനിലുള്ള എ.ടി.എം കൗണ്ടറിന്‌ സമീപത്തു നിന്ന്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.
പ്ലസ്‌ ടു കഴിഞ്ഞ പെണ്‍കുട്ടി കൊല്ലത്ത്‌ ആര്‍മി റിക്രൂട്ടുമെന്റിനും പോലീസ്‌ സേനയിലേക്കുമുള്ള പരിശിലനത്തിനും പോവുകയായിരുന്നു.
ഇന്നലെ ഉച്ചകഴിഞ്ഞ്‌ 2.30ന്‌ ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചര്‍ ട്രെയിനിലായിരുന്നു സംഭവം. കൊല്ലത്തു നിന്നു പുനലൂരിലേക്ക്‌ വന്ന ട്രെയിനില്‍ വന്നതായിരുന്നു പെണ്‍കുട്ടി. കൊട്ടാരക്കര റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ ഇതേ ട്രെയിനില്‍ യാത്രചെയ്‌തിരുന്ന അരുണ്‍ പെണ്‍കുട്ടിയുടെ സമീപമെത്തി കുപ്പിയില്‍ കരുതിവച്ചിരുന്ന സള്‍ഫ്യൂരിക്ക്‌ ആസിഡ്‌ മുഖത്തേക്ക്‌ ഒഴിക്കുകയായിരുന്നു. മുഖത്തും ഇടതു കൈയിലും ദേഹത്തും പൊളളലേറ്റ പെണ്‍കുട്ടിയെയും അലോഷ്യസിനെയും യാത്രക്കാരും റെയില്‍വേ അധികൃതരും ചേര്‍ന്നു കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയുടെ ഇടതുവശത്ത്‌ 35 ശതമാനം പൊള്ളലേറ്റതായി ആശുപത്രി അധികൃതര്‍ വ്യക്‌തമാക്കി. ഗുരുതരമായതിനാല്‍ ഇവിടെ നിന്ന്‌ ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഇരുവരും പുനലൂര്‍ ഗവ.ഹൈസ്‌കൂളില്‍ പ്ലസ്‌ടുവിന്‌ ഒരുമിച്ചു പഠിച്ചിരുന്നു. അന്നു മുതല്‍ പ്രണയത്തിലായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ രണ്ടാഴ്‌ച മുമ്ബ്‌ പുനലൂര്‍ പോലീസില്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന്‌ പോലീസ്‌ ഇരുവരുടെയും ബന്ധുക്കളെ വിളിച്ചുവരുത്തി സംസാരിച്ചിരുന്നു. തുടര്‍ന്നു പെണ്‍കുട്ടി അരുണുമായുള്ള ബന്ധം ഉപേക്ഷിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top