×

കൊട്ടിയൂര്‍ വൈശാഖ മഹോത്സവം; നിപ്പ വൈറസ് ബാധയ്ക്ക് സാധ്യതയെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചരണം; ദേവസ്വം ബോര്‍ഡ് പരാതി നല്‍കി

കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിനിടെ നിപ്പ വൈറസ് ബാധയ്ക്ക് സാധ്യതയെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം. ഭക്തരുടെ തിക്കും തിരക്കും അനുഭവപ്പെടുന്ന കൊട്ടിയൂര്‍ അമ്പലത്തില്‍ ആളുകള്‍ ഒട്ടുമില്ല. ഉത്സവത്തിന് ജനം എത്താതായതോടെ കനത്ത നഷ്ടമാണ് ഇവിടുത്തെ കച്ചവടക്കാര്‍ നേരിടുന്നത്. അതേസമയം വ്യാജപ്രചാരണം നടത്തിയവര്‍ക്കെതിരെ കൊട്ടിയൂര്‍ ദേവസ്വം സൈബര്‍ സെല്ലിലും പൊലീസിലും പരാതി നല്‍കി.

ഓരോ വര്‍ഷവും ലക്ഷക്കണക്കിന് ഭക്തരാണ് കൊട്ടിയൂര്‍ മഹോത്സവത്തിനെത്തുന്നത്. 27 ദിവസങ്ങളില്‍ നടക്കുന്ന ഉത്സവത്തില്‍ ഇതര ജില്ലകളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുപോലും ജനം ഒഴുകിയെത്താറുണ്ട്. വര്‍ഷത്തിലൊരിക്കല്‍ കിട്ടുന്ന ഉത്സവ കച്ചവടമാണ് കൊട്ടിയൂര്‍ കേന്ദ്രീകരിച്ചുള്ള സാധാരണക്കാരന്റെ പ്രതീക്ഷ. എന്നാല്‍ നിപ്പാ വൈറസ് ബാധയ്ക്ക് സാധ്യതയുണ്ടെന്ന വ്യാപക പ്രചരണം വന്നതോടെ ജില്ലയ്ക്ക് അകത്തു നിന്ന് പെലും ആളുകള്‍ എത്താത്ത സാഹചര്യമാണ് ഇവിടെയുള്ളത്.

സോഷ്യല്‍ മീഡിയയിലെ വ്യാജ പ്രചാരണം കച്ചവടക്കാര്‍ക്ക് വലിയ തിരിച്ചടിയായി. 24 ലക്ഷം രൂപയാണ് ഉത്സവം കഴിയുന്നത് വരെ കച്ചവടക്കാര്‍ വാടകയായി നല്‍കേണ്ടത്. ഒരു ദിവസം ഒരു ലക്ഷത്തിന് മുകളിലാണ് കച്ചവടക്കാരുടെ ഇപ്പോഴത്തെ നഷ്ടമെന്ന് കച്ചവടക്കാര്‍ പറയുന്നു. ദേവസ്വത്തിലേക്കുളള വരുമാനം കൂടി ഇടിഞ്ഞതോടെ നഷ്ടം നികത്താന്‍ ആരെ സമീപിക്കണമെന്ന് ഇവര്‍ക്കറിയില്ല.

നിലവിലെ സാഹചര്യത്തില്‍ ലോണെടുത്ത  രൂപ പോലും തിരിച്ചടക്കാന്‍ കഴിയില്ല. പിടിച്ചു നില്‍ക്കാന്‍ കഴിയാതെ കച്ചവടക്കാരില്‍ പലരും ആത്മഹത്യയുടെ വക്കിലാണെന്നും കച്ചവടക്കാര്‍ പറഞ്ഞു.

അതേസമയം ദേവസ്വവും മെഡിക്കല്‍ ഡിപ്പാര്‍ട്ട്മെന്റും ചേര്‍ന്ന് ധാരാളം മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടെന്നും ആശങ്കയ്ക്കുള്ള ഒരു സാഹചര്യവും കൊട്ടിയൂരില്ലെന്ന് ദേവസ്വം പ്രതികരിച്ചു. ആരോഗ്യ വകുപ്പും പൊലീസും സന്നദ്ധസംഘടനപ്രവര്‍ത്തകരും കൊട്ടിയൂരില്‍ മുഴുവന്‍ സമയവും ഉണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top