×

സി.പി.ഐ കടുത്ത നിലപാടെടുത്തു, നെല്‍വയല്‍ സംരക്ഷണ നിയമത്തില്‍ ഇളവില്ല

തിരുവനന്തപുരം: സി.പി.ഐ കര്‍ശന നിലപാടെടുത്തതോടെ നെല്‍വയല്‍ സംരക്ഷണ നിയമത്തില്‍ ഇളവ് വരുത്തേണ്ടെന്ന് തീരുമാനിച്ചു. നിയമത്തിന്റെ അന്ത:സത്ത ചോരുന്ന തരത്തില്‍ ഒരു മാറ്റവും വരുത്താന്‍ പാടില്ലെന്ന് സി.പി.ഐ വ്യക്തമാക്കി. ഇതോടെയാണ് ഓര്‍ഡിനന്‍സായി കൊണ്ടുവന്ന മാറ്റങ്ങള്‍ക്കപ്പുറം ഒരു ഭേദഗതിയും വരുത്തേണ്ടതില്ലെന്ന് തീരുമാനമെടുത്തത്.

നെല്‍വയല്‍ തണ്ണീര്‍ തട സംരക്ഷണ നിയമം നിയമസഭയില്‍ ചര്‍ച്ച ചെയ്തപ്പോള്‍ നഗരമേഖലയില്‍ ഇളവു വരുത്തുന്നതുള്‍പ്പെടെയുള്ള ഭേദഗതികള്‍ കൊണ്ടുവരണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. കൊച്ചി, തിരുവനന്തപുരം നഗരങ്ങളില്‍ വികസനാവശ്യങ്ങള്‍ക്ക് ഈ ഇളവ് അത്യാവശ്യമാണെന്നും ചര്‍ച്ചകള്‍ ഉയര്‍ന്നു. നിയമത്തില്‍ വെള്ളം ചേര്‍ക്കാനുള്ള ഈ വിവാദ നീക്കമാണ് വേണ്ടെന്നു വെച്ചത്.

ബുധനാഴ്ച ഉച്ചക്ക് ഭേദഗതികള്‍ ചര്‍ച്ച ചെയ്യുന്നതിന് മുമ്ബ് രാഷ്ട്രീയ സമവായമുണ്ടാക്കാന്‍ സി.പി.എം, സി.പി.ഐ നേതാക്കള്‍ എ.കെ.ജി സെന്ററില്‍ ചര്‍ച്ച നടത്തിയിരുന്നു. നിയമത്തില്‍ വെള്ളം ചേര്‍ക്കാന്‍ സമ്മതിക്കില്ലെന്നും, നിയമത്തിന്റെ അന്ത:സത്ത ചോദ്യം ചെയ്യുന്ന ഒരു ഭേദഗതിക്കും സി.പി.ഐ പിന്തുണ നല്‍കില്ലെന്നും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, റവന്യൂ മന്ത്രി ഇ ചന്ദ്രേശേഖരന്‍, കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍ എന്നിവര്‍ പറഞ്ഞു.

ചര്‍ച്ചക്ക് ശേഷം നേരത്തേ ഓര്‍ഡിനന്‍സായി കൊണ്ടുവന്ന മാറ്റങ്ങള്‍ക്കപ്പുറം ഒരു മാറ്റവും ഭേദഗതിയില്‍ ഉണ്ടാകില്ലെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ പിന്നീട് അറിയിച്ചു.

നഗരങ്ങളില്‍ പൊതു ആവശ്യങ്ങള്‍ക്കായി വയല്‍ നികത്തുന്നതില്‍ സര്‍ക്കാരിന്റെ അനുമതി മാത്രം മതിയെന്ന തരത്തില്‍ നിയമം ഭേഗഗതി ചെയ്യാനായിരുന്നു നീക്കം. കര്‍ഷകനും പഞ്ചായത്തുമെല്ലാം പങ്കാളികളാകുന്ന നിയമത്തില്‍ വെള്ളം ചേര്‍ക്കാനാണ് ഈ നീക്കമെന്നായിരുന്നു വിമര്‍ശനം. ഈ ഭേദഗതിയാണ് വേണ്ടെന്ന് വച്ചത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top