×

രാജ്യസഭാ സീറ്റ് വിവാദം: എറണാകുളം ഡി.സി.സി ഓഫീസിനു മുന്നില്‍ ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലയ്ക്കും ശവപ്പെട്ടി, റീത്ത്‌..!!!

കൊച്ചി: കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസില്‍ പ്രതിഷേധം ആളിക്കത്തുകയാണ്. സംഭവത്തില്‍ പ്രതിഷേധിച്ച്‌ എറണാകുളം ഡിസിസി ഓഫീസിന് മുന്നില്‍ ശവപ്പെട്ടിയും റീത്തുവെച്ച്‌ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ഉമ്മന്‍ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടെയും പേരിലാണ് ശവപ്പെട്ടി. ഇരുവര്‍ക്കുമെതിരായി പോസ്റ്ററുകളും പതിച്ചിട്ടുണ്ട്.

കെ.എം മാണി രാജ്യസഭാ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച വെള്ളിയാഴ്ച രാത്രിയാണ് ശവപ്പെട്ടിയും ബോര്‍ഡുകളും സ്ഥാപിച്ചത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അഭിമാനത്തേക്കാള്‍ നിങ്ങള്‍ വില നല്‍കിയത് മാണിയുടെ വീട്ടിലെ കമ്മട്ടത്തിനോ, പ്രവര്‍ത്തകര്‍ രക്തസാക്ഷികള്‍ എന്നെഴുതിയ പോസ്റ്റര്‍. തൊട്ടടുത്ത് സ്ഥാപിച്ചിട്ടുണ്ട്.

മാണിക്ക് സീറ്റ് നല്‍കിയതില്‍ കടുത്ത പ്രതിഷേധമാണ് കോണ്‍ഗ്രസ് നേതാക്കളുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചതിക്കപ്പെട്ടു എന്നാണ് വിഎം. സുധീരന്‍ പ്രതികരിച്ചത്. ഈ അടവുനയത്തിന്റെ ഗുണഭോക്താക്കള്‍ ബിജെപി ആയിരിക്കും എന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി. കെഎം മാണി യുഡിഎഫിലേക്ക് തിരിച്ചുവരുന്നതില്‍ തനിക്ക് എതിര്‍പ്പൊന്നും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ, അതിന് സ്വീകരിച്ച രീതി വലിയ നാശത്തിലേക്ക് നയിക്കുന്നതാണ് എന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

എന്നാല്‍ കെപിസിസി എക്സിക്യൂട്ടീവ് വിളിച്ച്‌ എല്ലാ കാര്യങ്ങളും തീരുമാനിക്കാനാകില്ലെന്നാണ് ചെന്നിത്തല ഇതിന് മറുപടി നല്‍കിയത്. നേതൃത്വം മാത്രം കാര്യങ്ങള്‍, അറിഞ്ഞാല്‍ മതി. സുധീരന്‍ പ്രസിഡന്റായിരുന്നപ്പോഴും ഇതുപോലെ തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്. സീറ്റ് വേണമെന്ന കടുത്ത നിലപാട് കേരളാ കോണ്‍ഗ്രസ് എടുത്തുവെന്നും അദ്ദേഹം പറഞ്ഞു.

കേരള കോണ്‍ഗ്രസിന് സീറ്റ് നല്‍കിയത് യുഡിഎഫിനെ ശക്തിപ്പെടുത്താനാണെന്ന് ഉമ്മന്‍ചാണ്ടിയും അഭിപ്രായപ്പെട്ടു. യുഡിഎഫ് ഒറ്റക്കെട്ടായി തന്നെ മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്നണി ശാക്തീകരണം ലക്ഷ്യമിട്ടാണ് മാണിക്ക് സീറ്റ് നല്‍കിയത്. കാര്യങ്ങള്‍ മനസിലാക്കാത്തതിനാലാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്. ഈ രാജ്യസഭാ സീറ്റ് ഒരു കീഴ്വഴക്കമാകില്ല. ഒരു പ്രാവശ്യത്തേക്ക് മാത്രമുള്ള ധാരണയാണിതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top